‘രോഹിത്തിനൊപ്പമെത്തി രാഹുൽ’ റെക്കോർഡുകൾ വാരിക്കൂട്ടി ലക്നൗ നായകൻ

ഐപിഎൽ 15ാം സീസണില്‍ തൻ്റെ രണ്ടാം സെഞ്ച്വറി നേടിയിരിക്കുകയാണ് ലക്നൗ നായകൻ കെ എല്‍ രാഹുല്‍. മുംബൈക്കെതിരെ സീസണിലെ ആദ്യ സെഞ്ച്വറി നേടിയ രാഹുല്‍ അവർക്കെതിരായ രണ്ടാം മത്സരത്തിലും സെഞ്ച്വറി തികച്ചു. അഞ്ച് തവണ ചാമ്പ്യൻമാരായ എംഐക്കെതിരെ, പുറത്താകാതെ 103 റൺസ് നേടിയാണ് എൽഎസ്ജി നായകൻ തന്റെ ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ഇതിന് പിന്നാലെ ഒട്ടനവധി റെക്കോർഡുകൾ താരത്തെ തേടി എത്തിയിരിക്കുകയാണ്.
ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ ഇന്ത്യൻ താരമെന്ന രോഹിത് ശർമ്മയുടെ റെക്കോർഡിനൊപ്പമാണ് കെഎൽ രാഹുൽ എത്തിയത്. ഞായറാഴ്ച വാങ്കഡെ സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസും ലഖ്‌നൗ സൂപ്പർ ജയന്റ്‌സും തമ്മിൽ നടന്ന മത്സരത്തിലാണ് രാഹുലിൻ്റെ ഈ നേട്ടം. ഇരുവരും ആറ് സെഞ്ച്വറികളാണ് ടി20 ക്രിക്കറ്റിൽ നേടിയിട്ടുള്ളത്. അഞ്ച് സെഞ്ച്വറികൾ നേടി വിരാട് കോലി തൊട്ടുപിന്നിലുണ്ട്.
മുംബൈയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറക്കെതിരേ കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോഡും രാഹുല്‍ സ്വന്തം പേരിലാക്കി. 143 റണ്‍സാണ് രാഹുല്‍ ബുംറക്കെതിരേ നേടിയത്. 140 റണ്‍സ് നേടിയ വിരാട് കോലിയാണ് രണ്ടാം സ്ഥാനത്ത്. എബി ഡിവില്ലിയേഴ്‌സ് (125), ശിഖര്‍ ധവാന്‍ (105) എന്നിവരാണ് മൂന്നും നാലും സ്ഥാനങ്ങളില്‍. കരിയറിലെ നാലാം ഐപിഎല്‍ സെഞ്ച്വറിയാണ് രാഹുല്‍ ഇന്നലെ കുറിച്ചത്. ഇതോടെ ഐപിഎല്ലില്‍ കൂടുതല്‍ സെഞ്ച്വറിയുള്ള ഇന്ത്യക്കാരില്‍ രാഹുല്‍ രണ്ടാം സ്ഥാനത്തേക്കെത്തി. അഞ്ച് സെഞ്ച്വറിയുള്ള കോലിയാണ് ഈ റെക്കോഡില്‍ തലപ്പത്ത്.
മുംബൈക്കെതിരേ കൂടുതല്‍ റണ്‍സ് നേടുന്ന താരമാവാനും രാഹുലിനായി. വെറും 16 ഇന്നിംഗ്സില്‍ നിന്ന് 867 റണ്‍സാണ് രാഹുലിന്റെ പേരിലുള്ളത്. സുരേഷ് റെയ്‌ന 34 ഇന്നിംഗ്സില്‍ നിന്ന് 824 റണ്‍സാണ് നേടിയത്. എട്ട് മത്സരത്തില്‍ നിന്ന് 368 റണ്‍സുമായി റണ്‍വേട്ടക്കാരില്‍ രാഹുല്‍ ഇപ്പോള്‍ രണ്ടാം സ്ഥാനത്താണ്. 491 റണ്‍സുമായി ജോസ് ബട്‌ലറാണ് നിലവിൽ റണ്‍വേട്ടക്കാരില്‍ ഒന്നാമത്.
Story Highlights: KL Rahul equals Rohit Sharma’s record
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here