Advertisement

‘സിനിമാ നയം മൂന്ന് മാസത്തിനുള്ളില്‍; അടൂര്‍ ഗോപാലകൃഷ്ണന്റെ പരാമര്‍ശത്തില്‍ വിവാദത്തിലേക്ക് പോകേണ്ട കാര്യമില്ല’; സജി ചെറിയാന്‍

17 hours ago
2 minutes Read
Minister saji cheriyan

സിനിമാ നയം മൂന്ന് മാസത്തിനുള്ളില്‍ രൂപീകരിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ട്വന്റിഫോറിനോട് പറഞ്ഞു. കോണ്‍ക്ലേവില്‍ ഉയര്‍ന്നുവന്ന അഭിപ്രായങ്ങളും നിര്‍ദേശങ്ങളും എല്ലാംകൂടി ചേര്‍ത്ത് ഒരു വെബ്‌സൈറ്റ് പ്രസിദ്ധീകരിക്കുന്നുണ്ട്. വെബ്‌സൈറ്റ് നിലവില്‍ വന്നാല്‍ ജനങ്ങള്‍ക്ക് അടുത്ത പതിനഞ്ച് ദിവസം അവരുടെ അഭിപ്രായം രേഖപ്പെടുത്താം. അതുകൂടി ഞങ്ങള്‍ സ്വീകരിക്കുന്നുണ്ട്. എല്ലാം കൂടി പരമാവധി ഒരു മൂന്ന് മാസം കൊണ്ട് ക്യാബിനറ്റിന് മുന്നിലേക്ക് ഈ നയം എത്തിക്കാന്‍ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്. അതിനുവേണ്ടിയുള്ള വലിയൊരു കഠിന പരിശ്രമം ഞങ്ങള്‍ നടത്തി. . ഇതൊരു ചരിത്ര ദൗത്യമാണ്. മലയാള സിനിമയുടെ നൂറാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ തീര്‍ച്ചയായിട്ടും ഈ ഗവണ്‍മെന്റിന് അഭിമാനിക്കാന്‍ പറ്റുന്ന ഒരു നേട്ടമാകും. കൃത്യവും വ്യക്തവുമായ ഒരു നയം ഭാഗമായിട്ട് ഗവണ്‍മെന്റിന്റെ പൂര്‍ണ്ണമായ പിന്തുണയോടെ നിലവില്‍ വരും – അദ്ദേഹം ഗുഡ് മോര്‍ണിംഗ് വിത്ത് ആര്‍ ശ്രീകണ്ഠന്‍ നായര്‍ ഷോയില്‍ പങ്കെടുത്ത് സംസാരിക്കവേ പറഞ്ഞു.

അടൂര്‍ ഗോപാലകൃഷ്ണന്റെ വിവാദ പരാമര്‍ശത്തെ കുറിച്ചും അദ്ദേഹം മറുപടി പറഞ്ഞു. അടൂര്‍ ഗോപാലകൃഷ്ണന്‍ ലോകസിനിമയുടെ ഏറ്റവും വലിയ ഒരു വാഗ്ദാനമാണ്. അങ്ങനെ ഒരിക്കലും ഒരു ഇടുങ്ങിയ മാനസികാവസ്ഥയില്‍ സംസാരിക്കുന്ന ആളല്ല. അദ്ദേഹത്തിന്റേതായൊരു വേര്‍ഷന്‍ പറഞ്ഞു. അതിന്റെ മറുപടി സര്‍ക്കാരിന്റെ ഭാഗത്തുനിന്നും മന്ത്രി എന്നുള്ള നിലയില്‍ ഞാന്‍ വിശദീകരിക്കുകയും ചെയ്തു.ഇനിയൊരു വിവാദത്തിന്റെ കാര്യമില്ല – അദ്ദേഹം വിശദമാക്കി. എന്താണോ അദ്ദേഹം ഉദ്ദേശിച്ചത് എന്നതിനെ സംബന്ധിച്ച് ഇന്ന് അദ്ദേഹം മാധ്യമങ്ങളില്‍ ഒരു മറുപടി നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ ഞാന്‍ കൃത്യമായ മറുപടി ഗവണ്‍മെന്റിന് വേണ്ടി പറയുകയും ചെയ്തു. ഒരു ഒരു വിട്ടുവീഴ്ചയും ചെയ്യാതെ തന്നെ മറുപടി പറഞ്ഞു. ഗവണ്‍മെന്റ് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മനുഷ്യരോടൊപ്പമാണ്. മലയാള സിനിമയുടെ 98 വര്‍ഷത്തിനിടയില്‍ എത്ര പട്ടികജാതി പട്ടികവര്‍ഗക്കാര്‍ മുഖ്യധാരയിലേക്ക് വന്നു, എത്ര സ്ത്രീകള്‍ മേഖലയില്‍ മുഖ്യധാരയില്‍ വന്നു. എത്ര transgenders മലയാള സിനിമയുടെ മുഖ്യധാരയിലേക്ക് വന്നു, എത്ര അംഗവൈകല്യമുള്ളവര്‍ മുഖ്യധാരയിലേക്ക് വന്നു എന്ന ഗൗരവമേറിയ പ്രശ്‌നമാണ് ഇടതുപക്ഷ മുന്നണി ഗവണ്‍മെന്റ് പരിശോധിച്ചത്. അങ്ങനെ പരിശോധിക്കുമ്പോള്‍ ആ വിഭാഗത്തെ നമ്മള്‍ ഡെവലപ്പ് ചെയ്യണം. അതിന് വേണ്ടി ഒന്നരക്കോടി രൂപ വീതം രണ്ട് സിനിമ എടുക്കാന്‍ പട്ടികജാതി പട്ടികവര്‍ഗ്ഗത്തിന് കൊടുത്തു. മൂന്ന് കോടി രൂപ വനിതകള്‍ക്കും കൊടുത്തു. അങ്ങനെ അഞ്ച് സിനിമ വനിതകളും അഞ്ച് സിനിമ പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗവും എടുത്തു. ഈ 9 സിനിമംയ മനോഹരമായ മൂല്യമുള്ള സിനിമയാണ്. ഈ സിനിമകളെല്ലാം കൃത്യമായി പരിശോധിക്കാനുള്ള ഒരു കമ്മിറ്റിയെ ഞങ്ങള്‍ രൂപീകരിച്ചു. ആ കമ്മിറ്റിയുടെ ആ കൃത്യമായ പരിശോധനയുടെ അടിസ്ഥാനത്തിലാണ് കഥ, മൂല്യം, മെറിറ്റ് എന്നിവ പരിശോധിച്ചാണ് ഇവര്‍ക്ക അനുവാദം കൊടുത്തിട്ടുള്ളത് – അദ്ദേഹം വ്യക്തമാക്കി.

Read Also: കന്യാസ്ത്രീകളുടെ അറസ്റ്റ്: ആക്രമിച്ച ബജ്‌റംഗ്ദര്‍ നേതാക്കള്‍ക്ക് എതിരെ പരാതി നല്‍കി പെണ്‍കുട്ടികള്‍

ഇങ്ങനെയൊരു കോണ്‍ക്ലേവ് ഇന്ത്യയില്‍ ആദ്യമായാണ് നടക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വളരെ ജനാധിപത്യപരമായ പ്രക്രിയയാണ് നടന്നത്. എല്ലാ മേഖലകളെയും കൂടി ഒരു കുടക്കീഴില്‍ കൊണ്ടുവരിക എന്നതാണ് കോണ്‍ക്ലേവ് കൊണ്ട് ഉദ്ദ്യേശിച്ചത്. സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ സംരക്ഷണം, വേതനം, തൊഴില്‍ നിയമങ്ങള്‍ ബാധകമാക്കല്‍ തുടങ്ങി എല്ലാ അവകാശങ്ങളും സംരക്ഷിക്കപ്പെടുന്ന തരത്തില്‍ എങ്ങനെയാണ് തൊഴില്‍ മേഖലയായി പരിഗണിക്കേണ്ടത് എന്നാണ് പ്രധാനമായും കോണ്‍ക്ലേവില്‍ ചര്‍ച്ച ചെയ്തത്. ഷൂട്ടിംഗ് നടക്കുന്ന മേഖലകളില്‍ ഒരു സുരക്ഷിതത്വ ബോധം എല്ലാ പ്രവര്‍ത്തകര്‍ക്കും ഉണ്ടാകണം. ലൊക്കേഷനുകളില്‍ ഇതിനുള്ള സംവിധാനം ഒരുക്കണം. സ്ത്രീകള്‍ക്കുള്ള സുരക്ഷ നൂറ് ശതമാനം പരിപാലിച്ചേ പറ്റൂ. അതിന് ഇന്റേണലായ ഒരു കമ്മിറ്റി സംവിധാനം എങ്ങനെ ഉണ്ടാക്കാന്‍ കഴിയും എന്നതിനെ പറ്റി നേരത്തെ നിശ്ചയിച്ചിരുന്നു. അതിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. പരസ്പരം ഇക്കാര്യത്തില്‍ മേഖലയിലുള്ളവരെല്ലാം ആശയവിനിമയം നടത്തി. ലിംഗ സമത്വം അംഗീകരിച്ചുകൊണ്ട് മുന്നോട്ട് നയിക്കാനുള്ള നിലപാട് സ്വീകരിക്കണമെന്നാണ് അതിന്റെ ഭാഗമായി ചര്‍ച്ച ചെയ്തത്. ലോക സിനിമകള്‍ കേരളത്തിലേക്ക് വരണം. ലൊക്കേഷനുകള്‍ ടൂറിസം ഡെസ്റ്റിനേഷനുകളാക്കി മാറ്റിക്കൊണ്ട് കേരളത്തിന്റെ സമ്പദ്ഘടനയെ ശാക്തീകരിക്കാന്‍ കഴിയുന്ന പുതിയ ഇടമായി സിനിമയെ കാണണം എന്ന നിര്‍ദേശവും മുന്നോട്ട് വച്ചു. ഇതിനോടും നല്ല നിലയിലാണ് എല്ലാവരും പ്രതികരിച്ചത് – അദ്ദേഹം പറഞ്ഞു.

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിഗമനങ്ങള്‍ക്ക് ഗവണ്‍മെന്റ്, പ്രത്യേകിച്ച് മുഖ്യമന്ത്രി അംഗീകാരമാണ് ഈ കോണ്‍ക്ലേവിന്റെ പ്രധാനപ്പെട്ട ഭാഗമെന്നും സജി ചെറിയാന്‍ പറഞ്ഞു. ആ നിഗമനങ്ങള്‍ എല്ലാം തന്നെ പലതരത്തിലായി ഞങ്ങള്‍ അഡ്രസ്സ് ചെയ്തു. സ്ത്രീ സുരക്ഷിതത്വം, നിയമനിര്‍മാണമടക്കമുള്ള കാര്യങ്ങള്‍ തൊഴില്‍മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ എല്ലാം ഒന്നൊന്നായി അഭിസംബോധന ചെയ്തുകൊണ്ട് അങ്ങനെ ഒരു കമ്മിറ്റിയെ വെറുതെ വെച്ചതല്ല. ആ കമ്മിറ്റി പറഞ്ഞ നിഗമനങ്ങളും നിര്‍ദ്ദേശങ്ങളും എങ്ങനെ നടപ്പാക്കാന്‍ കഴിയുമെന്നതിനെപ്പറ്റി കൃത്യവും വ്യക്തവുമായ ഒരു പ്ലാറ്റ്‌ഫോമിലേക്ക് ഞങ്ങളത് അവതരിപ്പിച്ചു. എല്ലാവരും അത് നന്നായി സ്വീകരിച്ചു. ആ റിപ്പോര്‍ട്ടിലെ നിഗമനങ്ങള്‍ നമുക്ക് ഭാവിയില്‍ നടപ്പാക്കാന്‍ കഴിയുമെന്ന് തന്നെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. ആ കാര്യത്തില്‍ ഒരു സംശയവും വേണ്ട. റിപ്പോര്‍ട്ട് വെളിച്ചം കണ്ടില്ല, കളിപ്പിച്ചു എന്നെല്ലാം കളിപ്പിച്ചു മാധ്യമങ്ങളും ചില വ്യക്തികളും ഒക്കെ പറഞ്ഞു. ഈ മേഖലയില്‍ നടപ്പാക്കേണ്ട നിര്‍ദ്ദേശങ്ങള്‍ എന്തൊക്കെയാണ് എന്നതില്‍ ഊന്നി നിന്നുകൊണ്ടാണ് ഞങ്ങള്‍ ആ വിഷയത്തെ കണ്ടത്. അല്ലാതെ അതിന്റെ ഉള്ളിലേക്ക് പോയി ഓരോന്നും ചികഞ്ഞ് പരിശോധിച്ച് ഓരോരുത്തരെ വ്യക്തിപരമായി ആക്ഷേപിക്കാന്‍ വല്ലതും ഉണ്ടോ? കണ്ടെത്താന്‍ കഴിയുമോ? ഇതൊന്നും ഞങ്ങളെ സംബന്ധിച്ച് ബാധകമായതല്ല. അത് നിയമത്തിന്റെ ഭാഗമായി നിയമത്തിന്റെ വഴിക്ക് പോട്ടെ – അദ്ദേഹം പറഞ്ഞു.

Story Highlights : Saji Cheriyan about Cinema Conclave

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top