പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി ശശിയുടെ നിയമനം; എതിര്‍പ്പറിയിച്ച് പി ജയരാജന്‍

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി ശശിയെ നിയമിച്ചതില്‍ പി ജയരാജന് എതിര്‍പ്പ്. എതിര്‍പ്പുണ്ടായിരുന്നെങ്കില്‍ നേരത്തെ അറിയിക്കണമെന്ന് പാര്‍ട്ടി പി ജയരാജന് മറുപടി നല്‍കി. എന്നാല്‍ സംസ്ഥാന കമ്മിറ്റിയില്‍ വരുമ്പോഴല്ലേ ചര്‍ച്ച ചെയ്യാന്‍ കഴിയൂ എന്ന് ജയരാജന്‍ ചോദിച്ചു.
പൊളിറ്റിക്കല്‍ സെക്രട്ടറി നിയമനത്തില്‍ സൂക്ഷ്മത പുലര്‍ത്തണമെന്നും ചെയ്ത തെറ്റ് ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നും പി ജയരാജന്‍ പറഞ്ഞു. ചുമതല വിഭജനത്തില്‍ സന്തുലനം പാലിച്ചില്ലെന്നും ജയരാജന്‍ വിമര്‍ശിച്ചു.
മുന്‍പ് ജില്ലാ സെക്രട്ടറിയായിരുന്ന പി ശശിയെ പാര്‍ട്ടിയില്‍ നിന്ന് നീക്കേണ്ട സാഹചര്യത്തിലെ പരാതിയടക്കം ഓര്‍മിപ്പിച്ചുകൊണ്ടാണ് പി ജയരാജന്റെ വാക്കുകള്‍. പി ശശിയുടെ നിയമനത്തില്‍ ഒരു തവണ കൂടി ആലോചിക്കണമെന്ന നിലപാടെടുത്തപ്പോഴാണ് കോടിയേരി ബാലകൃഷ്ണന്റെ ഇടപെടല്‍. എതിര്‍പ്പ് നേരത്തെ അറിയിക്കണമായിരുന്നു എന്നാണ് പാര്‍ട്ടിയുടെ നിലപാട്. നിയമനം ചര്‍ച്ച ചെയ്യുമ്പോഴല്ല എതിര്‍പ്പ് പറയേണ്ടതെന്നും കോടിയേരി വ്യക്തമാക്കി.
ഇ.കെ നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുമായിരുന്നു പി ശശി. 11 വര്‍ഷം സംസ്ഥാന സമിതിക്ക് പുറത്തുനിന്ന ശശിയെ കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിലാണ് തിരിച്ചെത്തിച്ചത്. സംസ്ഥാന സമിതിക്ക് താഴെയുള്ളവരെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയാക്കാറില്ല. ഇതിനാലാണ് ഔദ്യോഗിക പട്ടികയില്‍ ഉള്‍പ്പെടുത്തി ശശിയെ കമ്മിറ്റിയിലെത്തിച്ചത്.
Story Highlights: p jayarajan against the appointment of P Sasi as Political Secretary of cm
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here