ഹാരി മഗ്വയർക്കെതിരെ ബോംബ് ഭീഷണി

മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ ഹാരി മഗ്വയർക്കെതിരെ ബോംബ് ഭീഷണി സന്ദേശം. നോർത്തേൺ ഇംഗ്ലണ്ടിലെ താരത്തിൻ്റെ വീട്ടിൽ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. പ്രതിശ്രുത വധു ഫേൺ ഹോക്കിൻസും ദമ്പതികളുടെ രണ്ട് മക്കളുമാണ് ഈ വീട്ടിൽ ആ സമയത്ത് ഉണ്ടായിരുന്നത്. വീട്ടിൽ പൊലീസ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നടത്തുന്ന മോശം പ്രകടനങ്ങളിൽ മഗ്വയർക്കെതിരെ വിമർശനം ശക്തമാണ്. കഴിഞ്ഞ ദിവസം യുണൈറ്റഡ് ലിവർപൂളിനെതിരെ എതിരില്ലാത്ത 4 ഗോളുകൾക്ക് പരാജയപ്പെട്ടിരുന്നു.
അതേസമയം, മാഞ്ചസ്റ്റർ യുനൈറ്റഡിനെ പരിശീലിപ്പിക്കാൻ ഡച്ച് കോച്ച് എറിക് ടെൻ ഹാഗ് എത്തി. ടെൻ ഹാഗ് പുതിയ പരിശീലകനായി ചുമതലയേറ്റ വിവരം ക്ലബ് തന്നെ ഔദ്യോഗികമായി അറിയിച്ചു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ടെൻ ഹാഗ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരിശീലിപ്പിക്കാൻ എത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. 2017 മുതൽ ഡച്ച് ക്ലബ് അയാക്സിൻ്റെ പരിശീലകനായിരുന്നു ടെൻ ഹാഗ്.
അടുത്ത സീസൺ മുതലാവും ഡച്ച് പരിശീലകൻ മാഞ്ചസ്റ്ററിനെ പരിശീലിപ്പിക്കുക. മൂന്ന് വർഷത്തേക്കാണ് ടെൻ ഹാഗ് കരാർ ഒപ്പിട്ടിരിക്കുന്നത്. ടെൻ ഹാഗിനൊപ്പം അയാക്‌സിന്റെ സഹ പരിശീലകൻ മിച്ചൽ വാൻ ഡെർ ഗാഗും യുണൈറ്റഡിലേക്കെത്തും. നിലവിലെ താത്കാലിക പരിശീലകൻ റാൽഫ് റാഗ്നിക്കിന്റെ കരാർ ഈ സീസണിൽ അവസാനിക്കും. അദ്ദേഹം കൺസൾട്ടിങ് റോളിലേക്ക് മാറുമെന്നാണ് വിവരം.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മോശം പ്രകടനങ്ങളാണ് യുണൈറ്റഡ് നടത്തിക്കൊണ്ടിരിക്കുന്നത്. ഒലെ ഗണ്ണർ സോൾക്ഷ്യാറിനു കീഴിൽ നിരാശപ്പെടുത്തിയ യുണൈറ്റഡിനെ പരിശീലിപ്പിക്കാൻ റാഗ്നിക്ക് എത്തിയെങ്കിലും പ്രകടനത്തിൽ പുരോഗതിയുണ്ടായില്ല. സീസണിൽ 54 പോയിൻ്റുള്ള യുണൈറ്റഡ് പട്ടികയിൽ ആറാം സ്ഥാനത്താണ്.
Story Highlights: bomb threat harry maguire
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here