‘അര്‍ഹതപ്പെട്ട മാര്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും’; കെമിസ്ട്രി മൂല്യനിര്‍ണയത്തില്‍ ഇടപെട്ട് വി ശിവന്‍കുട്ടി

ഹയര്‍സെക്കന്ററി കെമിസ്ട്രി പരീക്ഷ മൂല്യനിര്‍ണയത്തില്‍ നിന്ന് അധ്യാപകര്‍ വിട്ട് നില്‍ക്കുന്നതില്‍ ഇടപെട്ട് മന്ത്രി വി ശിവന്‍കുട്ടി. പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ച ഉത്തരസൂചികയില്‍ പോരായ്മയുണ്ടെങ്കില്‍ പരിശോധിക്കുമെന്ന് ശിവന്‍കുട്ടി പറഞ്ഞു. സത്യസന്ധവും നീതിയുക്തവുമായ മൂല്യനിര്‍ണയം ഉറപ്പാക്കുമെന്ന് മന്ത്രി വാക്ക് നല്‍കിയിട്ടുണ്ട്. അര്‍ഹതപ്പെട്ട മാര്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും. വിഷയത്തില്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗവും ചേര്‍ന്നിട്ടുണ്ട്.
പ്ലസ് ടു കെമിസ്ട്രി മൂല്യനിര്‍ണയം മൂന്നാം ദിവസവും അധ്യാപകര്‍ ബഹിഷ്‌കരിച്ച പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ ഇടപെടല്‍. കോഴിക്കോട്ടും തിരുവന്തപുരത്തും മൂല്യനിര്‍ണയ ക്യാമ്പുകളില്‍ അധ്യാപകര്‍ എത്തിയില്ല. ഉത്തരസൂചികയിലെ അപാതകള്‍ പരിഹരിക്കാതെ ക്യാമ്പുകളില്‍ എത്തില്ലെന്ന് അധ്യാപകര്‍ അറിയിക്കുകയായിരുന്നു.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലും ക്യാമ്പില്‍ എത്തിയ ശേഷമാണ് മൂല്യനിര്‍ണയം ബഹിഷ്‌കരിച്ചത്. അതേസമയം അധ്യാപകര്‍ വിട്ടു നില്‍ക്കുന്നത് അച്ചടക്ക ലംഘനമാണെന്ന് കാണിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഇന്നലെ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ചുമതലപ്പെട്ട അധ്യാപകര്‍ ഉടന്‍ ക്യാംപുകളില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും ബന്ധപ്പെട്ട പ്രിന്‍സിപ്പല്‍മാര്‍ ഇക്കാര്യം ഉറപ്പാക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്.
ഇതിനിടെ പുതിയൊരു ഉത്തര സൂചിക തയ്യാറാക്കി പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് തുടങ്ങിയിട്ടുണ്ടെന്നാണ് സൂചന. ഇത്തവണത്തെ കെമിസ്ട്രി പരീക്ഷ താരതമ്യേന ബുദ്ധിമുട്ടേറിയതെന്നാണെന്ന് പരാതികളുയര്‍ന്നിരുന്നിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് അര്‍ഹതപ്പെട്ട മാര്‍ക്ക് കിട്ടുന്ന തരത്തിലുള്ള ഫൈനലൈസേഷന്‍ സ്‌കീം ഉപയോഗിക്കണമെന്നാണ് അധ്യാപകര്‍ ആവശ്യപ്പെടുന്നത്. ഒന്‍പത് ദിവസമായിരുന്നു കെമിസ്ട്രി മൂല്യനിര്‍ണയത്തിനായി നിശ്ചയിച്ചിരുന്നത്. അധ്യാപകരുടെ പ്രതിഷേധം നീണ്ടുപോവുന്നത് ഫലപ്രഖ്യാപനത്തെയും ബാധിക്കും.
Story Highlights: v sivankutty on chemistry evaluation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here