ലഖിംപൂര്‍ ഖേരി: ആശിഷ് മിശ്രയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

ലഖിംപൂര്‍ ഖേരി കേസില്‍ ആശിഷ് മിശ്രയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി. അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് രാജീവ് സിംഗാണ് പിന്മാറിയത്. ആശിഷ് മിശ്രയ്ക്ക് ജാമ്യം അനുവദിച്ചത് ജസ്റ്റിസ് രാജീവ് സിംഗ് ആയിരുന്നു. അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജാമ്യാപേക്ഷ പരിഗണിക്കുന്നതിനായി പുതിയ ബെഞ്ച് രൂപീകരിക്കും. അലഹബാദ് ഹൈക്കോടതിയെ വിമര്‍ശിച്ച് സുപ്രിംകോടതി മിശ്രയുടെ ജാമ്യം റദ്ദാക്കിയിരുന്നു. (Lakhimpur judge recuses himself from hearing Ashish Mishra’s bail plea)
ജസ്റ്റിസ് രാജീവ് സിംഗ് ഉള്‍പ്പെട്ട ഹൈക്കോടതി ബെഞ്ച് 2022 ഫെബ്രുവരി 10 നാണ് ആശിഷ് മിശ്രയ്ക്ക് ജാമ്യം അനുവദിച്ചിരുന്നത്. തുടര്‍ന്ന് മരിച്ചവരുടെ ബന്ധുക്കള്‍ സുപ്രിംകോടതിയെ സമീപിച്ചതോടെ ഈ വിധി ചോദ്യം ചെയ്യപ്പെടുകയായിരുന്നു. ഏപ്രില്‍ 18ന് മിശ്രയ്ക്ക് ജാമ്യം അനുവദിച്ച അലഹബാദ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കുകയും പ്രതികളോട് ഒരാഴ്ചയ്ക്കകം കീഴടങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
അപ്രസക്തമായ പരിഗണനകള്‍ കണക്കിലെടുത്ത് മിശ്രയ്ക്ക് ജാമ്യം അനുവദിച്ചതിനും ഇരയുടെ വാദം കേള്‍ക്കാനുള്ള അവകാശം നിഷേധിച്ചതിനുമാണ് സുപ്രീം കോടതി ഹൈക്കോടതിയെ ശാസിച്ചത്. സുപ്രീം കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് ഏപ്രില്‍ 24ന് കീഴടങ്ങിയ മിശ്രയെ ജയിലിലേക്ക് അയച്ചിരുന്നു.
കേന്ദ്രത്തിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുകയായിരുന്ന കര്‍ഷകര്‍ക്ക് നേരെ കാര്‍ ഓടിച്ചുകയറ്റി എന്നതാണ് മിശ്രയ്‌ക്കെതിരായ കേസ്. നാല് കര്‍ഷകരും മാധ്യമപ്രവര്‍ത്തകനുമാണ് അന്ന് കൊല്ലപ്പെട്ടത്.
Story Highlights: Lakhimpur judge recuses himself from hearing Ashish Mishra’s bail plea

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here