Advertisement

നാല് വിജയം; നാല് മാൻ ഓഫ് ദി മാച്ചുകൾ: കുൽദീപ് യാദവ് പൊളിച്ചെഴുതുന്നത്

April 29, 2022
2 minutes Read
kuldeep yadav delhi capitals
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇന്ത്യയിലെ ഒരേയൊരു ചൈനമാൻ ബൗളറാണ് കുൽദീപ് യാദവ്. ചൈനമാൻ ബൗളർ എന്നാൽ ലളിതമായി ലെഫ്റ്റ് ആം അണോർത്തഡോക്സ് സ്പിൻ ബൗളർ. കുറച്ചുകൂടി ലളിതമാക്കിയാൽ ലെഫ്റ്റ് ആം ഓഫ് സ്പിന്നർ. ഇന്ത്യയിലെ ഒരേയൊരു ബൗളർ എന്നതിലുപരി ലോക ക്രിക്കറ്റിൽ ഇന്ന് സജീവമായി ആകെ മൂന്ന് ചൈനമാൻ ബൗളർമാരേയുള്ളൂ. ദക്ഷിണാഫ്രിക്കയുടെ തബ്രൈസ് ഷംസിയും ശ്രീലങ്കയുടെ ലക്ഷൻ സണ്ടകനുമാണ് കുൽദീപിനെ മാറ്റിനിർത്തിയാൽ ഈ വിഭാഗത്തിൽ പെടുന്ന ബൗളർമാർ. അത്ര യുണീക്കായ സ്പീഷീസാണ് ഇവർ. വംശനാശഭീഷണി നേരിടാതെ സംരക്ഷിച്ചുനിർത്തേണ്ട വിഭാഗം. (kuldeep yadav delhi capitals)

അശ്വിൻ-ജഡേജ കൂട്ടുകെട്ടിനു ശേഷം കോലിയുടെ കീഴിൽ ഇന്ത്യ പുതിയൊരു സ്പിൻ ദ്വയത്തിനു തുടക്കമിട്ടു. അതാണ് കുൽ-ച. കുൽദീപ് യാദവും യുസ്‌വേന്ദ്ര ചഹാലും ചേർന്ന ഡെഡ്ലി കോമ്പോ ഇന്ത്യയുടെ മാച്ച് വിന്നിങ് ജോഡി ആയിരുന്നു. ലെഗ് സ്പിന്നറും ചൈനമാനും ചേർന്ന കൂട്ടുകെട്ട് എതിർ ബാറ്റർമാർക്ക് തലവേദനയായി.

ഇനി 2019 ഐപിഎലിലേക്ക് പോകാം. ഏപ്രിൽ 19ന് ഈഡൻ ഗാർഡൻസിൽ നടന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ-കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പോരാട്ടം. റോയൽ ചലഞ്ചേഴ്സിൻ്റെ ഇന്നിംഗ്സിൽ 16ആം ഓവർ എറിഞ്ഞത് കുൽദീപായിരുന്നു. സ്ട്രൈക്കിൽ ഇംഗ്ലീഷ് ഓൾറൗണ്ടർ മൊയീൻ അലി. ഓവറിൽ പിറന്നത് മൂന്ന് സിക്സും രണ്ട് ബൗണ്ടറിയും സഹിതം 27 റൺസ്. അവസാന പന്തിൽ മൊയീനെ പുറത്താക്കാൻ സാധിച്ചെങ്കിലും കുൽദീപിന് അത് വലിയ ഒരു ഞെട്ടലായിരുന്നു. ഓവർ പൂർത്തിയാക്കിയതിനു ശേഷം കണ്ണുനിറഞ്ഞ് മൈതാനത്തിരുന്ന കുൽദീപിനെ ക്യാമറക്കണ്ണുകൾ ഒപ്പിയെടുത്തു. സീസണിൽ പിന്നെ കുൽദീപ് കളിച്ചില്ല. മൊയീൻ്റെ ബ്രൂട്ടൽ ഹിറ്റിംഗും ടീമിൽ നിന്നുള്ള ഒഴിവാക്കലും കുൽദീപിനെ സാരമായി ബാധിച്ചു. ഫോം മങ്ങി. ആത്മവിശ്വാസം നഷ്ടപ്പെട്ടു. 2020 സീസണിൽ വെറും അഞ്ച് മത്സരങ്ങൾ കളിച്ച താരം അടുത്ത സീസണിൽ എല്ലാ കളികളിലും ബെഞ്ചിലിരുന്നു. ഇതിനിടെ കെകെആറിൽ വരുൺ ചക്രവർത്തി ഉദിച്ചുയർന്നു. കുൽദീപിന് ദേശീയ ടീമിലെ സ്ഥാനം നഷ്ടപ്പെട്ടു. ഫോം ഡിപ്പിൻ്റെ, അപമാനത്തിൻ്റെ, കരിയറിലെ ഏറ്റവും മോശം ഇടത്തിലേക്ക് കുൽദീപ് വീണു.

ഈ സീസണു മുന്നോടി ആയുള്ള ലേലത്തിൽ ഡൽഹി ക്യാപിറ്റൽസ് 2 കോടി രൂപയ്ക്ക് കുൽദീപിനെ ടീമിലെത്തിച്ചു. പഞ്ചാബ് കിംഗ്സ് മാത്രമാണ് താരത്തിനായി പാഡിൽ ഉയർത്തിയ മറ്റൊരു ടീം. “ഞാൻ ഇവിടെ സന്തോഷവാനാണ്. ഞാൻ എല്ലാ മത്സരങ്ങളും കളിക്കുമെന്ന് റിക്കി പോണ്ടിംഗ് (ഡൽഹി ക്യാപിറ്റൽസ് പരിശീലകൻ) എനിക്ക് ഉറപ്പുനൽകിയിട്ടുണ്ട്.”- കുൽദീപ് പറഞ്ഞു. ഈ ഉറപ്പ് കളിക്കളത്തിൽ പ്രതിഫലിച്ചു. മുംബൈ ഇന്ത്യൻസിനെതിരെ നടന്ന ആദ്യ മത്സരത്തിൽ 18 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയാണ് കുൽദീപ് സീസൺ ആരംഭിച്ചത്. ആ കളി മാൻ ഓഫ് ദി മാച്ച്. ഡൽഹി ആകെ ഈ സീസണിൽ വിജയിച്ചത് നാല് മത്സരങ്ങൾ. അതിൽ എല്ലാം മാൻ ഓഫ് ദി മാച്ച് ആയത് കുൽദീപ് ആയിരുന്നു. 8 മത്സരങ്ങളിൽ നിന്ന് 17 വിക്കറ്റ് നേടിയ കുൽദീപ് പർപ്പിൾ ക്യാപ്പ് പോരിൽ രണ്ടാമതാണ്. ഒരു വിക്കറ്റ് മാത്രം അധികം നേടി യുസ്‌വേന്ദ്ര ചഹാൽ ആണ് ഒന്നാമത്. കുൽ-ച ഈസ് ബാക്ക്.

എടുത്തുപറയേണ്ട മറ്റൊരു കാര്യം, ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ പങ്കാണ്. ഐപിഎലിനു തൊട്ടുമുൻപ് വെസ്റ്റ് ഇൻഡീസിനെതിരെ നടന്ന ഏകദിന പരമ്പരയിൽ രോഹിത് കുൽദീപിനെ തിരിച്ചുവിളിച്ചു. ഒരു മത്സരം കളിച്ച കുൽദീപ് രണ്ട് വിക്കറ്റ് വീഴ്ത്തി. തൻ്റെ ദേശീയ ടീം സെറ്റപ്പിൽ കുൽദീപ് ഉണ്ടാവുമെന്ന സൂചനയാണ് രോഹിത് നൽകിയത്.

“എനിക്കിപ്പോ പരാജയപ്പെടുമെന്ന ഭയമില്ല. ഇപ്പോൾ മാനസികമായി ഞാൻ ഏറെ കരുത്തനാണ്.”- കുൽദീപ് പറയുന്നു.

തോൽക്കാൻ പേടിയില്ലാത്തവനെ ഭയക്കണം.

Story Highlights: kuldeep yadav delhi capitals ipl

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement