യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയവരുടെ പഠനം മുടങ്ങില്ല, സർക്കാർ ഒപ്പമുണ്ട്: പി ശ്രീരാമകൃഷ്ണൻ

യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ വിദ്യാർത്ഥികളുടെ പഠനം മുടങ്ങാതിരിക്കാൻ ആവശ്യമായ നടപടികളുമായി സംസ്ഥാന സർക്കാരും നോർക്കയും ഒപ്പമുണ്ടെന്ന് നോർക്ക റെസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ. യുക്രൈനിൽ നിന്ന് മടങ്ങിയ വിദ്യാർത്ഥികളുമായി തിരുവനന്തപുരത്ത് നോർക്ക സംഘടിപ്പിച്ച സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തിരിച്ചെത്തിയ വിദ്യാർത്ഥികൾക്ക് ഇന്ത്യയിലെ മറ്റു സർവകലാശാലകളിൽ തുടർ പഠനത്തിന് അവസരം ഒരുക്കുന്നതിനുള്ള ശക്തമായ ഇടപെടൽ കേരളം നടത്തുന്നുണ്ട്. ദേശീയ മെഡിക്കൽ കൗൺസിലിന്റെ അംഗീകാരത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ ഇതിൽ അന്തിമ തീരുമാനം എടുക്കാനാവൂ. ഇക്കാര്യത്തിൽ അനുകൂല നടപടി ഉണ്ടാകാൻ സമ്മർദ്ദം തുടരും. വിദ്യാർത്ഥികൾ ഉന്നയിച്ച പ്രശ്‌നങ്ങളെ പോസിറ്റീവായാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.
യുക്രൈൻ യുദ്ധം തുടങ്ങിയ വേളയിൽ മുമ്പ് അനുഭവിക്കേണ്ടി വന്നിട്ടില്ലാത്ത പ്രതിസന്ധിയാണ് നോർക്ക നേരിട്ടതെന്ന് ശ്രീരാമകൃഷ്ണൻ അഭിപ്രായപ്പെട്ടു. പഠനത്തിനായി പോയ വിദ്യാർത്ഥികൾ നോർക്കയിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്തതും ബുദ്ധിമുട്ടുണ്ടാക്കി. എങ്കിലും പരമാവധി വിവരങ്ങൾ ശേഖരിക്കാൻ നടപടി സ്വീകരിച്ചു. വിദേശത്തു നിന്ന് ഇന്ത്യയിൽ എത്തിയവരെ നാട്ടിലെത്തിക്കുന്നതിനുള്ള ചുമതലയും നിർവഹിച്ചു. ഇതിന്റെ തുടർച്ചയായാണ് യുക്രൈൻ വാർ സെന്റർ രൂപീകരിക്കാൻ സംസ്ഥാന സർക്കാർ ബഡ്ജറ്റിൽ പത്തു കോടി രൂപ നീക്കിവച്ചത്. നോർക്കയിൽ യുക്രൈൻ ഗ്രിവൻസ് സെല്ലും രൂപീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Story Highlights: study of returnees from ukraine will not stop Sriramakrishnan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here