കേരളത്തിന് സന്തോഷ് ട്രോഫിയില്‍ ഇന്ന് ‘അഗ്നിപരീക്ഷ’

സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ സെമി ഫൈനല്‍ യോഗ്യതക്കായി കേരളം ഇന്ന് ഇറങ്ങും. വൈകീട്ട് 8.00 മണിക്ക് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ കരുത്തരായ പഞ്ചാബാണ് കേരളത്തിന്റെ എതിരാളി. മേഘാലയക്കെതിരായുള്ള മത്സരത്തിലേറ്റ അപ്രതിക്ഷിത സമനില കേരളത്തിന്റെ സെമി പ്രവേശനത്തിന് വെല്ലുവിളിയായിട്ടുണ്ട്. പഞ്ചാബിന് എതിരെയുള്ള മത്സരത്തില്‍ വിജയം നേടി സെമി യോഗ്യത ഉറപ്പിക്കാനാകും കേരളം ശ്രമിക്കുക ( Kerala today in Santosh Trophy ).
കഴിഞ്ഞ മത്സരങ്ങളില്‍ രണ്ടാം പകുതിയില്‍ പകരക്കാരായി എത്തി മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ജെസിനും നൗഫലിനും പരീശീലകന്‍ ആദ്യ ഇലവനില്‍ സ്ഥാനം നല്‍കിയേക്കും. കേരള പ്രീമിയര്‍ ലീഗില്‍ മിന്നും ഫോമിലായിരുന്ന വിഗ്‌നേഷിന് സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് മത്സരത്തില്‍ താളം കണ്ടെത്താനാകാത്തത് കേരളാ ടീമിന് ചെറിയ തലവേദനയൊന്നുമല്ല സൃഷ്ടിക്കുന്നത്. മേഘാലയക്കെതിരെയുള്ള മത്സരത്തില്‍ ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ച സ്ട്രൈക്കര്‍ സഫ്‌നാദ് ഗോള്‍ നേടിയത് ടീമിന് ഗുണംചെയ്യും. ക്യാപ്ടന്‍ ജിജോ ജോസഫും, അര്‍ജുന്‍ ജയരാജും, മുഹമ്മദ് റാഷിദും നയിക്കുന്ന മധ്യനിര പഞ്ചാബിനെതിരെയും തുടരും.
Read Also : സില്‍വര്‍ലൈന്‍ സര്‍വേ നടത്തിയ ഭൂമി വില്‍ക്കാം, വായ്പയെടുക്കാം; അഡിഷനല്‍ ചീഫ് സെക്രട്ടറിയുടെ കത്ത്
മത്സരത്തില്‍ കേരളത്തിന് ധാരാളം ഗോളവസരങ്ങള്‍ ലഭിക്കുന്നുണ്ടെങ്കിലും ഫിനിഷിംഗ് പോരായ്മയാണ് ടീമിനെ സമനിലയിലെത്തിച്ചത്. പഞ്ചാബ് ആണെങ്കില്‍ ആദ്യ മത്സരത്തില്‍ ബംഗാളിനോട് തോറ്റതിന് ശേഷം രാജസ്ഥാനെതിരെ ഗോളടി മേളം നടത്തിയാണ് നിര്‍ണായക മത്സരത്തിന് ഇറങ്ങുന്നത്. കരുത്തുറ്റ പ്രതിരോധമാണ് പഞ്ചാബിന്റെ ശക്തി. പകരക്കാരനായി ഇറങ്ങി ബംഗാളിനെതിരെ മികച്ച പ്രകടനം കാഴ്ചവെച്ച രോഹിത്ത് ഷെയ്കിന് കഴിഞ്ഞ മത്സരത്തില്‍ ആദ്യ ഇലവനില്‍ അവസരം നല്‍കിയിരുന്നെങ്കിലും ഗോളൊന്നും നേടാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ അദ്ദേഹത്തിന്റെ ചിലമുന്നേറ്റങ്ങള്‍ എതിര്‍ പ്രതിരോധ നിരക്ക് തലവേദനയാണ്. ആദ്യ മത്സരത്തില്‍ ഫോംകണ്ടെത്താന്‍ സാധിക്കാത്ത തരുണ്‍ സ്‌ളാതിയ രണ്ടാം മത്സരത്തില്‍ ഫോംകണ്ടെത്തിയത് ടീമിന് ഗുണം ചെയ്യും. രാജസ്ഥാനെതിരെ 68-ാം മിനിട്ടിലിറങ്ങി രണ്ട് ഗോളാണ് തരുണ്‍ സ്‌ളാതിയ നേടിയത്.
Story Highlights: ‘Tests’ for Kerala today in Santosh Trophy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here