ജഹാംഗീര്‍പുരിയിലെ കെട്ടിടംപൊളിക്കല്‍: ബുള്‍ഡോസര്‍ തടഞ്ഞ് ബൃന്ദ കാരാട്ട്
ജഹാംഗീർപുരിയിൽ കെട്ടിടങ്ങൾ പൊളിക്കാനുള്ള ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ നീക്കം തടഞ്ഞ് സി.പി.ഐ. എം നേതാവ് ബൃന്ദ കാരാട്ട്. കെട്ടിടങ്ങള്‍ പൊളിക്കുന്നത് തടഞ്ഞ് സുപ്രിം കോടതി ഉത്തരവിട്ടിട്ടും കോര്‍പ്പറേഷന്‍ പൊളിക്കല്‍ നടപടിയുമായി മുന്നോട്ട് പോയതോടെയാണ് ബൃന്ദ കാരാട്ട് പ്രതിഷേധവുമായി രംഗത്തെത്തിയത്.
പൊളിക്കൽ നിർത്തി വെക്കാൻ സുപ്രിം കോടതി നിർദേശം നൽകിയിട്ടും കോപ്പി കയ്യിൽ കിട്ടിയില്ല എന്ന കാരണം പറഞ്ഞാണ് കെട്ടിടങ്ങൾ പൊളിക്കുന്നത് തുടർന്നത്. തുടർന്ന് ബൃന്ദ കാരാട്ട് ഉത്തരവിന്റെ പകർപ്പുമായി സ്ഥലത്ത് എത്തുകയായിരുന്നു.
കോടതിവിധിയുടെ നഗ്നമായ ലംഘനമാണ് നടത്തുന്നതെന്ന് പറഞ്ഞാണ് ബൃന്ദ കാരാട്ട് പൊലീസ് ഉദ്യോഗസ്ഥരോടും മുൻസിപ്പൽ അധികൃതരോടും പൊളിക്കൽ നിർത്താൻ ആവശ്യപ്പെട്ടത്. സമീപത്തെ മുസ്ലിം പള്ളി പൊളിക്കൽ ആയിരുന്നു കോർപറേഷന്റെ ലക്ഷ്യം.
അതേസമയം, കോടതി ഉത്തരവുണ്ടായിട്ടും പൊളിക്കല്‍ നടപടിയുമായി മുന്നോട്ടുപോയ കോര്‍പ്പറേഷന്‍ നടപടിയില്‍ സുപ്രീം കോടതി അതൃപ്തി രേഖപ്പെടുത്തി.
ഹനുമാന്‍ ജയന്തിയോട് അനുബന്ധിച്ച് വലിയ തോതിലുള്ള സംഘര്‍ഷമുണ്ടായ പ്രദേശമാണ് ഇത്. ഇവിടെയുള്ള അനധികൃതമായ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി.ജെ.പി ഭരിക്കുന്ന ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊളിച്ചുമാറ്റല്‍ നടപടി ആരംഭിച്ചത്. വന്‍ പോലീസ് സന്നാഹത്തെയാണ് ഇതിന്റെ ഭാഗമായി പ്രദേശത്ത് ഏര്‍പ്പെടുത്തിയിരുന്നത്. കേന്ദ്ര സേനയെയും വിന്യസിച്ചിരുന്നു.
Read Also : ജഹാംഗീര്‍പുരിയിലെ ഒഴിപ്പിക്കല്‍ നടപടി തടഞ്ഞു; തല്‍സ്ഥിതി തുടരാന്‍ സുപ്രിംകോടതി ഉത്തരവ്
ഒന്‍പത് ബുള്‍ഡോസറുകള്‍ അടക്കമുള്ള സംഘം പ്രദേശത്തെ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കിത്തുടങ്ങിയ ശേഷമാണ് സുപ്രിം കോടതിയുടെ ഉത്തരവ് വന്നത്. നിയമവും ഭരണഘടനയും ബി.ജെ.പി ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുകയാണെന്ന് ബൃന്ദ കാരാട്ട് ആരോപിച്ചു.
Story Highlights: Jahangirpuri: Brinda Karat calls demolition drive unconstitutional
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here