കേരള രാഷ്ട്രീയത്തിലെ സൗമ്യതയുടെ മുഖമെന്ന് ഉമ്മൻചാണ്ടി; കോണ്‍ഗ്രസ് തറവാട്ടിലെ കാരണവരിലൊരാളെ നഷ്ടമായെന്ന് എംഎം ഹസന്‍

കെ ശങ്കരനാരായണന്റെ നിര്യാണത്തിൽ മുതിർന്ന കോൺഗ്രസ് നേതാക്കളായ ഉമ്മൻചാണ്ടിയും എംഎം ഹസനും അനുശോചനം രേഖപ്പെടുത്തി.കേരള രാഷ്ട്രീയത്തിലെ സൗമ്യതയുടെ മുഖമാണ് കെ ശങ്കരനാരായണനെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. സംഘടനാ രംഗത്തും ഭരണരംഗത്തും ഉന്നത സ്ഥാനങ്ങൾ വഹിച്ച വ്യക്തിയായിരുന്നു അദ്ദേഹം. ഒരു വിവാദങ്ങൾക്കും ഇടനൽകാതെ സമൂഹത്തിനു വേണ്ടി ആത്മാർത്ഥമായി പ്രവർത്തിച്ച രാഷ്ട്രീയ നേതാവാണ് . കെ ശങ്കരനാരായണന്റെ വിയോഗം സമൂഹത്തിനും പ്രസ്ഥാനത്തിനും നികത്താനാവാത്ത നഷ്ടമാണെന്നും ഉമ്മൻ ചാണ്ടി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
കോണ്‍ഗ്രസ് തറവാട്ടിലെ കാരണവരിലൊരാളെയാണ് നഷ്ടമായതെന്ന് എംഎം ഹസന്‍ പറഞ്ഞു . സൗമ്യനും ശാന്തശീലനും ആണെങ്കിലും ആദര്‍ശദൃഢത കൊണ്ടും സംശുദ്ധമായ പൊതുജീവിതത്തിലൂടെയും പൊതുരംഗത്ത് തന്‍റെതായ വ്യക്തിമുദ്രപതിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.ഏറ്റെടുത്ത പദവികള്‍ തികഞ്ഞ ഉത്തരാവിദത്തോടെ നിര്‍വഹിച്ചു.ജനാധിപത്യ മതേതര ആശയങ്ങളില്‍ അടിയുറച്ച് കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് വേണ്ടി പ്രയത്നിച്ച നേതാവാണ് ശങ്കരനാരായണന്‍.യുഡിഎഫ് കണ്‍വീനറായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച അദ്ദേഹം മുന്നണിയുടെ ഐക്യത്തിനും കെട്ടുറപ്പിനും നല്‍കിയ സംഭാവനകള്‍ വിലമതിക്കാന്‍ കഴിയാത്തതാണെന്നും ഹസന്‍ പറഞ്ഞു.
നാളെ വൈകിട്ട് 5.30 ന് പൈങ്കുളത്താണ് കെ ശങ്കരനാരായണന്റെ സംസ്കാര ചടങ്ങുകൾ നടക്കുക. നാളെ ഉച്ചവരെ ശേഖരിപുരത്തെ വസതിയിലും ഒരു മണിക്ക് ജില്ലാ കമ്മിറ്റി ഓഫിസിലും പൊതുദർശനത്തിന് വെക്കും.
കുറച്ചു നാളുകളായി ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് വീട്ടിൽ ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം . 89 വയസായിരുന്നു. ആറു സംസ്ഥാനങ്ങളിൽ ഗവർണർ ആയിരുന്ന ഏക മലയാളിയായിരുന്നു. എ.കെ.ആന്റണി, കെ.കരുണാകരൻ മന്ത്രിസഭകളിൽ അംഗമായിരുന്നു.
മഹാരാഷ്ട്ര, നാഗാലാൻഡ്, ജാർഖണ്ഡ് എന്നിവിടങ്ങളിൽ ഗവർണറായി. അരുണാചൽ പ്രദേശ്, അസം, ഗോവ എന്നിവിടങ്ങളുടെ അധികച്ചുമതലയും വഹിച്ചു. 16 വർഷം യുഡിഎഫ് കൺവീനർ ആയിരുന്നു. സംസ്ഥാന ഗവർണർ, സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി, യുഡിഎഫ് കൺവീനർ, നിയമസഭാംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.
Story Highlights: Oommen chandy, M M Hassan condoles K. Sankaranarayanan

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here