‘യുഡിഎഫിലെ കക്ഷികള്‍ അസംതൃപ്തര്‍’; മുസ്ലീം ലീഗിനെ തള്ളാതെ എന്‍സിപി

മുന്നണി വിപുലീകരണ വിഷയത്തില്‍ സിപിഐഎമ്മിലും സിപിഐയിലും അഭിപ്രായ ഭിന്നത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ മുസ്ലീം ലീഗിനെ ഉള്‍പ്പെടെ തള്ളാതെ പ്രതികരണവുമായി എന്‍സിപി. യുഡിഎഫിലെ കക്ഷികള്‍ അസംതൃപ്തരെന്നും ബദല്‍ തേടുകയാണെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. പല പാര്‍ട്ടികളും ജനവിഭാഗങ്ങളും ശ്വാസംമുട്ടിയാണ് യുഡിഎഫില്‍ നില്‍ക്കുന്നത്. മുന്നണി വിപുലീകരണം എന്നതിലൂടെ ഇടതുപക്ഷത്തിന്റെ ജനകീയ അടിത്തറ ശക്തിപ്പെടുത്തുക എന്നാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഉദ്ദേശിച്ചത്. ലീഗിനെ ക്ഷണിച്ചിട്ടില്ലെന്നാണ് കണ്‍വീനര്‍ പറഞ്ഞത്. യുഡിഎഫില്‍ നില്‍ക്കാന്‍ ഇപ്പോള്‍ കോണ്‍ഗ്രസുകാര്‍ പോലും കഷ്ടപ്പെടുകയാണെന്നും മന്ത്രി പറഞ്ഞു. (ncp on ldf expansion)
എല്‍ഡിഎഫ് വിപുലീകരണം പരിഗണനയിലില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞിരുന്നു. മുസ്ലീം ലീഗ് നേതാക്കളെ പ്രശംസിച്ചുള്ള ഇ പി ജയരാജന്റെ പരാമര്‍ശത്തെ സിപിഐ തള്ളിയിരുന്നു. പി കെ കുഞ്ഞാലിക്കുട്ടിയെ ഇ പി ജയരാജന്‍ കിംഗ് മേക്കര്‍ എന്ന് വിശേഷിപ്പിച്ചിരുന്നു. ഇ പി ജയരാജന്‍ പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായം മാത്രമാണെന്ന് കാനം തിരിച്ചടിക്കുകയായിരുന്നു.
ഇടതുപക്ഷ പാര്‍ട്ടികളുടെ ജനകീയ അടിത്തറ വിപുലപ്പെടുത്തുമെന്ന് ഇപി ജയരാജന്‍ വ്യക്തമാക്കിയിരുന്നു. വര്‍ഗീയത രാജ്യത്തെ ഐക്യം തകര്‍ക്കുന്നുവെന്നും വര്‍ഗീയതയെ പ്രതിരോധിക്കാന്‍ ഇടതുപക്ഷത്തിന് മാത്രമേ സാധിക്കൂവെന്നും ജയരാജന്‍ പറഞ്ഞു. കോണ്‍ഗ്രസിന് ഒന്നിനും കഴിവില്ലാതായതില്‍ മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള ഘടക കക്ഷികള്‍ക്ക് അതൃപ്തിയുള്ള പശ്ചാത്തലത്തില്‍ മുന്നണി പ്രവേശനത്തിന് അനുകൂലമായി ലീഗ് നിലപാടറിയിച്ചാല്‍ വിഷയം പരിശോധിക്കുമെന്നും ഇപി ജയരാജന്‍ വ്യക്തമാക്കി.
ഇടതുപക്ഷ ജനാധിപത്യമുന്നണി ഒരു മഹാപ്രസ്ഥാനമായി വളര്‍ന്നുവരുമെന്ന് ജയരാജന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇടതുപക്ഷത്തെ എതിര്‍ത്ത് ശക്തി സംഭരിക്കാന്‍ കഴിയുമെന്ന തെറ്റായ ധാരണയാണ് കേരളത്തിലെ യുഡിഎഫിനുള്ളത്. ഈ നിലപാടിനോട് യുഡിഎഫിന്റെ ഘടകകക്ഷികള്‍ക്ക് എതിര്‍പ്പുണ്ട്. ബിജെപി സര്‍ക്കാരിന്റെ ഭരണത്തില്‍ രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ ആശങ്കയിലാണ്. അത് പരിഹരിക്കാന്‍ ഇടതുപക്ഷം ശക്തിപ്പെടണം. ജനങ്ങളുടെ പ്രതീക്ഷ ഇടതുപക്ഷമാണ്. കോണ്‍ഗ്രസ് ദുര്‍ബലമായി കഴിഞ്ഞതായി ഘടകകക്ഷികള്‍ക്ക് ബോധ്യമുണ്ട്. കോണ്‍ഗ്രസിന്റെ പിന്നാലെ പോയി തങ്ങളും നശിക്കണോ എന്ന ചിന്ത ആര്‍എസ്പിയും ലീഗും അടക്കമുള്ള പാര്‍ട്ടികള്‍ക്കുണ്ടായിട്ടുണ്ട്. മാണി സി കാപ്പനും അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നിലനില്‍ക്കുന്നത് തന്നെ ലീഗ് ഉള്ളതുകൊണ്ടാണെന്ന ചിന്ത ലീഗിനുണ്ടായിട്ടുണ്ട്. അതിനാല്‍ ലീഗ് നിലപാടറിയിച്ചാല്‍ വിഷയം എല്‍ഡിഎഫ് ചര്‍ച്ച ചെയ്യുമെന്ന് ഇപി ജയരാജന്‍ വ്യക്തമാക്കി.
Story Highlights: ncp on ldf expansion
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here