ഓപ്പൻ ഡെക്കിൽ നഗരം ചുറ്റാം; കെഎസ്ആർടിസി സിറ്റി റൈഡ് സർവീസിന് തുടക്കം

കെഎസ്ആർടിസിയുടെ ‘ഓപ്പണ്‍ ഡെക്ക് ഡബിള്‍ ഡെക്കര്‍ ബസി’ന്റെ ‘സിറ്റി റൈഡ് സർവീസിന്’ തുടക്കമായി. തിരുവനന്തപുരം നഗരം സന്ദർശിക്കാൻ എത്തുന്ന വിനോദ സഞ്ചാരികള്‍ക്കായി മന്ത്രി പി.എ മുഹമ്മദ് റിയാസാണ് സർവീസിന് തുടക്കം കുറിച്ചത്. നഗര സൗന്ദര്യം ആസ്വദിക്കാനുള്ള മാതൃകാ സംരംഭമാണ് പദ്ധതിയെന്നും, ഡി.റ്റി.പി.സി വഴി വേണ്ട പ്രചരണം നൽകുമെന്നും ബസ് ഫ്ലാഗ് ഓഫ് ചെയ്ത മന്ത്രി റിയാസ് പറഞ്ഞു.
ലോക പൈതൃക ദിനത്തിൽ തന്നെ സർവീസ് തുടങ്ങിയതിൽ സന്തോഷമുണ്ടെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഗതാഗത മന്ത്രി ആന്റണി രാജു അഭിപ്രായപ്പെട്ടു. 31 വർഷം മുൻപാണ് കെഎസ്ആർടിസി ഡബിൽ ഡക്കൽ ബസ് പുറത്തിറക്കുന്നത്. അത്രയും പഴക്കമേറിയ സർവീസെന്ന പ്രത്യേകതയുമുണ്ട്. ഡേ ആൻഡ് നൈറ്റ് റൈഡിന്റെ ടിക്കറ്റ് ഒരുമിച്ച് എടുക്കുന്നവർക്ക് ഉദ്ഘാടന ഓഫറായി 400 രൂപയ്ക്ക് യാത്ര ചെയ്യാമെന്ന് മന്ത്രി പ്രഖ്യാപിച്ചു.
ശിശുക്ഷേമ സമിതിയിലെ 30 കുട്ടികളുമായാണ് ആദ്യ സർവീസ് നടത്തിയത്. സ്പോൺസർഷിപ്പോട് കൂടി കുറച്ച് സൗജന്യ സർവീസുകളും നടത്തുമെന്ന് സിഎംഡി അറിയിച്ചു. കുറഞ്ഞ കാലം കൊണ്ട് വിനോദ സഞ്ചാരികള്‍ക്കിടയില്‍ പ്രചാരം നേടിയ കെ.എസ്.ആര്‍.ടി.സി ബഡ്ജെറ്റ് ടൂര്‍സ് ആണ് സഞ്ചാരികള്‍ക്ക് ഈ സൗകര്യം ഒരുക്കുന്നത്. വൻ നഗരങ്ങളിലും വിദേശരാജ്യങ്ങളിലും ഉള്ളതുപോലെ ഇരുനില ബസിലെ മുകൾ ഭാഗത്തെ മേൽക്കൂര ഒഴിവാക്കിയ ഡബിൾ ഡെക്കർ ഓപ്പൺ ഡെക്ക് ബസ് കേരളത്തിൽ തന്നെ ആദ്യത്തേതാണ്.
തിരുവനന്തപുരം നഗരത്തിന്റെ സായാഹ്ന, രാത്രി കാഴ്ചകൾ കാണുന്നതിന് വിനോദ സഞ്ചാരികൾക്ക് സൗകര്യപ്രദമായ രീതിയിലാണ് ബസിനുള്ളിലെ സീറ്റുകൾ ക്രമീകരിച്ചിരിക്കുന്നത്. പത്മനാഭസ്വാമി ക്ഷേത്രം, സെക്രട്ടേറിയറ്റ്, നിയമസഭ, മ്യൂസിയം, കനകക്കുന്ന് കൊട്ടാരം, വെള്ളയമ്പലം, കോവളം, ലുലുമാൾ റൂട്ടിലാണ് രാത്രി സർവീസ് നടത്തുന്നത്. നിലവില്‍ വൈകുന്നേരം 5 മണി മുതല്‍ 10 മണിവരെ നീണ്ടു നില്‍ക്കുന്ന നൈറ്റ് സിറ്റി റൈഡും, രാവിലെ 9 മുതല്‍ 4 വരെ നീണ്ടു നില്‍ക്കുന്ന ഡേ സിറ്റി റൈഡുമാണ് നടത്തുന്നത്. ഈ രണ്ട് സർവീസിലും ടിക്കറ്റ് നിരക്ക് 250 രൂപയാണ്. പ്രാരംഭ ഓഫര്‍ എന്ന നിലയ്ക്ക് 200 രൂപയ്ക്ക് ടിക്കറ്റ് ലഭിക്കും.
Story Highlights: ksrtc city ride service launched
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here