ലഖിംപൂർ കർഷക കൂട്ടക്കൊല: കേന്ദ്രമന്ത്രിയുടെ മകന്റെ ഇടക്കാല ജാമ്യം നീട്ടി

2021-ലെ ലഖിംപൂർ ഖേരി കർഷക കൂട്ടക്കൊല കേസിൽ ആശിഷ് മിശ്രയ്ക്ക് ആശ്വാസം. കേന്ദ്രമന്ത്രി അജയ് കുമാർ മിശ്രയുടെ മകന് അനുവദിച്ച ഇടക്കാല ജാമ്യം സുപ്രീം കോടതി നീട്ടി. സെപ്തംബർ 26 വരെയാണ് ഇടക്കാല ജാമ്യം നീട്ടിയിരിക്കുന്നത്. ജനുവരിയിൽ ആശിഷ് മിശ്രയ്ക്ക് സുപ്രീം കോടതി എട്ടാഴ്ചത്തെ ജാമ്യം അനുവദിക്കുകയും ജയിൽ മോചിതനായി ഒരാഴ്ചയ്ക്കകം ഉത്തർപ്രദേശ് വിടാൻ നിർദേശിക്കുകയും ചെയ്തിരുന്നു.
ജസ്റ്റിസുമാരായ സൂര്യകാന്ത്, ദീപങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കേസിൽ പ്രതിദിന വാദം കേൾക്കാൻ വിചാരണക്കോടതിക്ക് നിർദേശം നൽകാനാവില്ലെന്നും നിലവിലുള്ള മറ്റ് കേസുകളെ ബാധിക്കുമെന്നും ഏപ്രിൽ 24ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇടക്കാല ജാമ്യം സെപ്റ്റംബർ 26 വരെ നീട്ടിയത്. ജനുവരിയിൽ, ആശിഷ് മിശ്രയ്ക്ക് കോടതി എട്ടാഴ്ചത്തെ ജാമ്യം അനുവദിച്ചിരുന്നു. കർശന ഉപാധികളോടെയായിരുന്നു ജാമ്യം. സാക്ഷികളെ നേരിട്ടോ അല്ലാതെയോ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ അദ്ദേഹമോ കുടുംബമോ അനുയായികളോ നടത്തുന്ന ഏതൊരു ശ്രമവും ജാമ്യം റദ്ദാക്കാൻ ഇടയാക്കുമെന്ന് ബെഞ്ച് പറഞ്ഞിരുന്നു.
2021 ഒക്ടോബർ 3-ന് അന്നത്തെ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ സന്ദർശനത്തിനെതിരെ കർഷകർ നടത്തിയ പ്രതിഷേധത്തിനിടെ ലഖിംപൂർ ഖേരി ജില്ലയിലെ ടികുനിയയിൽ നടന്ന അക്രമത്തിൽ എട്ട് പേരാണ് മരിച്ചത്. അപകടത്തിൽ നാല് കർഷകരെ ആശിഷ് മിശ്ര ഇരുന്ന എസ്‌യുവി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സംഭവത്തെത്തുടർന്ന് എസ്‌യുവിയുടെ ഡ്രൈവറെയും രണ്ട് ബിജെപി പ്രവർത്തകരെയും ഒരു മാധ്യമപ്രവർത്തകനെയും രോഷാകുലരായ കർഷകർ കൊലപ്പെടുത്തി.
Story Highlights: Interim Bail Of Minister’s Son Extended In Lakhimpur Kheri Case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here