ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ യോഗം വിളിച്ച് സര്‍ക്കാര്‍; തീരുമാനം മീടൂ ആരോപണങ്ങള്‍ വര്‍ധിക്കുന്നതിനിടെ

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ യോഗം വിളിച്ച് സംസ്ഥാന സര്‍ക്കാര്‍. അടുത്ത മാസം നാലിനാണ് യോഗം ചേരുക. സിനിമാ മേഖലയില്‍ മീടൂ ആരോപണങ്ങള്‍ കൂടുതലായി ഉയര്‍ന്നുവരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.
റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ഒന്നര വര്‍ഷം പിന്നിടുമ്പോഴാണ് യോഗം വിളിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്. മെയ് നാലാം തിയതി തിരുവനന്തപുരത്ത് യോഗം നടക്കും. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയിലാണ് യോഗം. എംഎംഎംഎ, ഫെഫ്ക ഉള്‍പ്പെടെ സിനിമാ മേഖലയിലെ എല്ലാ പ്രധാന സംഘടനകളെയും യോഗത്തില്‍ ക്ഷണിച്ചിട്ടുണ്ട്.
ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ തൊഴില്‍ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളെ കുറിച്ച് പഠിച്ച് പരിഹാരം നിര്‍ദേശിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയെ നിയോഗിച്ചത്. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടാത്തതിനെതിരെ നടി പാര്‍വതി തിരുവോത്ത് ഉള്‍പ്പെടെയുള്ളവര്‍ വ്യാപകമായ വിമര്‍ശനം ഉന്നയിച്ചിരുന്നു.
Read Also : നിയമനിർമാണത്തിന് മുൻപ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണം : റിമ കല്ലിങ്കൽ
അതിനിടെ അടൂര്‍, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പുതിയ നിയമം ഉടനെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞിരുന്നു. സിനിമാ മേഖലയിലെ സ്ത്രീ സുരക്ഷ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മുന്നില്‍ക്കണ്ട് ഹേമ കമ്മിഷന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍ കമ്മിറ്റി എന്നിവയുടെ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തുകയാണെന്നും ഇതിന്റെ കരട് തയ്യാറായതായും മന്ത്രി പറഞ്ഞു. എന്നാല്‍ നിയമനിര്‍മാണത്തിന് മുന്‍പ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിടണമെന്നായിരുന്നു നടി റിമ കല്ലിങ്കലിന്റെ വാദം.
Story Highlights: Govt convenes meeting to discuss hema committee report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here