മുസ്ലിം വിരുദ്ധ പ്രസംഗം; പിസി ജോർജിന് പിന്തുണയുമായി കുമ്മനം രാജശേഖരൻ
മുസ്ലിം വിരുദ്ധ പ്രസംഗം നടത്തിയ പിസി ജോർജിന് പിന്തുണയുമായി ബിജെപി നേതാവ് കുമ്മനം രാജശേഖരൻ രംഗത്ത്. ഹലാലിനും ലൗ ജിഹാദിനും എതിരെയാണ് പിസി ജോർജ് സംസാരിക്കുന്നത്. ഒരു കാര്യം നടക്കുന്നുവെന്ന് പറയുമ്പോൾ അതില്ലെങ്കിൽ വിശദീകരണം നൽകുകയാണ് വേണ്ടതെന്നു കുമ്മനം വ്യക്തമാക്കി. മുസ്ലീം സമുദായത്തിനെതിരെ വിദ്വേഷപ്രസംഗം നടത്തിയ പി.സി ജോര്‍ജിന്‍റെ പ്രവര്‍ത്തിയില്‍ മാപ്പ് പറഞ്ഞ് സഹോദരന്‍റെ മകന്‍ വിയാനി ചാര്‍ലി ഫെയിസ് ബുക്ക് പോസ്റ്റിട്ടിരുന്നു. മുസ്ലിം മത വിഭാഗത്തെ കുറിച്ച് പി.സി ജോര്‍ജ് പറഞ്ഞ വാക്കുകളോട് യോജിക്കുന്നില്ല. അദ്ദേഹത്തിൻറെ പരാമർശങ്ങളിൽ ദുഃഖിതരായ മുസ്ലിം സമൂഹത്തോട് ക്ഷമ ചോദിക്കുന്നതായി വിയാനി ചാര്‍ലി ഫെയിസ്ബുക്കില്‍ കുറിച്ചു. അരുവിത്തുറ സെന്‍റ് ജോര്‍ജ് കോളേജ് ഫിസിക്കല്‍ എജ്യൂക്കേഷന്‍ വിഭാഗം അധ്യാപകനാണ് വിയാനി ചാര്‍ലി.
മുസ്ലിം വിരുദ്ധ പ്രസംഗത്തിൽ പിസി ജോർജിന് എതിരെ സിപിഐഎമ്മും എഐവൈഎഫും രംഗത്തെത്തിയിരുന്നു. പിസി ജോർജ് പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നും വര്‍ഗീയത പരത്തുകയാണ് ഈ പ്രസ്താവനയുടെ ലക്ഷ്യമെന്നും സിപിഐഎം വ്യക്തമാക്കി. പിസി ജോർജിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുക്കണമെന്നും ബോധപൂർവം നടത്തിയ പ്രസ്താവന ക്രിമിനൽ കുറ്റമാണെന്നും എഐവൈഎഫ് പറഞ്ഞു. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ ഇത്തരം വർഗീയ പ്രസ്താവനകൾ വീണ്ടും ആവർത്തിക്കപ്പെടുമെന്നും എഐവൈഎഫ് ചൂണ്ടിക്കാട്ടി.
തന്റെ പ്രസ്താവനകളിലൂടെ വര്‍ഗീയത ആളിക്കത്തിക്കാന്‍ പി സി ജോര്‍ജ് ശ്രമിക്കുന്നുവെന്ന വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്തെത്തിയിരുന്നു. പി സി ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍ വെള്ളത്തിന് തീപിടിപ്പിക്കുന്ന തരത്തിലുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. പി സി ജോര്‍ജിന്റേത് മുന്‍കൂട്ടി തീരുമാനിച്ചുറപ്പിച്ച പ്രസ്താവനയാണ്. ഇതിനെതിരെ നടപടി വേണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു.
Read Also : മുസ്ലിം വിരുദ്ധ പ്രസംഗം; പിസി ജോർജിനെതിരെ കേസെടുക്കണമെന്ന് എഐവൈഎഫ്
ഇന്നലെ വൈകുന്നേരമാണ് അനന്തപുരി ഹിന്ദു സമ്മേളനത്തില്‍ പിസി ജോര്‍ജ് മുസ്ലിം വിരുദ്ധ പ്രസംഗം നടത്തിയത്. കച്ചവടം നടത്തുന്ന മുസ്ലീങ്ങള്‍ പാനീയത്തില്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ ബോധപൂര്‍വം കലര്‍ത്തുന്നുവെന്നും, മുസ്ലീങ്ങള്‍ അവരുടെ ജനസംഖ്യ വര്‍ധിപ്പിച്ച് ഇന്ത്യ മുസ്ലിം രാജ്യമാക്കി മാറ്റാന്‍ ശ്രമിക്കുന്നുവെന്നും പിസി ജോര്‍ജ് ഇന്നലത്തെ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. മുസ്ലിം പുരോഹിതര്‍ ഭക്ഷണത്തില്‍ മൂന്ന് പ്രാവിശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നുവെന്നും പിസി ജോര്‍ജ് പറഞ്ഞു.
അനന്തപുരി ഹിന്ദു സമ്മേളനത്തിലെ മുസ്ലിം വിരുദ്ധ പ്രസംഗത്തില്‍ പിസി ജോര്‍ജിനെതിരെ ഡിജിപിക്ക് യൂത്ത് ലീഗ് പരാതി നല്‍കിയിട്ടുണ്ട്. യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ് ആണ് പരാതി നല്‍കിയത്. മുഖ്യമന്ത്രിക്കും ഫിറോസ് പരാതി നല്‍കിയിട്ടുണ്ട്.
Story Highlights: Anti-Muslim speech; Kummanam with support for PC George
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here