മരിയുപോളിൽ നിന്ന് മുഴുവൻ ആളുകളെയും ഒഴിപ്പിക്കണമെന്ന് മേയർ

റഷ്യ നിയന്ത്രണത്തിലാക്കിയ മരിയുപോളിൽ നിന്ന് മുഴുവൻ ആളുകളെയും ഒഴിപ്പിക്കണമെന്ന് മേയർ. മരിയുപോളിൽ 100,000ഓളം ആളുകൾ ഇപ്പോഴും ഉണ്ടെന്നും അവരെ ഒഴിപ്പിക്കുകയാണ് ആദ്യം വേണ്ടതെന്നും മേയർ വാദിം ബോയ്ചെങ്കോ പറഞ്ഞു. ഇന്നലെയാണ് മരിയുപോൾ പിടിച്ചടക്കിയതായി റഷ്യ അറിയിച്ചത്. ഇക്കാര്യം യുക്രൈൻ പ്രസിഡൻ്റ് വ്ലാദിമിർ സെലൻസ്കി സ്ഥിരീകരിച്ചിരുന്നു.
മരിയുപോളിനെ സ്വതന്ത്രമാക്കിയതു റഷ്യൻ സൈന്യത്തിന്റെ വിജയമാണെന്ന് പുട്ടിൻ പ്രഖ്യാപിച്ചിരുന്നു. റഷ്യൻ സൈനികർ പ്ലാന്റിലേക്കു കടക്കേണ്ടതില്ലെന്നു പുട്ടിൻ പറഞ്ഞു. ഈ വ്യവസായ മേഖല അടച്ചുപൂട്ടണം. അവിടെനിന്ന് ഒരു ഈച്ച പോലും രക്ഷപെടരുതെന്നും പുട്ടിൻ ആവശ്യപ്പെട്ടു.
നഗരം പിടിച്ചതായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്‌റോവിയാണ് പ്രസിഡന്റിനെ അറിയിച്ചത്. വമ്പൻ പ്ലാന്റിന്റെ അകത്ത് ഇനി വെറും 2000 യുക്രൈൻ സൈനികർ മാത്രമാണുള്ളത്. യുക്രൈൻ പ്രതിരോധത്തിന്റെ അവസാന ഭാഗമാണിതെന്നും റഷ്യൻ മന്ത്രി പറഞ്ഞു. നേരത്തേ യുക്രൈനിൽ നിന്ന് റഷ്യ പിടിച്ചെടുത്ത ക്രൈമിയയിലേക്കും കിഴക്കൻ യുക്രൈനിലെ റഷ്യൻ അനുകൂലികളുടെ നിയന്ത്രണത്തിലുള്ള മേഖലകളിലേക്കും മരിയുപോൾ വഴി റഷ്യയ്ക്ക് ബന്ധപ്പെടാൻ സാധിക്കും. ഒരു മാസത്തിലേറെയായി മരിയുപോളിൽ തുടരുന്ന റഷ്യൻ ആക്രമണത്തിൽ ആയിരക്കണക്കിനു പേർ കൊല്ലപ്പെട്ടെന്നാണു വിവരം.
ഇതിനിടെ, റഷ്യയുമായി ബന്ധമുള്ള കപ്പലുകൾക്ക് തുറമുഖങ്ങളിൽ വിലക്ക് ഉൾപ്പെടെ ഉപരോധം കടുപ്പിക്കാൻ യുഎസ് തീരുമാനിച്ചു. ബ്രിട്ടനും റഷ്യയിൽ നിന്നുള്ള ഇറക്കുമതി നിരോധന പട്ടിക വിപുലപ്പെടുത്തി. യുക്രൈനിന് അടിയന്തര സഹായമായി 50 കോടി ഡോളർ കൂടി നൽകുമെന്ന് യുഎസ് പ്രഖ്യാപിച്ചു. 80 കോടി ഡോളറിന്റെ സൈനിക സഹായവും നൽകും. കൂടുതൽ ആയുധങ്ങളും യുദ്ധോപകരണങ്ങളും നൽകാൻ ഡെന്മാർക്കും മറ്റ് യൂറോപ്യൻ രാജ്യങ്ങളും തീരുമാനിച്ചു. മരിയുപോളിലെ 4 ലക്ഷത്തോളം ജനങ്ങളിൽ ഒട്ടേറെപ്പേർ നഗരം വിട്ടു.
Story Highlights: Mariupol Mayor Full Evacuation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here