ലോകകപ്പിനു മുൻപ് അർജന്റീനയും ബ്രസീലും ഏറ്റുമുട്ടുന്നു

ഖത്തർ ലോകകപ്പിനു മുൻപ് ബ്രസീലും അർജൻ്റീനയും തമ്മിൽ പരസ്പരം ഏറ്റുമുട്ടും. ജൂൺ 11ന് ഓസ്ട്രേലിയയിലെ മെൽബണിൽ വച്ചാണ് ലോക ഫുട്ബോളിലെ കരുത്തർ സൗഹൃദ മത്സരത്തിൽ പോരടിക്കുക. വിക്ടോറിയ സർക്കാർ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. മെസി, നെയ്മർ തുടങ്ങിയ വമ്പൻ താരങ്ങൾ ടീമുകൾക്കായി അണിനിരക്കുമോ എന്നതിൽ വ്യക്തതയില്ല.
നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം ഫിഫ റാങ്കിംഗിൽ ബ്രസീൽ ഒന്നാം സ്ഥാനത്ത് തിരികെയെത്തിയിരുന്നു. ദീർഘകാലമായി ഒന്നാം സ്ഥാനത്ത് തുടരുകയായിരുന്ന ബെൽജിയത്തെ മറികടന്നാണ് ബ്രസീൽ ഈ നേട്ടത്തിലെത്തിയത്.
തെക്കേ അമേരിക്കൻ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലെ തകർപ്പൻ പ്രകടനങ്ങളാണ് ബ്രസീലിന് ഒന്നാം സ്ഥാനം നേടിക്കൊടുത്തത്. യോഗ്യതാ ഘട്ടത്തിൽ ഏറ്റവും കൂടുതൽ പോയന്റ് നേടുന്ന ടീമെന്ന റെക്കോഡ് ബ്രസീൽ കഴിഞ്ഞ മത്സരത്തോടെ സ്വന്തമാക്കിയിരുന്നു. മത്സരത്തിൽ ബൊളീവിയയെ മടക്കമില്ലാത്ത 4 ഗോളുകൾക്ക് തുരത്തിയ കാനറിപ്പടയ്ക്ക് 17 കളിയിൽ 45 പോയിൻ്റുണ്ട്. 2002 ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജൻ്റീന നേടിയ 43 പോയിൻ്റാണ് ബ്രസീൽ പഴങ്കഥയാക്കിയത്.
ബെൽജിയമാണ് റാങ്കിംഗിൽ രണ്ടാം സ്ഥാനത്ത്. ഫ്രാൻസ് മൂന്നാമതും അർജന്റീന നാലാം സ്ഥാനത്തും ഉണ്ട്. ഇംഗ്ലണ്ട്, സ്പെയിൻ, പോർച്ചുഗൽ , മെക്സിക്കോ, നെതർലാൻഡ്സ് എന്നിവയാണ് ആദ്യ പത്ത് സ്ഥാനങ്ങളിൽ യഥാക്രമം ഉള്ള ടീമുകൾ.
Story Highlights: Brazil Argentina football match
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here