Advertisement

മുന്നണി വിപുലീകരണം: കൊമ്പുകോര്‍ത്ത് സിപിഐഎമ്മും സിപിഐയും; വ്യക്തിപരമായ അഭിപ്രായമെന്ന് പരസ്പരം പറഞ്ഞ് നേതാക്കള്‍

April 21, 2022
2 minutes Read

എല്‍ഡിഎഫിന്റെ മുന്നണി വിപുലീകരണം സൂചിപ്പിച്ച ഇ പി ജയരാജന്റെ പരാമര്‍ശത്തില്‍ പരസ്പരം കൊമ്പുകോര്‍ത്ത് സിപിഐഎം-സിപിഐ നേതാക്കള്‍. പ്രകടിപ്പിച്ചത് വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണെന്ന് പരസ്പരം പറയുകയാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും. മുന്നണി വിപുലീകരണം ചര്‍ച്ചയിലില്ലെന്നും ഇ പി ജയരാജന്‍ പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. എന്നാല്‍ ലീഗിനെ ഇടതുമുന്നണിയിലേക്ക് ആരും ക്ഷണിച്ചിട്ടില്ലെന്നും കാനം പ്രകടിപ്പിച്ചത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും ഇ പി ജയരാജന്‍ തിരിച്ചടിക്കുകയായിരുന്നു. (cpim and cpi on ldf expansion)

എല്‍ഡിഎഫ് വിപുലീകരണം പരിഗണനയിലില്ലെന്ന് കാനം രാജേന്ദ്രന്‍ ട്വന്റിഫോറിനോട് പറഞ്ഞു. മുസ്ലീം ലീഗ് നേതാക്കളെ പ്രശംസിച്ചുള്ള ഇ പി ജയരാജന്റെ പരാമര്‍ശത്തെ സിപിഐ തള്ളി. പി കെ കുഞ്ഞാലിക്കുട്ടിയെ ഇ പി ജയരാജന്‍ കിംഗ് മേക്കര്‍ എന്ന് വിശേഷിപ്പിച്ചിരുന്നു. ഇ പി ജയരാജന്‍ പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായം മാത്രമാണെന്ന് കാനം തിരിച്ചടിച്ചു.

ഇടതുപക്ഷ പാര്‍ട്ടികളുടെ ജനകീയ അടിത്തറ വിപുലപ്പെടുത്തുമെന്ന് ഇപി ജയരാജന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. വര്‍ഗീയത രാജ്യത്തെ ഐക്യം തകര്‍ക്കുന്നുവെന്നും വര്‍ഗീയതയെ പ്രതിരോധിക്കാന്‍ ഇടതുപക്ഷത്തിന് മാത്രമേ സാധിക്കൂവെന്നും ജയരാജന്‍ പറഞ്ഞു. കോണ്‍ഗ്രസിന് ഒന്നിനും കഴിവില്ലാതായതില്‍ മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള ഘടക കക്ഷികള്‍ക്ക് അതൃപ്തിയുള്ള പശ്ചാത്തലത്തില്‍ മുന്നണി പ്രവേശനത്തിന് അനുകൂലമായി ലീഗ് നിലപാടറിയിച്ചാല്‍ വിഷയം പരിശോധിക്കുമെന്നും ഇപി ജയരാജന്‍ വ്യക്തമാക്കി.

Read Also : ‘കെ.ജി.എഫ്’ എന്ന് കേട്ടിട്ടുണ്ടോ? റോക്കിയുടെ മണ്ണല്ല, ഇത് യഥാർത്ഥ കോലാർ ​സ്വർണ്ണഖനി

ഇടതുപക്ഷ ജനാധിപത്യമുന്നണി ഒരു മഹാപ്രസ്ഥാനമായി വളര്‍ന്നുവരുമെന്ന് ജയരാജന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇടതുപക്ഷത്തെ എതിര്‍ത്ത് ശക്തി സംഭരിക്കാന്‍ കഴിയുമെന്ന തെറ്റായ ധാരണയാണ് കേരളത്തിലെ യുഡിഎഫിനുള്ളത്. ഈ നിലപാടിനോട് യുഡിഎഫിന്റെ ഘടകകക്ഷികള്‍ക്ക് എതിര്‍പ്പുണ്ട്. ബിജെപി സര്‍ക്കാരിന്റെ ഭരണത്തില്‍ രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ ആശങ്കയിലാണ്. അത് പരിഹരിക്കാന്‍ ഇടതുപക്ഷം ശക്തിപ്പെടണം. ജനങ്ങളുടെ പ്രതീക്ഷ ഇടതുപക്ഷമാണ്. കോണ്‍ഗ്രസ് ദുര്‍ബലമായി കഴിഞ്ഞതായി ഘടകകക്ഷികള്‍ക്ക് ബോധ്യമുണ്ട്. കോണ്‍ഗ്രസിന്റെ പിന്നാലെ പോയി തങ്ങളും നശിക്കണോ എന്ന ചിന്ത ആര്‍എസ്പിയും ലീഗും അടക്കമുള്ള പാര്‍ട്ടികള്‍ക്കുണ്ടായിട്ടുണ്ട്. മാണി സി കാപ്പനും അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നിലനില്‍ക്കുന്നത് തന്നെ ലീഗ് ഉള്ളതുകൊണ്ടാണെന്ന ചിന്ത ലീഗിനുണ്ടായിട്ടുണ്ട്. അതിനാല്‍ ലീഗ് നിലപാടറിയിച്ചാല്‍ വിഷയം എല്‍ഡിഎഫ് ചര്‍ച്ച ചെയ്യുമെന്ന് ഇപി ജയരാജന്‍ വ്യക്തമാക്കി.

Story Highlights: cpim and cpi on ldf expansion

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top