സിപിഐ നേതൃസംഘം ഇന്ന് ജഹാംഗീര്‍പുരി സന്ദര്‍ശിക്കും

വീടുകളും കടകളും ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്ത ഡല്‍ഹിയിലെ ജഹാംഗീര്‍പുരി ഇന്ന് സിപിഐ നേതൃസംഘം സന്ദര്‍ശിക്കും. ജനറല്‍ സെക്രട്ടറി ഡി.രാജയുടെ നേതൃത്വത്തിലാണ് സന്ദര്‍ശനം. ഐക്യദാര്‍ഢ്യമര്‍പ്പിക്കാനാണ് സന്ദര്‍ശനമെന്ന് സിപിഐ നേതൃസംഘം പറഞ്ഞു ( CPI leadership visit Jahangirpuri .
അതിനിടെ ഇന്നലെ സന്ദര്‍ശനത്തിനെത്തിയ കോണ്‍ഗ്രസ് സംഘത്തെ പൊലീസ് തടഞ്ഞിരുന്നു. ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ അനില്‍ ചൗധരി, എഐസിസി ജനറല്‍ സെക്രട്ടറി അജയ് മാക്കന്‍, ഡല്‍ഹിയുടെ എഐസിസി ചുമതലയുള്ള ശക്തി സിന്‍ ഗോഹില്‍ എന്നിവരുള്‍പ്പെടെ 16 അംഗ കോണ്‍ഗ്രസ് പ്രതിനിധി സംഘത്തെയാണ് പൊലീസ് തടഞ്ഞത്. ഇന്നലെ ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ കെട്ടിടങ്ങള്‍ പൊളിച്ച പ്രദേശത്താണ് കോണ്‍ഗ്രസ് പ്രതിനിധികളെത്തിയത്. കോര്‍പ്പറേഷന്റെ നടപടി നിയമവിരുദ്ധമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.
മുന്‍പ് നോട്ടീസ് നല്‍കാതെയുള്ള പൊളിക്കല്‍ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്നും കോര്‍പറേഷന്‍ നടപടിക്ക് ഇരകളായലരെ നേരിട്ട് സന്ദര്‍ശിക്കാനും അവരുടെ ആശങ്കകള്‍ മനസിലാക്കാനുമാണ് എത്തിയതെന്നും അജയ് മാക്കന്‍ പറഞ്ഞു. ഈ സംഭവത്തെ മതത്തിന്റെ പ്രിസത്തില്‍ നിന്ന് നോക്കിക്കാണരുതെന്ന് ജനങ്ങളോട് പറയാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി.
അതേസമയം ജഹാംഗീര്‍പുരിയിലെ പൊളിക്കല്‍ നടപടിക്കുള്ള സ്റ്റേ തുടരുമെന്ന് സുപ്രിംകോടതി വ്യക്തമാക്കി. ജഹാംഗീര്‍പുരി പ്രദേശത്ത് തല്‍സ്ഥിതി തുടരണമെന്നും രണ്ടാഴ്ചക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു. ഒഴിപ്പിക്കുന്നതിന് നോട്ടിസ് ലഭിച്ചോയെന്ന് ഹര്‍ജിക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും സുപ്രിംകോടതി പറഞ്ഞു. ഉത്തരവിന് ശേഷവും പൊളിക്കല്‍ തുടര്‍ന്നത് ഗൗരവകരമായി കാണുന്നുവെന്നാണ് കോടതി പറഞ്ഞത്.
മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെയാണ് ജഹാംഗീര്‍പുരിയിലെ പൊളിക്കല്‍ നടപടിക്കെതിരായ ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായത്. നോട്ടിസില്ലാത്ത ഒഴിപ്പിക്കല്‍ നടപടി നിയമ വാഴ്ചയ്ക്കെതിരെന്ന് ദുഷ്യന്ത് ദവെ കോടതിയില്‍ വാദിച്ചു. ജീവിക്കാനുള്ള അവകാശത്തില്‍ പാര്‍പ്പിടത്തിനുള്ള അവകാശവും ഉള്‍പ്പെടുന്നുവെന്ന വാദമാണ് വാദിഭാഗം പ്രധാനമായും ഉന്നയിച്ചത്. പൊളിക്കല്‍ നടപടി പൂര്‍ണമായും സ്റ്റേ ചെയ്യണമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ സുപ്രിംകോടതിയോട് ആവശ്യപ്പെട്ടു. ഹര്‍ജികള്‍ ജസ്റ്റിസുമാരായ എല്‍.എന്‍.റാവു, ബി.ആര്‍.ഗവായ് എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് പരിഗണിച്ചത്.
ഭരണഘടനാപരവും ദേശീയവുമായ പ്രാധാന്യമുള്ള ദൂരവ്യാപകമായ ചോദ്യങ്ങള്‍ ജഹാംഗീര്‍പുരിയിലെ ഒഴിപ്പിക്കല്‍ ഉയര്‍ത്തുന്നുണ്ടെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ സുപ്രീം കോടതിയെ അറിയിച്ചു. ഇത് ജഹാംഗീര്‍പുരിയുടെ മാത്രം വിഷയമല്ല. സാമൂഹ്യ നീതിയുടെ പ്രശ്നമാണ്. ഇത് അനുവദിക്കുന്നത് നാടിന്റെ നിയമവ്യവസ്ഥ അപ്രസക്തമാകുന്നതിന് തുല്യമായിരിക്കുമെന്നും മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ കോടതിയ്ക്ക് മുന്നില്‍ വ്യക്തമാക്കി.
ഒഴിപ്പിക്കല്‍ നടപടിക്കെതിരായ സിപിഐഎം നേതാവ് ബൃന്ദ കാരാട്ടിന്റെ ഹര്‍ജികളും സുപ്രിംകോടതി ഇന്നലെ പരിഗണിച്ചു. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ വര്‍ഗീയ രാഷ്ട്രീയത്തിലെ കരുനീക്കമാണ് ഈ ഒഴിപ്പിക്കല്‍ നടപടിയെന്ന് ഹര്‍ജിയിലൂടെ ബൃന്ദ കാരാട്ട് കോടതിയെ അറിയിച്ചു. ഒഴിപ്പിക്കല്‍ നടപടി 1957ലെ ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ നിയമത്തിന് വിരുദ്ധമാണെന്നും ഹര്‍ജിയിലുണ്ടായിരുന്നു.
Story Highlights: The CPI leadership will visit Jahangirpuri today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here