ആ രാത്രിയിൽ ഒരു കൂട്ടം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കൊപ്പം പെണ്ണുകാണാൻ വന്നു; അന്ന് മുതൽ ഈ നിമിഷം വരെ ശക്തിസ്രോതസാണ് അനിത: രമേശ് ചെന്നിത്തല

വിവാഹ വാർഷിക ദിനത്തിൽ വൈകാരിക ഫേസ്ബുക്ക് പോസ്റ്റുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുപ്പത്തിയാറ് വർഷങ്ങൾക്ക് മുമ്പ് ഇന്നേ ദിവസമാണ് അനിത എന്റെ ജീവിതത്തിലേക്ക് കടന്ന് വന്നത്. അന്ന് മുതൽ ഈ നിമിഷം വരെ എന്നെ മുന്നോട്ട് നയിക്കുന്ന ശക്തിസ്രോതസാണ് അനിതയെന്ന് ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു ( Anita strength ever chennithala ).
വിശ്വസിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിനായി ജീവിതം തന്നെ ഉഴിഞ്ഞു വയ്ക്കുകയും അതിന്റെ ഭാഗമായി പൊതുമണ്ഡലത്തിൽ നിരവധി ഉത്തരവാദിത്വങ്ങൾ വഹിക്കുകയും ചെയ്യുന്ന എന്നെ സംബന്ധിച്ചിടത്തോളം കുടുംബത്തിനും കുട്ടികൾക്കുമൊപ്പം ചിലവഴിക്കാനുള്ള സമയം കണ്ടെത്തുക നന്നെ ബുദ്ധിമുട്ടായിരുന്നു. എന്നാൽ ആ കുറവ് നികത്തിയത് തന്റെ ഭാര്യയായിരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം
36 വർഷങ്ങൾക്ക് മുൻപുള്ള ഒരു രാത്രിയാണ്. ആ രാത്രിയിൽ പത്തുമണിയോടെ തന്റെ വീട്ടിലേക്ക് ഒരു കൂട്ടം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കൊപ്പം പെണ്ണുകാണാൻ വന്നുകയറിയ ഒരു ചെറുപ്പക്കാരൻ. അതാവും അനിതയുടെ ഓർമകളിലെ ആദ്യത്തെ ഞാൻ. അന്നത്തെ അസാധാരണ പെണ്ണുകാണലിൽ തുടങ്ങിയതാണ് ഞങ്ങളുടെ ജീവിതം. ഇന്ന് ഞങ്ങളുടെ വിവാഹവാർഷികമാണ്. മുപ്പത്തിയാറ് വർഷങ്ങൾക്ക് മുമ്പ് ഇന്നേ ദിവസമാണ് അനിത എന്റെ ജീവിതത്തിലേക്ക് കടന്ന് വന്നത്. അന്ന് മുതൽ ഈ നിമിഷം വരെ എന്നെ മുന്നോട്ട് നയിക്കുന്ന ശക്തിസ്രോതസാണ് അനിത. വിശ്വസിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിനായി ജീവിതം തന്നെ ഉഴിഞ്ഞു വയ്ക്കുകയും അതിന്റെ ഭാഗമായി പൊതുമണ്ഡലത്തിൽ നിരവധി ഉത്തരവാദിത്വങ്ങൾ വഹിക്കുകയും ചെയ്യുന്ന എന്നെ സംബന്ധിച്ചിടത്തോളം കുടുംബത്തിനും കുട്ടികൾക്കുമൊപ്പം ചിലവഴിക്കാനുള്ള സമയം കണ്ടെത്തുക നന്നെ ബുദ്ധിമുട്ടായിരുന്നു. എന്നാൽ ആ കുറവ് നികത്തിയത് എന്റെ ഭാര്യയായിരുന്നു.
Read Also : കുട്ടിക്കളിയല്ല ഈ ഒപ്പിടൽ; അമേരിക്കൻ പ്രസിഡന്റുമാരുടെ ഒപ്പുകളിട്ട് അഞ്ചുവയസുകാരൻ…
സ്‌നേഹ സമ്പന്നയായ ജീവിത പങ്കാളി, ശ്രദ്ധയും കരുതലുമുള്ള അമ്മ, ഉത്തരവാദിത്വമുള്ള ഉദ്യോഗസ്ഥ, എന്നീ റോളുകളെല്ലാം അതീവ തൻമയത്വത്തോടെയാണ് അനിത കൈകാര്യം ചെയ്തത്. ഞങ്ങളുടെ മക്കളായ രോഹിതും രമിതും പഠിച്ച് വളർന്ന്, അവരവരുടെ കർമപഥങ്ങളിൽ ഉയർന്ന നേട്ടങ്ങൾ കൈവരിച്ചതിന് പിന്നിലും എന്റെ പ്രിയ പത്‌നിയുടെ സമ്പൂർണ്ണമായ ആത്മസമർപ്പണമുണ്ടായിരുന്നു. തൊടുപുഴക്കടുത്തുള്ള പടിഞ്ഞാറേ കോടിക്കുളം എന്ന കൊച്ചുഗ്രാമത്തിൽ നിന്ന് രാഷ്ട്രീയ പ്രവർത്തകനായ എന്റെ ജീവിതത്തിലേക്ക് ധൈര്യപൂർവ്വം കടന്ന് വരികയും, കാറും കോളും നിറഞ്ഞ ജീവിത യാത്രയിൽ എന്റെ ചാലകശക്തിയായി വർത്തിക്കുകയും ചെയ്യുന്ന അനിതയാണ് ഞാൻ കണ്ട ഏറ്റവും കരുത്തുറ്റ സ്ത്രീ. ഈ വിവാഹ വാർഷിക ദിനത്തിൽ എല്ലാവരുടെയും ആശംസകളും, പ്രാർത്ഥനകളും എനിക്കും, അനിതക്കും ഞങ്ങളുടെ കുടുംബത്തിനുമൊപ്പമുണ്ടാകണമെന്ന് ആഗ്രഹിക്കുന്നു.
Story Highlights: Anita has been a source of strength ever since: Ramesh Chennithala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here