Advertisement

കാലിത്തീറ്റ കുംഭകോണം; ലാലു പ്രസാദ് യാദവിന് ജാമ്യം

April 22, 2022
Google News 1 minute Read

കാലിത്തീറ്റ കുംഭകോണക്കേസില്‍ രാഷ്ട്രീയ ജനതാദള്‍ തലവന്‍ ലാലു പ്രസാദ് യാദവിന് ജാമ്യം. ഡൊറന്‍ഡ ട്രഷറിയുമായി ബന്ധപ്പെട്ട കേസിലാണ് ഝാര്‍ഖണ്ഡ് ഹൈക്കോടതി വിധി. കാലിത്തീറ്റ കുംഭകോണത്തില്‍ ലാലുവിനെതിരായ അഞ്ചാമത്തെയും അവസാനത്തേതുമായ കേസാണിത്. ഡൊറന്‍ഡ ട്രഷറിയില്‍നിന്ന് 139.5 കോടി രൂപ നിയമവിരുദ്ധമായ രീതിയില്‍ പിന്‍വലിച്ചെന്നാണ് ലാലുവിനെതിരായ കേസ്. കഴിഞ്ഞ ഫെബ്രുവരി 22ന് ലാലുവിന് റാഞ്ചിയിലെ പ്രത്യേക സി.ബി.ഐ കോടതി അഞ്ചുവര്‍ഷം തടവും 60 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. അഞ്ച് വര്‍ഷ തടവിന്റെ പകുതി കാലാവധി പൂര്‍ത്തിയാക്കിയതും ആരോഗ്യപ്രശ്‌നങ്ങളും പരിഗണിച്ചാണ് 73കാരനായ ലാലുവിന് ജാമ്യം അനുവദിച്ചത്.

എഴുപതുകളിലെ സോഷ്യലിസ്റ്റ് കൊടുങ്കാറ്റില്‍ നിന്ന് രാഷ്ട്രീയ ജീവിതം കരുപ്പിടിപ്പിച്ച ലാലു ഭരണത്തിലിരിക്കുമ്പോഴും അല്ലാത്തപ്പോഴുമെല്ലാം സൂപ്പര്‍ താരമായിരുന്നു. ബിഹാര്‍ മുഖ്യമന്ത്രി, കേന്ദ്രമന്ത്രി, പാര്‍ലമെന്റംഗം തുടങ്ങി അധികാര രാഷ്ട്രീയത്തിന്റെ അകത്തളങ്ങളിലും ആള്‍ക്കൂട്ടത്തിന്റെ മധ്യത്തിലും ഒരേപോലെ തിളങ്ങിനിന്ന ലാലു ഇന്ത്യന്‍ രാഷ്ട്രീയ ഭൂചലനങ്ങളുടേയും പ്രഭവ കേന്ദ്രമായി. എന്നാല്‍ കാലിത്തീറ്റ കുഭകോണം ലാലുവിനും ആര്‍ജെഡിക്കും സൃഷ്ടിച്ച പ്രതിസന്ധി ചെറുതല്ല.

ലാലു പ്രസാദ് യാദവ് ബിഹാര്‍ മുഖ്യമന്ത്രിയായിരിക്കെ 1990ല്‍ കാലിത്തീറ്റ വാങ്ങാനുള്ള കരാറിന്റെ മറവില്‍ സര്‍ക്കാര്‍ ഫണ്ട് വകമാറ്റി ചെലവഴിച്ചെന്ന കേസാണ് കാലിത്തീറ്റ കുംഭകോണം. സര്‍ക്കാര്‍ ട്രഷറികളില്‍നിന്ന് പൊതുപണം അന്യായമായി പിന്‍വലിച്ചതുമായി ബന്ധപ്പെട്ടാണ് കേസ്. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട അഞ്ച് കേസുകളില്‍ ലാലുപ്രസാദ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. അഴിമതിയുടെ മുഖ്യ ആസൂത്രകന്‍ ലാലുപ്രസാദ് യാദവാണെന്നായിരുന്നു കണ്ടെത്തല്‍. തെളിവുകളുടെ അഭാവത്തില്‍ കേസില്‍ പ്രതികളായ 6 സ്ത്രീകള്‍ ഉള്‍പ്പെടെ 24 പേരെ കോടതി കുറ്റവിമുക്തരാക്കി. ആദ്യ നാല് കേസുകളില്‍ തടവു ശിക്ഷ വിധിക്കപ്പെട്ട ലാലുവിന് നേരത്തേ ജാമ്യം ലഭിച്ചിരുന്നു. 2017 ഡിസംബര്‍ മുതല്‍ മൂന്നര വര്‍ഷത്തിലേറെ ജയില്‍വാസം അനുഭവിച്ച ശേഷമാണ് ലാലുവിന് നാല് കേസുകളില്‍ ജാമ്യം അനുവദിച്ചത്.

1996ല്‍ ഒരു മൃഗാരോഗ്യ കേന്ദ്രത്തില്‍ നടന്ന റെയ്ഡിലാണ് കുംഭകോണം പുറത്തുവന്നത്. മൊത്തം 950 കോടിയുടെ തട്ടിപ്പാണ് നടന്നത്. ഏറ്റവുമൊടുവിലത്തെയും അഞ്ചാമത്തെയും കേസിലാണ് ഇപ്പോള്‍ കോടതി ലാലുവിന് ജാമ്യം അനുവദിച്ചത്. ആദ്യ കേസുകളില്‍ ജയില്‍ശിക്ഷ അനുഭവിച്ചിരുന്ന ലാലു ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് നിലവില്‍ ജാമ്യത്തിലാണ്. ഇപ്പോള്‍ ജാമ്യം അനുവദിച്ച കേസിലും ഒരു ലക്ഷം രൂപ ജാമ്യത്തുകയും പിഴയായി 10 ലക്ഷവും കെട്ടിവെക്കണം. ഹൈക്കോടതി തീരുമാനം ചൊവ്വാഴ്ച കീഴ്‌ക്കോടതിയിലേക്ക് എത്തും. ജാമ്യത്തുകയും പിഴയും കെട്ടിവെച്ച ശേഷം ബിഹാറിന്റെ പൊളിറ്റിക്കല്‍ കിങ് മേക്കര്‍ക്ക് ഇനി പുറത്തിറങ്ങാം.

Story Highlights: Fodder scam; Lalu Prasad Yadav released on bail

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here