(വീണ്ടും) നിരാശപ്പെടുത്തി മുംബൈ ഇന്ത്യൻസ്; ചെന്നൈക്ക് 156 റൺസ് വിജയലക്ഷ്യം

ഐപിഎലിൽ മുംബൈ ഇന്ത്യൻസിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സിന് 156 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 155 റൺസ് നേടി. 51 റൺസെടുത്ത് പുറത്താവാതെ നിന്ന തിലക് വർമയാണ് മുംബൈയുടെ ടോപ്പ് സ്കോറർ. സൂര്യകുമാർ യാദവ് 32 റൺസെടുത്ത് പുറത്തായി. ചെന്നൈക്കായി മുകേഷ് ചൗധരി മൂന്നും ഡ്വെയിൻ ബ്രാവോ രണ്ടും വിക്കറ്റ് വീതം വീഴ്ത്തി. നാല് തവണ മുംബൈ ബാറ്റർമാരെ നിലത്തിട്ട ചെന്നൈ ഫീൽഡർമാർ നിരാശപ്പെടുത്തി.
ഓപ്പണർമാർ രണ്ട് പേരും മുകേഷ് ചൗധരി എറിഞ്ഞ ആദ്യ ഓവറിൽ തന്നെ റണ്ണൊന്നുമെടുക്കാതെ പുറത്തായി. രോഹിതിനെ മിച്ചൽ സാൻ്റ്നർ പിടികൂടിയപ്പോൾ കിഷൻ കുറ്റി തെറിച്ച് മടങ്ങി. ഡെവാൾഡ് ബ്രെവിസ് (4) മുകേഷ് ചൗധരിയുടെ മൂന്നാം ഇരയായി. യുവതാരത്തെ ധോണി പിടികൂടുകയായിരുന്നു.
നാലാം നമ്പറിലെത്തിയ സൂര്യകുമാർ യാദവ് നേരിട്ട ആദ്യ പന്തിൽ തന്നെ ബൗണ്ടറി നേടി പോസിറ്റീവായാണ് ആരംഭിച്ചത്. അഞ്ചാം നമ്പറിൽ തിലക് വർമയെ കൂട്ടുപിടിച്ച് സൂര്യ ഇന്നിംഗ്സ് കെട്ടിപ്പടുക്കാൻ ശ്രമിച്ചു. എന്നാൽ, 21 പന്തുകളിൽ 32 റൺസെടുത്ത സൂര്യയെ മിച്ചൽ സാൻ്റ്നർ മുകേഷ് ചൗധരിയുടെ കൈകളിലെത്തിച്ചു. ഇതോടെ മുംബൈ 7.3 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 47 റൺസ് എന്ന നിലയിലേക്ക് വീണു.
ആറാം നമ്പറിൽ ക്രീസിലെത്തിയ ഹൃതിക് ഷൊകീൻ തിലക് വർമയ്ക്കൊപ്പം ചേർന്ന് മുംബൈയെ കരകയറ്റി. സാവധാനം തുടങ്ങിയ സഖ്യം പിന്നീട് ചില ബൗണ്ടറികളുമായി സ്കോർ ഉയർത്താൻ തുടങ്ങി. 38 റൺസ് നീണ്ട കൂട്ടുകെട്ടിനു ശേഷം ഷൊകീൻ (25) മടങ്ങി. യുവതാരത്തെ ഡ്വെയിൻ ബ്രാവോ റോബിൻ ഉത്തപ്പയുടെ കൈകളിലെത്തിച്ചു. കീറോൺ പൊള്ളാർഡ് (14) പ്രതീക്ഷ നൽകിയെങ്കിലും വിൻഡീസ് താരത്തെ മഹീഷ് തീക്ഷണ ശിവം ദുബെയുടെ കൈകളിലെത്തിച്ചു. ഡാനിയൽ സാംസ് (5) ബ്രാവോയുടെ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങി. ഇതിനിടെ പൊരുതിക്കളിച്ച തിലക് വർമ 42 പന്തുകളിൽ ഫിഫ്റ്റി തികച്ചു. ഡ്വെയിൻ ബ്രാവോ എറിഞ്ഞ അവസാന ഓവറിൽ ചില കൂറ്റൻ ഷോട്ടുകൾ കളിച്ച ജയദേവ് ഉനദ്കട്ട് ആണ് മുംബൈയെ 150 കടത്തിയത്. തിലകും (51), ഉനദ്കട്ടും (19) പുറത്താവാതെ നിന്നു.
Story Highlights: mumbai indians innings chennai super kings ipl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here