Advertisement

സിൽവർ ലൈൻ പ്രതിഷേധക്കാരെ പൊലീസ് ബൂട്ടിട്ട് ചവിട്ടിയ സംഭവം; പൊലീസുകാരനെതിരായ നടപടി ഇന്ന്

April 23, 2022
Google News 2 minutes Read
silver

സിൽവർ ലൈൻ പ്രതിഷേധക്കാരെ പൊലീസ് ബൂട്ടിട്ട് ചവിട്ടിയ സംഭവത്തിൽ സി.പി.ഒയ്ക്കെതിരായ വകുപ്പുതല നടപടി ഇന്നുണ്ടാകും. മംഗലപുരം പൊലീസ് സ്റ്റേഷനിലെ സിപിഒ ഷബീറിനെതിരെയാണ് അന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയത്. പ്രതിഷേധക്കാർക്ക് നേരെ ബലപ്രയോ​ഗത്തിന്റെ സാഹചര്യം ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ട്. പ്രതിഷേധക്കാരനെ ബൂട്ടിട്ട് ചവിട്ടിയ നടപടി ശരിയായില്ലെന്നും അത് ഒഴിവാക്കേണ്ടതായിരുന്നു എന്നുമാണ് സ്പെഷ്യൽ ബ്രാഞ്ച് വ്യക്തമാക്കുന്നത്. റൂറൽ എസ്പി ദിവ്യയ്ക്ക് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷണ റിപ്പോർട്ട് കൈമാറും.

തിരുവനന്തപുരം റൂറൽ എസ്പിയാണ് അന്വേഷണത്തിനു നിർദ്ദേശം നൽകിയത്. കണിയാപുരത്താണ് സംഭവമുണ്ടായത്. സിൽവർ ലൈൻ പ്രതിഷേധവുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ ഉദ്യോഗസ്ഥരെ തടയുകയും പൊലീസ് സംഭവത്തിൽ ഇടപെടുകയും ചെയ്തു. ഇതിനിടെയാണ് ഷബീർ ബൂട്ടിട്ട് പ്രവർത്തകന്റെ വയറ്റിൽ ചവിട്ടിയത്. ഇത് വലിയ വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് റൂറൽ എസ്പി അന്വേഷണം പ്രഖ്യാപിച്ചത്.

പൊലീസുകാരനെതിരെ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ സമര മുറകൾ മാറുമെന്ന് പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നൽകിയിരുന്നു. പിണറായി വിജയൻ്റെ ഏകാധിപത്യം ഉൾക്കൊണ്ട് പോവില്ലെന്ന് കെ സുധാകരൻ പ്രതികരിച്ചിരുന്നു. പിണറായി വിജയനു വീതം വച്ച് കിട്ടിയതല്ല കേരളം. ഇത് ജനങ്ങളുടെ ഭൂമിയാണ്. ഇത് പിണറായി വിജയന് ആരും തീറെഴുതിക്കൊടുത്തിട്ടില്ല. എവിടെ കുറ്റിയിട്ടാലും അത് പ്രബുദ്ധരായ ജനങ്ങൾ പിഴുതുമാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also : സിൽവർ ലൈൻ കല്ലിടൽ; കണ്ണൂരിൽ പ്രതിഷേധം തുടരുന്നു

ഇതിനിടെ, സില്‍വര്‍ലൈനെ എതിർക്കുന്നവരെ സംവാദത്തിന് ക്ഷണിച്ചിരിക്കുകയാണ് കെ റെയിൽ അധികൃതർ. കെ റെയിലിൽ വിയോജിപ്പുള്ളവരുടെ അഭിപ്രായം കൂടി കേള്‍ക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ചീഫ് സെക്രട്ടറിയുടെ നിര്‍ദേശമനുസരിച്ച് കെ റെയില്‍ കോര്‍പറേഷന്‍ വ്യാഴാഴ്ച തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലാണ് സംവാദം സംഘടിപ്പിക്കുന്നത്. പത്തുമിനിറ്റ് സമയം വീതമാണ് എല്ലാവര്‍ക്കും അനുവദിച്ചിരിക്കുന്നത്. ശാസ്ത്രസാങ്കേതിക പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.പി. സുധീര്‍ ആണ് മോഡറേറ്റര്‍. ശ്രോതാക്കളായി അമ്പതുപേരെയും പരിപാടിയില്‍ പങ്കെടുപ്പിക്കും.

സില്‍വര്‍ലൈൻ സാധ്യതാപഠനം നടത്തിയ സംഘത്തിലുണ്ടായിരുന്ന മുന്‍ റെയില്‍വേ എന്‍ജിനിയർ അലോക് വര്‍മ, ജോസഫ് സി. മാത്യു, ആര്‍.വി.ജി മേനോൻ തുടങ്ങിയവരെയും സംവാദത്തിന് ക്ഷണിച്ചിട്ടുണ്ട്. സില്‍വര്‍ലൈന്‍ വിരുദ്ധരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ചര്‍ച്ച കെ റെയില്‍ നടത്തുന്നത് ഇതാദ്യമായാണ്.

Story Highlights: silverline protest; Action against the policeman today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here