എൽ ക്ലാസിക്കോയിൽ ചെന്നൈയ്ക്ക് ജയം; ഏഴിൽ ഏഴും തോറ്റ് മുംബൈ

ഐപിഎലിൽ മുംബൈ ഇന്ത്യൻസിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സിന് ജയം. 3 വിക്കറ്റിനാണ് ചെന്നൈ ജയം കുറിച്ചത്. വിന്റേജ് ധോണി അവതരിച്ചപ്പോൾ ഇന്നിംഗ്സിലെ അവസാന പന്തിലായിരുന്നു ചെന്നൈയുടെ ജയം. ഇതോടെ മുംബൈ തുടർച്ചയായ 7 മത്സരങ്ങളിൽ പരാജയപ്പെട്ടു. 40 റൺസെടുത്ത അമ്പാട്ടി റായുഡുവാണ് ചെന്നൈയുടെ ടോപ്പ് സ്കോറർ. റോബിൻ ഉത്തപ്പ 30 റൺസെടുത്തു. മുംബൈക്കായി ഡാനിയൽ സാംസ് 4 വിക്കറ്റ് വീഴ്ത്തി.
മോശം തുടക്കമാണ് ചെന്നൈക്കും ലഭിച്ചത്. ഇന്നിംഗ്സിലെ ആദ്യ ഓവർ എറിഞ്ഞ ഡാനിയൽ സാംസ് ആദ്യ പന്തിൽ തന്നെ ഋതുരാജിനെ മടക്കി. താരത്തെ തിലക് വർമ പിടികൂടുകയായിരുന്നു. മൂന്നാം നമ്പറിലെത്തിയത് മിച്ചൽ സാൻ്റ്നറാണ്. ആദ്യ ഓവറിൽ തന്നെ രണ്ട് ബൗണ്ടറികൾ നേടിയെങ്കിലും സാൻ്റ്നറും വേഗം പുറത്തായി. 9 റൺസെടുത്ത സാൻ്റ്നറെ സാംസ് ഉനദ്കട്ടിൻ്റെ കൈകളിലെത്തിച്ചു.
മൂന്നാം വിക്കറ്റിൽ റോബിൻ ഉത്തപ്പയും അമ്പാട്ടി റായുഡുവും ചേർന്ന് ചെന്നൈയെ മത്സരത്തിലേക്ക് തിരികെയെത്തിച്ചു. 50 റൺസ് നീണ്ട ഈ കൂട്ടുകെട്ട് ജയദേവ് ഉനദ്കട്ട് ആണ് പൊളിച്ചത്. 30 റൺസെടുത്ത താരത്തെ ഡെവാൾഡ് ബ്രെവിസ് പിടികൂടുകയായിരുന്നു. ശിവം ദുബെ (13) സാംസിൻ്റെ മൂന്നാമത്തെ ഇരയായി മടങ്ങി. താരത്തെ ഇഷൻ കിഷൻ ഉജ്ജ്വലമായി കൈപ്പിടിയിലൊതുക്കി. ഒരുവശത്ത് ഒറ്റയാൾ പോരാട്ടം നടത്തിവന്ന അമ്പാട്ടി റായുഡുവും (40) ഒടുവിൽ മുട്ടുമടക്കി. റായുഡുവിനെ സാംസ് പൊള്ളാർഡിൻ്റെ കൈകളിലെത്തിച്ചു. ജഡേജയെ (3) റൈലി മെരെഡിത്ത് തിലക് വർമയുടെ കൈകളിലെത്തിച്ചു.
സ്ലോഗ് ഓവറുകളിൽ ഡ്വെയിൻ പ്രിട്ടോറിയസും ചേർന്ന കൂട്ടുകെട്ട് ചില ബൗണ്ടറി ഷോട്ടുകളുമായി ചെന്നൈയെ മുന്നോട്ടുനയിച്ചു. ഉനദ്കട്ട് എറിഞ്ഞ അവസാന ഓവറിൽ 17 റൺസായിരുന്നു ചെന്നൈയുടെ വിജയലക്ഷ്യം. ഉനദ്കട്ട് എറിഞ്ഞ ഓവറിലെ ആദ്യ പന്തിൽ തന്നെ പ്രിട്ടോറിയസ് (22) വിക്കറ്റിനു മുന്നിൽ കുരുങ്ങി. രണ്ടാം പന്തിൽ ബ്രാവോ സിംഗിൾ എടുത്തു. തുടർന്ന് നാല് പന്തുകളിൽ ധോണി കളി തീർത്തു. ധോണി (28) പുറത്താവാതെ നിന്നു.
Story Highlights:
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here