വീണ്ടും കുൽദീപ് മാജിക്ക്; പൊരുതി നിതീഷും ശ്രേയാസും: ഡൽഹിക്ക് 147 റൺസ് വിജയലക്ഷ്യം

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 147 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടപ്പെടുത്തി 146 റൺസെടുത്തു. നിതീഷ് റാണ (57), ശ്രേയാസ് അയ്യർ (42) എന്നിവർ കൊൽക്കത്തയ്ക്കായി തിളങ്ങി. 3 ഓവറിൽ വെറും 14 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവാണ് കൊൽക്കത്തയെ തകർത്തത്. ആദ്യ പാദത്തിലും കൊൽക്കത്തയ്ക്കെതിരെ കുൽദീപ് 4 വിക്കറ്റ് വീഴ്ത്തിയിരുന്നു.
വീണ്ടും ഓപ്പണിംഗ് സഖ്യത്തിൽ മാറ്റം വരുത്തിയാണ് കൊൽക്കത്ത ഇറങ്ങിയത്. ഇത്തവണ ആരോൺ ഫിഞ്ചും വെങ്കടേഷ് അയ്യരുമാണ് കൊൽക്കത്ത ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്. എന്നാൽ, രണ്ടാം ഓവറിൽ ഈ സഖ്യം വേർപിരിഞ്ഞു. 3 റൺസെടുത്ത ഓസീസ് ക്യാപ്റ്റനെ സീസണിലെ ആദ്യ മത്സരം കളിക്കുന്ന ചേതൻ സക്കരിയ ക്ലീൻ ബൗൾഡാക്കി. വെങ്കടേഷും ഏറെ വൈകാതെ മടങ്ങി. 6 റൺസെടുത്ത താരത്തെ അക്സർ പട്ടേൽ ചേതൻ്റെ കൈകളിലെത്തിച്ചു.
മൂന്നാം നമ്പറിലെത്തിയ ശ്രേയാസ് അയ്യർ ഉറച്ചുനിന്ന് കളിച്ചു. എന്നാൽ താരത്തിനു പിന്തുണ നൽകാൻ ആർക്കും സാധിച്ചില്ല. ആദ്യ മത്സരം കളിക്കാനിറങ്ങിയ ബാബ ഇന്ദ്രജിത്ത് (6), സുനിൽ നരേൻ (0) എന്നിവരെ മടക്കി കുൽദീപ് കൊൽക്കത്തയുടെ നട്ടെല്ലൊടിച്ചു. ഇന്ദ്രജിത്തിനെ റോവ്മൻ പവൽ പിടികൂടിയപ്പോൾ നരേൻ വിക്കറ്റിനു മുന്നിൽ കുടുങ്ങി. ഒരുവശത്ത് തുടരെ വിക്കറ്റുകൾ നഷ്ടമാവുമ്പോഴും പിടിച്ചുനിന്ന ശ്രേയാസ് അഞ്ചാം വിക്കറ്റിൽ നിതീഷ് റാണയെ കൂട്ടുപിടിച്ച് ഇന്നിംഗ്സ് കെട്ടിപ്പടുക്കാൻ ശ്രമിച്ചു. 48 റൺസ് നീണ്ട ഈ കൂട്ടുകെട്ട് ഒടുവിൽ തകർത്തത് കുൽദീപ് യാദവായിരുന്നു. 37 പന്തിൽ 4 ബൗണ്ടറി അടക്കം 42 റൺസെടുത്ത ശ്രേയാസിനെ ഋഷഭ് പന്ത് പിടികൂടുകയായിരുന്നു. ആ ഓവറിൽ തന്നെ ആന്ദ്രേ റസലും (0) പുറത്ത്. റസലിനെ ഋഷഭ് പന്ത് സ്റ്റമ്പ് ചെയ്ത് പുറത്താക്കുകയായിരുന്നു.
ഏഴാം വിക്കറ്റിൽ നിതീഷ് റാണയ്ക്കൊപ്പം റിങ്കു സിംഗ് ചേർന്നതോടെ സ്കോർ ഉയരാൻ തുടങ്ങി. 30 പന്തുകളിൽ നിതീഷ് റാണ ഫിഫ്റ്റി തികച്ചു. നിതീഷുമൊത്ത് 62 റൺസിൻ്റെ തകർപ്പൻ കൂട്ടുകെട്ടുയർത്തിയ ശേഷം റിങ്കു സിംഗ് മടങ്ങി. അവസാന ഓറിൽ മുസ്തഫിസുർ റഹ്മാൻ താരത്തെ റോവ്‌മൻ പവലിൻ്റെ കൈകളിൽ എത്തിക്കുകയായിരുന്നു. 16 പന്തുകളിൽ 3 ബൗണ്ടറികൾ സഹിതം 23 റൺസെടുത്താണ് റിങ്കു പുറത്തായത്. അതേ ഓവറിൽ തന്നെ നിതീഷ് റാണയും പുറത്ത്. 34 പന്തിൽ 3 ബൗണ്ടറികളും 4 സിക്സറുകളും സഹിതം 57 റൺസെടുത്ത താരത്തെ ചേതൻ സക്കരിയ കൈപ്പിടിയിലൊതുക്കി. ടിം സൗത്തി (0) കുറ്റി തെറിച്ച് മടങ്ങി.
Story Highlights: kolkata knight riders innings delhi capitals
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here