ട്വിറ്റർ വിൽക്കുന്നു ? ഇലോൺ മസ്‌കിന്റെ ഓഫർ സ്വീകരിച്ചേക്കുമെന്ന് റിപ്പോർട്ട്

ഇലോൺ മസ്‌കിന്റെ ഓഫർ ട്വിറ്റർ സ്വീകരിച്ചേക്കുമെന്ന് റിപ്പോർട്ട്. 43 ബില്യൺ യു.എസ് ഡോളറാണ് ഇലോൺ മസ്‌ക് മുന്നോട്ടുവച്ച തുക. എന്നാൽ അവസാന നിമിഷത്തിൽ വേണമെങ്കിലും ഡീൽ തകരാമെന്നാണ് റിപ്പോർട്ട്.
9.2 ശതമാനം ഓഹരി സ്വന്തമാക്കി ട്വിറ്ററിനെ മൊത്തമായി ഏറ്റെടുക്കാനുള്ള നീക്കത്തിലായിരുന്നു ഇലോൺ മസ്‌ക്. മസ്‌കിന്റെ ഈ നീക്കം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഡയറക്ടർ ബോർഡ് അംഗങ്ങൾ ഓഹരി വാങ്ങുന്നതിൽ ട്വിറ്റർ നിയന്ത്രണമേർപ്പെടുത്തിയിരുന്നു. 15 ശതമാനത്തിലധികം ഓഹരി വാങ്ങാൻ ആരെങ്കിലും ശ്രമിച്ചാൽ കൂടുതൽ ഓഹരികൾ സൃഷ്ടിക്കപ്പെടുകയും അതുവഴി പൂർണമായ ഏറ്റെടുക്കാനുള്ള നീക്കം തടസപ്പെടുന്നതുമാണ് പുതിയ നിയന്ത്രണം.
തൊട്ടുപിന്നാലെ ട്വിറ്ററിന്റെ ഡയറക്ടർ ബോർഡ് സ്ഥാനത്ത് നിന്ന് ഇലോൺ മസ്‌ക് പിന്മാറി. തുടർന്ന് ട്വിറ്ററിൽ കൂടുതൽ ഓഹരി വാങ്ങാനുള്ള നിയമപരമായ അനുമതി ലഭിക്കുകയും ചെയ്തിരുന്നു. ശേഷം ട്വിറ്ററിനെ മൊത്തമായി ഏറ്റെടുക്കാനുള്ള താൽപര്യവും ഇലോൺ മസ്‌ക് പ്രകടിപ്പിച്ചിരുന്നു. അതിനായി 4300 കോടി ഡോളറാണ് അദ്ദേഹം ട്വിറ്ററിന് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഈ വാഗ്ദാനം ട്വിറ്റർ സ്വീകരിക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here