‘സ്ഥാനമാനങ്ങളിൽ നിന്ന് നീക്കാൻ സാധിക്കും; പക്ഷേ എന്നും കോൺഗ്രസുകാരനായിരിക്കും’ : കെ.വി തോമസ്

അച്ചടക്ക നടപടിയിൽ പ്രതികരണവുമായി കെ.വി തോമസ്. തന്നെ കോൺഗ്രസിൽ നിന്ന് എടുത്ത് മാറ്റാൻ ആർക്കും സാധിക്കില്ലെന്ന് കെ.വി തോമസ് പറഞ്ഞു. സ്ഥാനമാനങ്ങളിൽ നിന്ന് നീക്കാൻ സാധിക്കും. കോൺഗ്രസ് എന്നാൽ തനിക്ക് വികാരമാണെന്നും താനെന്നും കോൺഗ്രസുകാരനായിരിക്കുമെന്നും കെ.വി തോമസ് മാധ്യമങ്ങളോട് പറഞ്ഞു.
‘അച്ചടക്ക സമിതി കൂടി ചർച്ച ചെയ്തു. അവരുടെ ശുപാർശ കോൺഗ്രസ് പ്രസിഡന്റിന്റെ മുന്നിൽ വച്ചിട്ടുണ്ട്. എന്നെ കേൾക്കണമെന്ന് ഞാനും കോൺഗ്രസ് അധ്യക്ഷയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇനി അവരാണ് തീരുമാനിക്കേണ്ടത്. അച്ചടക്ക സമിതിയുടെ മുമ്പാകെ വരാനും ആവശ്യം ഉന്നയിച്ചിരുന്നു. നിലവിലെ നടപടി എന്താണെന്ന് അറിയില്ല. ആദ്യം വരട്ടെ. ഇത്ര നാൾ കാത്തിരുന്നില്ലേ ? ഒരു ദിവസം കൂടി കാത്തിരിക്കാം. ഞാൻ കോൺഗ്രസുകാരനായിരിക്കും’- കെ.വി തോമസ് പറഞ്ഞു.
പാർട്ടി വിലക്ക് ലംഘിച്ച് സിപിഐഎം സെമിനാറിൽ പങ്കെടുത്ത കെ വി തോമസിനെ പാർട്ടി പദവികളിൽ നിന്ന് മാറ്റി നിർത്താനാണ് അച്ചടക്ക സമിതിയുടെ തീരുമാനം. കെ.വി തോമസിനെതിരെ സസ്‌പെൻഷൻ നടപടിയില്ല. കെ.വി തോമസിനെ താക്കീത് ചെയ്യാനും തീരുമാനിച്ചു.
കെ.വി തോമസിനെതിരായ നടപടി തീരുമാനിക്കാനാണ് എ.കെ ആൻറണി അധ്യക്ഷനായ അച്ചടക്ക സമിതി ഇന്ന് യോഗം ചേർന്നത്. രാവിലെ 11. 30 നായിരുന്നു അച്ചടക്ക സമിതി യോഗം. സിപിഐഎം സമ്മേളന വേദിയിൽ മുൻപും നിരവധി നേതാക്കൾ പങ്കെടുത്തിട്ടുണ്ടെന്നും അച്ചടക്ക സമിതി ചെയർമാൻ പോലും സിപിഐഎം നേതാക്കളെ പ്രകീർത്തിച്ചിട്ടുള്ളതും കെ.വി തോമസ് വിശദീകരണക്കുറിപ്പിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here