Advertisement

ഇതിഹാസതുല്യമായ രാഷ്ട്രീയ ജീവിതം; പുതുപ്പള്ളി രാഘവന്‍ ഓര്‍മയായിട്ട് 22 വര്‍ഷം

April 27, 2022
Google News 1 minute Read
puthuppally raghavan death anniversary

ഇതിഹാസതുല്യമായ രാഷ്ട്രീയ ജീവിതം നയിച്ച പുതുപ്പള്ളി രാഘവന്‍ ഓര്‍മയായിട്ട് ഇന്നേക്ക് 22 വര്‍ഷം. സ്വാതന്ത്ര്യ സമരസേനാനി, കമ്യൂണിസ്റ്റ് സൈദ്ധാന്തികന്‍, എഴുത്തുകാരന്‍ എന്നീ നിലകളിലെല്ലാം പ്രതിഭ തെളിയിച്ച അപൂര്‍വ വ്യക്തിത്വമായിരുന്നു പുതുപ്പള്ളി രാഘവന്റേത്.

പുതുപ്പള്ളി എന്നറിയപ്പെട്ടിരുന്ന ജനകീയ നേതാവായിരുന്നു അദ്ദേഹം. സ്വന്തം പ്രസ്ഥാനത്തിനും നാടിനും വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച പുതുപ്പള്ളി മധ്യതിരുവിതാംകൂറില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. ഇന്ത്യന്‍ സ്വാതന്ത്ര സമര പോരാട്ടങ്ങളില്‍ സജീവ സാന്നിധ്യമായി. വൈക്കം സത്യഗ്രഹം, ഉപ്പു സത്യഗ്രഹം, ഗാന്ധിജിയോടൊപ്പം വാര്‍ധാ ആശ്രമവാസം എന്നിവയിലും പങ്കാളിയായി.

പിന്നീട് ഇന്ത്യ മുഴുവന്‍ യാത്രചെയ്തു. യൂത്ത്‌ലീഗ് നേതാക്കളുമായി ചേര്‍ന്ന് സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനത്തില്‍ സജീവമായി. 1942ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി. വള്ളിക്കുന്നത്തെ കര്‍ഷകത്തൊഴിലാളികളെയും ഇടത്തരം കൃഷിക്കാരെയും പുതുപ്പള്ളി രാഘവന്‍ സംഘടിപ്പിച്ചുനിര്‍ത്തി. ശൂരനാട്ട് നാലു പൊലീസുകാര്‍ നാട്ടുകാരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പിന്നീട് അറസ്റ്റിലാകുന്നു. ലോക്കപ്പില്‍ പൊലീസിന്റെ മൃഗീയ മര്‍ദനത്തിന്റെ ഇരയുമായി മാറി.

പൂജപ്പുര സെന്‍ട്രല്‍ ജയിലിലും നാഗര്‍കോവില്‍ ക്ഷയരോഗ ആശുപത്രിയിലുമായുള്ള ദീര്‍ഘകാല തടവുജീവിതം പുതുപ്പള്ളി രാഘവനെ അവശനാക്കി. തോപ്പില്‍ ഭാസിയെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് കൈപിടിച്ച് കൊണ്ടുവന്നത് പുതുപ്പള്ളിയാണ്. ഗുരുനിത്യചൈതന്യയതിയുമായും നായര്‍ സമുദായത്തെക്കുറിച്ച് പഠിച്ച റോബിന്‍ ജെഫ്രിയുമായും അടുത്ത ബന്ധം പുലര്‍ത്തി.

Read Also : വിട പറഞ്ഞത് മലയാളത്തിന്റെ ഇതിഹാസ കഥാകാരൻ

1964ല്‍ കമ്യൂണിസ്റ്റ്പാര്‍ട്ടി പിളര്‍ന്നതോടെ സജീവ രാഷ്ട്രീയത്തില്‍നിന്നു പിന്‍വാങ്ങി. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ എന്റെ വിപ്ലവ സ്മരണകള്‍ കേരള പത്രപ്രവര്‍ത്തന ചരിത്രം ഉള്‍പ്പെടെ ഒട്ടേറെ രചനകള്‍ പുതുപ്പള്ളി രാഘവന്റേതായുണ്ട്. മനുഷ്യസ്‌നേഹിയായ കമ്യൂണിസ്റ്റ് എന്ന വിശേഷണത്തിന് എല്ലാ അര്‍ത്ഥത്തിലും അര്‍ഹനായ പുതുപ്പള്ളി രാഘവന്‍ വിടവാങ്ങിയത് രണ്ടായിരാമാണ്ട് ഏപ്രില്‍ 27 നാണ്.

Story Highlights: puthuppally raghavan death anniversary

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here