അഭിഷേക് ശർമ്മയ്ക്കും എയ്ഡൻ മാർക്രത്തിനും ഫിഫ്റ്റി; ഗുജറാത്തിന് 196 റൺസ് വിജയലക്ഷ്യം

സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് 196 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി 195 റൺസ് നേടി. 65 റൺസെടുത്ത അഭിഷേക് ശർമ്മയാണ് സൺറൈസേഴ്സിൻ്റെ ടോപ്പ് സ്കോറർ. എയ്ഡൻ മാർക്രം 56 റൺസെടുത്തു. ഗുജറാത്തിനായി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റ് വീഴ്ത്തി.
ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ സൺറൈസേഴ്സിന് മൂന്നാം ഓവറിൽ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. 5 റൺസെടുത്ത താരത്തെ മുഹമ്മദ് ഷമി ക്ലീൻ ബൗൾഡാക്കുകയായിരുന്നു. മൂന്നാം നമ്പറിലെത്തിയ രാഹുൽ ത്രിപാഠി (16) ഷമിയ്ക്കെതിരെ തുടരെ ഒരു സിക്സറും രണ്ട് ബൗണ്ടറികളും നേടിയെങ്കിലും അതേ ഓവറിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങി.
മൂന്നാം വിക്കറ്റിൽ അഭിഷേക് ശർമ്മയ്ക്ക് കൂട്ടായി എയ്ഡൻ മാർക്രം എത്തിയതോടെ സ്കോർ ഉയരാൻ തുടങ്ങി. റാഷിദ് ഖാനെപ്പോലും അനായാസം നേരിട്ട സഖ്യം 96 റൺസിൻ്റെ തകർപ്പൻ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. 33 പന്തുകളിൽ അഭിഷേക് ശർമ്മ ഫിഫ്റ്റി തികച്ചു. റാഷിദ് ഖാനെ ബൗണ്ടറിക്ക് പുറത്തേക്ക് പറത്തിയാണ് താരം അർധസെഞ്ചുറി പൂർത്തിയാക്കിയത്. 16ആം ഓവറിൽ അഭിഷേക് ശർമ്മയുടെ കുറ്റി പിഴുത അൽസാരി ജോസഫ് ഈ കൂട്ടുകെട്ട് പൊളിച്ചു. 42 പന്തുകൾ നേരിട്ട താരം 4 ബൗണ്ടറിയും മൂന്ന് സിക്സറും സഹിതമാണ് 65 റൺസ് നേടിയത്.
അഭിഷേകിനു പിന്നാലെയെത്തിയ നിക്കോളാസ് പൂരാൻ (3) വേഗം മടങ്ങി. പൂരാനെ ഷമി ശുഭ്മൻ ഗില്ലിൻ്റെ കൈകളിലെത്തിച്ചു. പിന്നാലെ 35 പന്തുകളിൽ മാർക്രം ഫിഫ്റ്റി തികച്ചു. ഫിഫ്റ്റിക്ക് പിന്നാലെ മാർക്രവും മടങ്ങി. 40 പന്തുകളിൽ 2 ബൗണ്ടറിയും മൂന്ന് സിക്സറും സഹിതം 56 റൺസെടുത്ത താരത്തെ യാഷ് ദയാൽ ഡേവിഡ് മില്ലറിൻ്റെ കൈകളിൽ എത്തിക്കുകയായിരുന്നു. വാഷിംഗ്ടൺ സുന്ദറിനെ (3) അൽസാരി ജോസഫ് നേരിട്ടുള്ള ഏറിലൂടെ റണ്ണൗട്ടാക്കി. ശശാങ്ക് സിംഗും (6 പന്തിൽ 25) മാർക്കോ ജാൻസനും (5 പന്തിൽ 8) പുറത്താവാതെ നിന്നു. ലോക്കി ഫെർഗൂസൻ എറിഞ്ഞ അവസാന ഓവറിൽ ഇരുവരും നടത്തിയ കൂറ്റനടികളാണ് ഹൈദരാബാദിനെ190 കടത്തിയത്.
Story Highlights: sunrisers hyderabad innings gujarat titans
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here