ഐപിഎൽ: ശ്രേയാസ് അയ്യർ മുൻ ടീമിനെതിരെ; ഇരുവർക്കും ജയം അനിവാര്യം

ഐപിഎലിൽ ഇന്ന് ഡൽഹി ക്യാപിറ്റൽസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. പോയിൻ്റ് പട്ടികയിൽ ഡൽഹി ക്യാപിറ്റൽസ് ഏഴാമതും കൊൽക്കത്ത എട്ടാമതും ആണ്. ഇരു ടീമുകൾക്കും മൂന്ന് ജയം സഹിതം 6 പോയിൻ്റാണെങ്കിൽ ഡൽഹി ഏഴും കൊൽക്കത്ത എട്ടും മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്.
രാജസ്ഥാൻ റോയൽസിനെതിരെ ഒരു വിവാദ പരാജയം ഏറ്റുവാങ്ങിയാണ് ഡൽഹിയുടെ വരവ്. മിച്ചൽ മാർഷ് കൊവിഡ് ബാധിച്ച് പുറത്തായത് അവരെ കാര്യമായി ബാധിച്ചിട്ടില്ലെങ്കിലും രാജസ്ഥാനെതിരായ പരാജയം വൈകാരികമായി അവരെ തളർത്തിയിട്ടുണ്ടാവണം. കടലാസിൽ ഡൽഹി ശക്തമായ ടീമാണ്. പൃഥ്വി ഷാ, ഡേവിഡ് വാർണർ എന്നിവരിലൂടെ ആരംഭിച്ച് ഋഷഭ് പന്ത്, റോവ്‌മൻ പവൽ, ലളിത് യാദവ് എന്നിവരിലൂടെ ശാർദ്ദുൽ താക്കൂർ വരെ നീളുന്ന 8 ബാറ്റിംഗ് ഓപ്ഷനുകൾ. ഖലീൽ, മുസ്തഫിസുർ, കുൽദീപ് എന്നിവരിലൂടെ ആരംഭിച്ച് ലളിത് യാദവ് വരെ നീളുന്ന ഏഴ് ബൗളിംഗ് ഓപ്ഷനുകൾ. പക്ഷേ, ടീം സെറ്റാവുന്നില്ല. മുസ്തഫിസുർ തീരെ ഫോമിലല്ല. ഒന്നുകിൽ ബൗളിംഗ് നിരയോ അല്ലെങ്കിൽ ബാറ്റിംഗ് നിരയോ നിരാശപ്പെടുത്തുന്നു. കൊവിഡ് മുക്തനായ മിച്ചൽ മാർഷ് ടീമിലെത്തിയേക്കും.
കൊൽക്കത്തയെ പരിഗണിച്ചാൽ അവർക്കും കടലാസിൽ നല്ല ഒരു ടീമുണ്ട്. എന്നാൽ, ക്യാപ്റ്റൻ ശ്രേയാസ് അയ്യർ ഉൾപ്പെടെ ആരും സ്ഥിരത പുലർത്തുന്നില്ല. സാം ബില്ലിങ്സ്, വെങ്കടേഷ് അയ്യർ, നിതീഷ് റാണ എന്നിവരൊക്കെ നിരാശപ്പെടുത്തുന്നു. ടീമിൽ ആകെ സ്ഥിരമായി മികച്ചുനിൽക്കുന്നത് ആന്ദ്രേ റസലും സുനിൽ നരേനും മാത്രമാണ്. ബാക്കിയെല്ലാവരും തുടരെ നിരാശപ്പെടുത്തുന്നു. ബൗളിംഗ് പരിഗണിച്ചാൽ ഉമേഷ് യാദവ് പവർ പ്ലേയിൽ നന്നായി എറിയുന്നു. വരുൺ ചക്രവർത്തി കരിയറിലെ മോശം ഫോമിൽ. കമ്മിൻസ് നിരാശപ്പെടുത്തുന്നു. പകരമെത്തിയ ടിം സൗത്തി നല്ല പ്രകടനം നടത്തുന്നു. ടീമിൽ ചില മാറ്റങ്ങൾ ഉണ്ടാവാനിടയുണ്ട്.
Story Highlights: ipl delhi capitals kolkata knight riders
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here