ശിവഗിരി തീർത്ഥാടന നവതി ആഘോഷം; മലയാളത്തിൽ പ്രസംഗിച്ച് മോദി

ശിവഗിരി തീർത്ഥാടന നവതി ആഘോഷങ്ങളുടെ ആഗോളതല ഉദ്ഘാടനവേദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മലയാളത്തിൽ പ്രസംഗത്തിന് തുടക്കമിട്ടത് കൗതുകമായി. ഭാരതത്തിന്റെ ആദ്ധ്യാത്മിക ചൈതന്യമാണ് ശ്രീനാരായണ ഗുരുദേവനെന്ന് മോദി പറഞ്ഞു. ഗുരുദേവൻ ജനിച്ച കേരളം പുണ്യഭൂമിയാണ്. ശിവഗിരിയാണ് കേരളത്തിന്റെ പുരോഗതിക്ക് നേതൃത്വം നൽകുന്നത്. മതത്തെ കാലോചിതമായി പരിഷ്കരിച്ച വ്യക്തിയാണ് ശ്രീനാരായണ ഗുരുദേവൻ. വർക്കല ശിവഗിരി ശ്രേഷ്ഠ ഭാരതത്തിന്റെ പ്രതിഷ്ഠാ സ്ഥാനമാണെന്നും മത ഐക്യത്തിന്റെ പ്രതീകമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also : അടുത്ത 10 വർഷത്തിൽ രാജ്യത്ത് റെക്കോർഡ് എണ്ണം ഡോക്ടർമാർ ഉണ്ടാവും: പ്രധാനമന്ത്രി നരേന്ദ്ര മോദി
ശിവഗിരി തീർത്ഥാടന നവതി ആഘോഷങ്ങളുടെ ഭാഗമായി ബ്രഹ്മവിദ്യാലയത്തിന്റെ കനകജൂബിലി ആഘോഷങ്ങൾക്കും തുടക്കമായി. ദേശീയ അന്തർദേശീയ തലത്തിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾക്കാണ് പ്രധാനമന്ത്രി മോദി തുടക്കമിട്ടത്. ലോക് കല്യാൺ മാർഗിൽ നടക്കുന്ന ചടങ്ങിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന സംയുക്ത ആഘോഷങ്ങളുടെ ലോഗോ പ്രകാശനവും പ്രധാനമന്ത്രി നിർവഹിച്ചു. ശിവഗിരി തീർത്ഥാടനവും ബ്രഹ്മവിദ്യാലയവും ആരംഭിച്ചത് സാമൂഹിക പരിഷ്‌കർത്താവ് ശ്രീനാരായണ ഗുരുദേവന്റെ അനുഗ്രഹവും മാർഗനിർദേശവും കൊണ്ടാണ്.
ബ്രഹ്മവിദ്യാലയ ജൂബിലി, തീർത്ഥാടന നവതി ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, ബ്രഹ്മവിദ്യാലയ കനകജൂബിലി ആഘോഷക്കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ, ഗുരുധർമ്മ പ്രചരണസഭാ സെക്രട്ടറിയും തീർത്ഥാടന നവതി ആഘോഷക്കമ്മിറ്റി സെക്രട്ടറിയുമായ സ്വാമി ഗുരുപ്രസാദ് ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.
Story Highlights: Sivagiri Pilgrimage Navati Celebration; Modi speaks in Malayalam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here