ഐപിഎൽ: പഞ്ചാബിന് ബാറ്റിംഗ് തകർച്ച; ഡൽഹിക്ക് 116 റൺസ് വിജയലക്ഷ്യം

ഐപിഎലിൽ പഞ്ചാബ് കിംഗ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറിൽ 115 റൺസെടുക്കുന്നതിനിടെ ഓൾഔട്ടായി. ഈ സീസണിലെ ഏറ്റവും കുറഞ്ഞ ടീം ടോട്ടലാണിത്. 32 റൺസെടുത്ത ജിതേഷ് ശർമ്മയാണ് പഞ്ചാബിൻ്റെ ടോപ്പ് സ്കോറർ. മായങ്ക് അഗർവാൾ 24 റൺസെടുത്തു. പഞ്ചാബ് നിരയിൽ വെറും 4 താരങ്ങൾക്കാണ് ഇരട്ടയക്കം കടക്കാനായത്. ഡൽഹിക്കായി പന്തെറിഞ്ഞവരെല്ലാം തിളങ്ങി.
മികച്ച തുടക്കമാണ് ധവാനും മായങ്കും ചേർന്ന് പഞ്ചാബിനു നൽകിയത്. 33 റൺസിൻ്റെ കൂട്ടുകെട്ടിനൊടുവിൽ ധവാൻ (9) മടങ്ങി. താരത്തെ ലളിത് യാദവിൻ്റെ പന്തിൽ ഋഷഭ് പന്ത് പിടികൂടി. ഇതോടെ ബാറ്റിംഗ് തകർച്ച ആരംഭിച്ചു. മുസ്തഫിസുർ റഹ്മാൻ എറിഞ്ഞ തൊട്ടടുത്ത ഓവറിൽ അഗർവാൾ പ്ലെയ്ഡ് ഓൺ ആയി. ലിയാം ലിവിങ്സ്റ്റണെ (2) അക്സർ പട്ടേലിൻ്റെ പന്തിൽ ഋഷഭ് പന്ത് സ്റ്റമ്പ് ചെയ്ത് പുറത്താക്കി. ജോണി ബെയർസ്റ്റോ (9) ഖലീൽ അഹ്മദിൻ്റെ പന്തിൽ മുസ്തഫിസുർ റഹ്മാൻ്റെ കൈകളിൽ അവസാനിച്ചു.
4 വിക്കറ്റ് നഷ്ടത്തിൽ 54 റൺസെന്ന നിലയിൽ പതറിയ പഞ്ചാബിനെ ജിതേഷ് ശർമ്മയുടെ ബാറ്റിംഗാണ് നാണക്കേടിൽ നിന്ന് രക്ഷിച്ചത്. ചില മികച്ച ഷോട്ടുകളുമായി കൗണ്ടർ അറ്റാക്ക് നടത്തിയ ജിതേഷ് അഞ്ചാം വിക്കറ്റിൽ ഷാരൂഖ് ഖാനെ കൂട്ടുപിടിച്ച് 29 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. ഒടുവിൽ അക്സർ പട്ടേലിൻ്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങിയാണ് പുറത്തായത്. കഗീസോ റബാഡ (2), നതാൻ എല്ലിസ് (0) എന്നിവരെ കുൽദീപ് യാദവ് ക്ലീൻ ബൗൾഡാക്കി. ഷാരൂഖ് ഖാൻ (12) ഖലീൽ അഹ്മദിൻ്റെ പന്തിൽ ഋഷഭ് പന്തിൻ്റെ കൈകളിൽ അവസാനിച്ചു. ഒരു ബൗണ്ടറിയും സിക്സറും സഹിതം സ്കോർ ഉയർത്താൻ ശ്രമിച്ച രാഹുൽ ചഹാർ (12) ലളിത് യാദവിൻ്റെ പന്തിൽ റോവ്‌മൻ പവലിനു ക്യാച്ച് സമ്മാനിച്ച് മടങ്ങി. ഇന്നിംഗ്സിലെ അവസാന പന്തിൽ അർഷ്ദീപ് സിംഗ് (9) റണ്ണൗട്ടായി.
Story Highlights: ipl punjab kings innings delhi capitals
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here