Advertisement

ഡല്‍ഹിയില്‍ വീണ്ടും പൊളിക്കല്‍ നടപടികള്‍ തുടങ്ങുന്നു; നാളെ മേയറുടെ നേതൃത്വത്തില്‍ പരിശോധന

April 26, 2022
Google News 2 minutes Read
demolition work resumes in delhi says mayor

ഡല്‍ഹിയില്‍ വീണ്ടും പൊളിക്കല്‍ നടപടികള്‍ക്കൊരുങ്ങി കോര്‍പറേഷന്‍. അനധികൃത കയ്യേറ്റങ്ങള്‍ കണ്ടെത്താനാണ് നാളെ പരിശോധന നടത്താന്‍ കോര്‍പറേഷന്‍ ഒരുങ്ങുന്നത്. ഡല്‍ഹി സൗത്ത് മുനിസിപ്പല്‍ കോര്‍പറേഷന്റെ പരിധിയിലാണ് പരിശോധന. അനധികൃത കയ്യേറ്റങ്ങള്‍ കണ്ടെത്താനുള്ള പരിശോധനയ്ക്ക് ശേഷം തുടര്‍നടപടികള്‍ ഉണ്ടാകുമെന്ന് മുനിസിപ്പല്‍ കോര്‍പറേഷന്‍ അറിയിച്ചു.

ഒരു മാസത്തിനുള്ളില്‍ പ്രദേശത്തെ മുഴുവന്‍ അനധികൃത കയ്യേറ്റങ്ങളും നീക്കം ചെയ്യുമെന്നാണ് മുനിസിപ്പല്‍ കോര്‍പറേഷന്റെ അറിയിപ്പ്. നാളെ പരിശോധനയ്‌ക്കൊപ്പം സര്‍വേ നടപടികളുമുണ്ടാകും. മുനിസിപ്പല്‍ കൗണ്‍സില്‍ മേയറും മുനിസിപ്പല്‍ കമ്മീഷണറും നാളെ ജയ്ത്പൂര്‍, സരിതാ വിഹാര്‍, മദന്‍പൂര്‍ ഖാദര്‍ പ്രദേശങ്ങളിലെത്തും.

ഡല്‍ഹി ജഹാംഗീര്‍പുരിയിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനുള്ള കോര്‍പറേഷന്റെ നടപടി സുപ്രിംകോടതി സ്‌റ്റേ ചെയ്തിരിക്കുകയാണ്. ജഹാംഗീര്‍പുരി പ്രദേശത്ത് തല്‍സ്ഥിതി തുടരണമെന്നും രണ്ടാഴ്ചക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചിരുന്നു. ഒഴിപ്പിക്കുന്നതിന് നോട്ടിസ് ലഭിച്ചോയെന്ന് ഹര്‍ജിക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും സുപ്രിംകോടതി പറഞ്ഞു. ഉത്തരവിന് ശേഷവും പൊളിക്കല്‍ തുടര്‍ന്നത് ഗൗരവകരമായി കാണുന്നുവെന്നാണ് കോടതി പറഞ്ഞത്.

മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെയാണ് ജഹാംഗീര്‍പുരിയിലെ പൊളിക്കല്‍ നടപടിക്കെതിരായ ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായത്. ഹര്‍ജികള്‍ ജസ്റ്റിസുമാരായ എല്‍എന്‍ റാവു, ബിആര്‍ ഗവായ് എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് പരിഗണിച്ചത്. ഭരണഘടനാപരവും ദേശീയവുമായ പ്രാധാന്യമുള്ള ദൂരവ്യാപകമായ ചോദ്യങ്ങള്‍ ജഹാംഗീര്‍പുരിയിലെ ഒഴിപ്പിക്കല്‍ ഉയര്‍ത്തുന്നുണ്ടെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

Read Also : 1.87 കോടിയുടെ നികുതി അടച്ചില്ല; ഇളയരാജയ്ക്ക് നോട്ടിസ്

ജഹാംഗീര്‍പുരിയില്‍ കെട്ടിടങ്ങള്‍ പൊളിക്കാനുള്ള ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ നീക്കം ബൃന്ദ കാരാട്ട് നേരിട്ട് തടഞ്ഞിരുന്നു. കെട്ടിടങ്ങള്‍ പൊളിക്കുന്നത് തടഞ്ഞ് സുപ്രിം കോടതി ഉത്തരവിട്ടിട്ടും കോര്‍പ്പറേഷന്‍ പൊളിക്കല്‍ നടപടിയുമായി മുന്നോട്ട് പോയതോടെയാണ് ബൃന്ദ കാരാട്ട് പ്രതിഷേധവുമായി രംഗത്തെത്തിയത്. പൊളിക്കല്‍ നിര്‍ത്തി വെക്കാന്‍ സുപ്രിം കോടതി നിര്‍ദേശം നല്‍കിയിട്ടും കോപ്പി കയ്യില്‍ കിട്ടിയില്ല എന്ന കാരണം പറഞ്ഞാണ് കെട്ടിടങ്ങള്‍ പൊളിക്കുന്നത് തുടര്‍ന്നത്. തുടര്‍ന്ന് ബൃന്ദ കാരാട്ട് ഉത്തരവിന്റെ പകര്‍പ്പുമായി സ്ഥലത്ത് എത്തുകയായിരുന്നു.

Story Highlights: demolition work resumes in delhi says mayor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here