ഐ-ലീഗിൽ അപരാജിത കുതിപ്പ് തുടരാൻ ഗോകുലം; ഇന്ന് വീണ്ടും പഞ്ചാബിനെതിരെ

ഐ-ലീഗിൽ ഗോകുലം കേരള എഫ്‌സി റൗണ്ട്ഗ്ലാസ് പഞ്ചാബ് എഫ്‌സിയുമായി ഇന്ന് വീണ്ടും ഏറ്റുമുട്ടും. ചാമ്പ്യൻഷിപ്പ് ഘട്ടത്തിൽ ഇരുടീമുകളുടെയും ആദ്യ മത്സരമാണിത്. ചൊവ്വാഴ്ച പഞ്ചാബിനെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് ഗോകുലം പരാജയപ്പെടുത്തിയിരുന്നു. പശ്ചിമ ബംഗാളിലെ കല്യാണി സ്റ്റേഡിയത്തിൽ വൈകുന്നേരം 5.05 നാണ് മത്സരം.
12 കളിയിൽ 30 പോയന്റുമായി ഗോകുലം ഒന്നാം സ്ഥാനത്ത് തുടരുകയാണ്. തോൽവി വഴങ്ങാതെയാണ് ലീഗിലെ ടീമിൻ്റെ പ്രയാണം. 9 മത്സരങ്ങൾ വിജയിച്ചപ്പോൾ 3 എണ്ണം സമനിയിൽ പിരിഞ്ഞു. കഴിഞ്ഞ മത്സരത്തിൽ ഇരുവരും കൊമ്പുകോർത്തപ്പോൾ ജയം ഗോകുലത്തിനൊപ്പം നിന്നു. പഞ്ചാബിനെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് ഗോകുലം പരാജയപ്പെടുത്തിയത്.
13-ാം മിനിറ്റില്‍ അമിനൊ ബൗബയാണ് ഗോകുലത്തിന്റെ ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ 48-ാം മിനിറ്റില്‍ ബൗബ തന്നെ വഴങ്ങിയ സെല്‍ഫ് ഗോളില്‍ പഞ്ചാബ് ടീം സമനില പിടിച്ചു. 63-ാം മിനിറ്റില്‍ ലൂക്ക മജ്‌സെനിലൂടെ ഗോകുലം വീണ്ടും ലീഡെടുത്തു. പിന്നാലെ 73-ാം മിനിറ്റില്‍ പഞ്ചാബ് താരം ജോസഫ് ചാള്‍സ് യാര്‍നി ഗോള്‍ വഴങ്ങിയതോടെ ഗോകുലം മത്സരം സ്വന്തമാക്കുകയായിരുന്നു. ഇതോടെ പരാജയമറിയാതെ 17 മത്സരങ്ങള്‍ ഗോകുലം പിന്നിട്ടു.
പഞ്ചാബിന് ഇന്ന് നിർണ്ണായകമാണ്. ഗോകുലം കനത്ത വെല്ലുവിളിയാകുമെന്നും, എന്നാൽ ചൊവ്വാഴ്ചത്തെ പരാജയത്തിൽ നിന്നും പാഠം ഉൾക്കൊണ്ടാണ് രണ്ടാം ഊഴത്തിൽ ബൂട്ട് കെട്ടുന്നതെന്നും പഞ്ചാബ് ഹെഡ് കോച്ച് എഡ് ഏംഗൽക്സ് പറഞ്ഞു. ഗോകുലത്തെ നേരിടാൻ പ്രത്യേക തയ്യറെടുപ്പുകൾ നടത്തി. ഫൈനലിൽ എത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഏംഗൽക്സ് കൂട്ടിച്ചേർത്തു.
Story Highlights: RoundGlass Punjab FC ready for Gokulam Kerala FC rematch
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here