ട്വിറ്റര്‍ ഇനി മസ്‌കിന് സ്വന്തം; 44 ബില്യണ്‍ ഡോളറിന് കരാര്‍ ഉറപ്പിച്ചു

ടെസ്ല സിഇഒ ഇലോണ്‍ മസ്‌കിന്റെ ഓഫര്‍ സ്വീകരിച്ച് സമൂഹമാധ്യമമായ ട്വിറ്റര്‍. 43 ബില്യണ്‍ യു.എസ് ഡോളറില്‍ നിന്ന് 44 ബില്യണ്‍ ഡോളറിനാണ് കരാര്‍. ഒരു ഓഹരിക്ക് 54.20 ഡോളര്‍ നല്‍കി 4400 കോടി ഡോളറിനാണ് ട്വിറ്റര്‍ ഇലോണ്‍ മസ്‌കിന്റെ കൈകളിലേക്കെത്തുന്നത്. ഇതോടെ ട്വിറ്റര്‍ പൂര്‍ണമായും സ്വകാര്യ കമ്പനിയായി മാറുകയാണ്. കരാറിന് അംഗീകാരം നല്‍കാന്‍ കമ്പനി ഉടന്‍ ഓഹരി ദാതാക്കളോട് ആവശ്യപ്പെടും.
9.2 ശതമാനം ഓഹരി സ്വന്തമാക്കി ട്വിറ്ററിനെ മൊത്തമായി ഏറ്റെടുക്കാനുള്ള നീക്കത്തിലായിരുന്നു ഇലോണ്‍ മസ്‌ക്. മസ്‌കിന്റെ ഈ നീക്കം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ ഓഹരി വാങ്ങുന്നതില്‍ ട്വിറ്റര്‍ നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. 15 ശതമാനത്തിലധികം ഓഹരി വാങ്ങാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ കൂടുതല്‍ ഓഹരികള്‍ സൃഷ്ടിക്കപ്പെടുകയും അതുവഴി പൂര്‍ണമായ ഏറ്റെടുക്കാനുള്ള നീക്കം തടസപ്പെടുന്നതുമാണ് നിയന്ത്രണം.
Read Also : സ്റ്റോക്ക് മാർക്കറ്റിലെ നിക്ഷേപം; എന്തെല്ലാം ശ്രദ്ധിക്കാം….
തൊട്ടുപിന്നാലെ ട്വിറ്ററിന്റെ ഡയറക്ടര്‍ ബോര്‍ഡ് സ്ഥാനത്ത് നിന്ന് ഇലോണ്‍ മസ്‌ക് പിന്മാറുകയുമുണ്ടായി. തുടര്‍ന്ന് ട്വിറ്ററില്‍ കൂടുതല്‍ ഓഹരി വാങ്ങാനുള്ള നിയമപരമായ അനുമതി ലഭിക്കുകയും ചെയ്തിരുന്നു. ശേഷം ട്വിറ്ററിനെ മൊത്തമായി ഏറ്റെടുക്കാനുള്ള താല്‍പര്യവും ഇലോണ്‍ മസ്‌ക് പ്രകടിപ്പിച്ചിരുന്നു.
ഫോര്‍ബ്‌സ് മാസികയുടെ കണക്കനുസരിച്ച് ലോകത്തിലെ ഏറ്റവും ധനികരില്‍ ഒരാളാണ് മസ്‌ക്. ഏകദേശം 273.6 ബില്യണ്‍ ഡോളര്‍ ആസ്തിയാണ് മസ്‌കിനുള്ളത്. ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ടെസ്‌ലയിലെ ഓഹരി പങ്കാളിത്തത്തിന് പുറമേ എയ്‌റോസ്‌പേസ് സ്ഥാപനമായ സ്‌പേസ് എക്‌സിലും മസ്‌കിന് പങ്കുണ്ട്.
Story Highlights: Elon Musk moves to buy Twitter for 44 billion dollar

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here