Advertisement

ക്യൂ തെറ്റിച്ച് പെട്രോൾ അടിച്ച് നൽകാത്തതിന് പമ്പ് ജീവനക്കാരനെ വെട്ടിയ യുവാക്കളിൽ ഒരാൾ പിടിയിൽ

April 29, 2022
Google News 2 minutes Read

തിരുവനന്തപുരം കണിയാപുരത്തെ ഇന്ത്യൻ ഓയിൽ പമ്പിൽ ക്യൂ തെറ്റിച്ച് പെട്രോൾ അടിച്ച് നൽകാത്തതിന് ജീവനക്കാരനെ വെട്ടിപ്പരിക്കേൽപ്പിച്ച യുവാക്കളിൽ ഒരാൾ മംഗലപുരം പൊലീസിന്റെ പിടിയിലായി. ബൈക്കോടിച്ചിരുന്ന പള്ളിപ്പുറം പായ്ച്ചിറ സ്വദേശി ഷഫീഖ് (26) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ 18നാണ് കണിയാപുരത്തെ ഇന്ത്യൻ ഓയിൽ പമ്പിൽ ബൈക്കിലെത്തിയ സംഘം അക്രമം അഴിച്ചുവിട്ടത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ ഷഫീഖിനെ റിമാൻഡ് ചെയ്തു.

പമ്പിലെ ജീവനക്കാരനായ കണിയാപുരം ചിറ്റാറ്റുമുക്ക് സ്വദേശി അജീഷിന് (19) വെട്ടുകത്തി കൊണ്ടുള്ള ആക്രമണത്തിൽ ​ഗുരുതരമായി പരിക്കേറ്റിരുന്നു. യുവാക്കളുടെ ആക്രമണം നടക്കുമ്പോൾ നിരവധി വാഹനങ്ങൾ ഇന്ധനം നിറയ്ക്കാനായി പമ്പിൽ കാത്തുനിൽക്കുന്നുണ്ടായിരുന്നു. പമ്പിൽ നല്ല തിരക്കുള്ള സമയമായതിനാൽ ക്യൂവിൽ നിൽക്കാൻ ജീവനക്കാരൻ ആവശ്യപ്പെട്ടെങ്കിലും ഇവർ അതിന് തയ്യാറാകാതെ പ്രകോപിതരായി ആക്രമണം അഴിച്ചുവിടുകയായിരുന്നു.

Read Also : പാലക്കാട് എസ്ഡിപിഐ പ്രവർത്തകർ വെട്ടിപ്പരിക്കേൽപ്പിച്ച യുവാവ് മരിച്ചു

ബൈക്കിന് പിന്നിലിരുന്ന യുവാവാണ് ചാടിയിറങ്ങി പമ്പ് ജീവനക്കാരനെ വെട്ടിയത്. ലഹരി സംഘത്തിലുള്ളവരാണ് അക്രമികളെന്ന വിവരം മനസിലാക്കിയ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. തുടർന്നാണ് ഒളിവിലായിരുന്ന ഷഫീഖിനെ പൊലീസ് സംഘം പൊക്കിയത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന കോട്ടയം രാമപുരം സ്വദേശി അമൽ വിനോദാണ് ബൈക്കിൽ നിന്നിറങ്ങി ജീവനക്കാരനെ വെട്ടിയത്. അമൽ വിനോദിനെ പിടികൂടാൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇയാൾ ഒളിവിലാണെന്നും തെരച്ചിൽ തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി. ഇരുവരുടെയും പേരിൽ വിവിധ സ്റ്റേഷനുകളിലായി കേസുകൾ നിലവിലുണ്ട്.

Story Highlights: Man arrested for assaulting petrol pump employee

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here