Advertisement

കാറിനുള്ളില്‍ വടിവാള്‍ പിടികൂടിയ സംഭവം; സംഘമെത്തിയത് ആക്രമിക്കാനുള്ള ക്വട്ടേഷനുമായി

April 19, 2022
1 minute Read
sword found in car quotation group

തൃശൂര്‍ വെങ്ങിണിശേരിയില്‍ വാഹനത്തിനുള്ളില്‍ നിന്ന് വടിവാള്‍ പിടിച്ചെടുത്ത സംഭവത്തില്‍ ക്വട്ടേഷന്‍ ബന്ധം. ആക്രമിക്കാനുള്ള ക്വട്ടേഷനുമായാണ് സംഘം എത്തിയത്. ക്വട്ടേഷന്‍ നല്‍കിയ തൃശൂര്‍ സ്വദേശിയെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പ്രതികള്‍ക്കെതിരെ കോട്ടയം ജില്ലയില്‍ നിരവധി കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തില്‍ അഞ്ച് പേരാണ് പൊലീസ് പിടിയിലുള്ളത്. കോട്ടയം കേന്ദ്രീകരിച്ചുള്ള കഞ്ചാവ്, ക്വട്ടേഷന്‍ സംഘമാണ് പിടിയിലായത്. കോട്ടയം സ്വദേശികളായ ലിബിന്‍, ബിബിന്‍, നിക്കോളാസ് എന്നിവരുടെ പേരുകളാണ് പൊലീസ് പുറത്തുവിട്ടത്. പരിക്കേറ്റ രണ്ടുപേര്‍ ആശുപത്രിയിലാണ്. പൊലീസ് പ്രതികളെ ചോദ്യം ചെയ്തുവരികയാണ്.

മറ്റൊരു കാറില്‍ ഇവര്‍ രക്ഷപ്പെടുന്നതിനിടെ പൊലീസ് ജീപ്പ് കുറുകെയിട്ടാണ് സംഘത്തെ കുടുക്കിയത്. ജീപ്പും കാറും കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് രണ്ട് പൊലീസുദ്യോഗസ്ഥര്‍ക്കും രണ്ട് ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ക്കും പരിക്കേറ്റു.

രാവിലെ ഏഴ് മണിയോടെയാണ് വെങ്ങിണിശ്ശേരിയില്‍ കാറും ലോറിയും തമ്മില്‍ കൂട്ടിയിടിച്ചത്. കാര്‍ മുന്നോട്ടുപോകാന്‍ കഴിയാത്ത വിധം തകര്‍ന്നതിനെ തുടര്‍ന്ന് കാറിലുണ്ടായിരുന്ന നാല് പേരും മറ്റൊരു കാറില്‍ കയറി കടന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി പരിശോധന നടത്തി. കാറിന്റെ ഡിക്കിയില്‍ നിന്ന് വടിവാള്‍ കണ്ടെത്തിയതോടെയാണ് ഇവര്‍ രക്ഷപ്പെട്ട കാറിനെ കുറിച്ച് അന്വേഷണം തുടങ്ങിയത്. അഞ്ച് സംഘങ്ങളായി തിരിഞ്ഞായിരുന്നു പൊലീസ് അന്വേഷണം.

ഇതിനിടെ കാര്‍ ചെവ്വൂരില്‍ അമിത വേഗതയില്‍ പോകുന്നത് കണ്ട കാട്ടൂര്‍ പൊലീസ് സംഘം റോഡിന് കുറുകെ ജീപ്പിട്ടു. തുടര്‍ന്നുണ്ടായ കൂട്ടിയിടിയില്‍ കാറിന്റെയും ജീപ്പിന്റെയും മുന്‍ഭാഗം തകര്‍ന്നു. ജീപ്പിലുണ്ടായിരുന്ന അഞ്ചില്‍ മൂന്നുപേരെ പൊലീസ് പിടികൂടി. രണ്ട് പേര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ പിന്തുടര്‍ന്നും പൊലീസ് സംഘം പിടികൂടുകയായിരുന്നു. കോട്ടയത്തുനിന്നുള്ള കഞ്ചാവ്കടത്ത് ക്വട്ടേഷന്‍ സംഘമാണ് പിടിയിലായത്. ഇവര്‍ രക്ഷപ്പെട്ട കാറില്‍ നിന്ന് കഞ്ചാവും ആയുധങ്ങളും പിടിച്ചെടുത്തു.

Story Highlights: sword found in car quotation group

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top