എന്‍ആര്‍ഐ സീറ്റ് നിഷേധിച്ച നടപടി പുനപരിശോധിക്കണം; സര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രിംകോടതി

സ്വാശ്രയ മെഡിക്കള്‍ കോളജുകളിലെ എന്‍ആര്‍ഐ സീറ്റുകളിലേക്കുള്ള പ്രവേശനത്തില്‍ ഇടപെട്ട് സുപ്രിംകോടതി. എന്‍ആര്‍ഐ സീറ്റ് നിഷേധിച്ച നടപടി പുനപരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രിംകോടതി നിര്‍ദേശം നല്‍കി. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിര്‍ദേശം. സംസ്ഥാന സര്‍ക്കാര്‍ പുനപരിശോധന നടത്തി തിങ്കളാഴ്ചയോടെ സത്യവാങ്മൂലം സമര്‍പ്പിക്കണം.
അര്‍ഹതപ്പെട്ട എന്‍ആര്‍ഐ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് തിരുത്തിക്കൂടെയെന്ന് സംസ്ഥാനത്തോട് സുപ്രിംകോടതി ചോദിച്ചു. പ്രവേശനം നിഷേധിക്കപ്പെട്ടെന്ന വിദ്യാര്‍ത്ഥികളുടെ പരാതി പരിശോധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് കോടതി സംസ്ഥാനത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
കോടതിയെ സമീപിച്ചവരില്‍ ഏഴ് വിദ്യാര്‍ത്ഥികള്‍ മാത്രമാണ് എന്‍ആര്‍ഐ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളതെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ ജയ്ദീപ് ഗുപ്ത കോടതിയെ അറിയിച്ചു. രണ്ട് സ്വാശ്രയ മെഡിക്കല്‍ കോളജുകളും 38 വിദ്യാര്‍ത്ഥികളുമാണ് സീറ്റ് നിഷേധിക്കപ്പെട്ടുവെന്ന ആരോപണവുമായി കോടതിയെ സമീപിച്ചിരുന്നത്. തൊടുപുഴയിലെ അല്‍ അസര്‍ മെഡിക്കല്‍ കോളജ്, പാലക്കാട് കരുണ മെഡിക്കല്‍ കോളജ് എന്നീ സ്ഥാപനങ്ങളാണ് സംസ്ഥാന സര്‍ക്കാരിനെതിരെ പരാതി ഉയര്‍ത്തിയത്. 12 വിദ്യാര്‍ത്ഥികള്‍ക്ക് എന്‍ആര്‍ഐ പദവി തെളിയിക്കുന്നതിനായി രേഖകള്‍ ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും 19 വിദ്യാര്‍ത്ഥികള്‍ ഒരു ഘട്ടത്തിലും എന്‍ആര്‍ഐ പദവി അവകാശപ്പെട്ടിരുന്നില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു.
Story Highlights: supreme court on nri admission medical collages
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here