‘ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളെ’ സൂക്ഷിക്കണം; പി സി യെ ന്യായീകരിച്ച മുരളീധരനെ വീണ്ടും ഓര്‍മിപ്പിച്ച് ജോണ്‍ ബ്രിട്ടാസ് എംപി

പി സി ജോര്‍ജിനെ ന്യായീകരിച്ച കേന്ദ്ര സഹ മന്ത്രി വി മുരളീധരനെ രൂക്ഷമായി വിമര്‍ശിച്ച് ജോണ്‍ ബ്രിട്ടാസ് എം പി. വർഗീയത പ്രചരിപ്പിക്കുന്നവർക്കൊപ്പം നിന്ന് അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ച് പറയുന്ന ആട്ടിൻ തോലിട്ട ചെന്നായ്ക്കളെ സൂക്ഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു. 11 ദിവസങ്ങള്‍ക്കു മുന്‍പ് തലശേരിയില്‍ ക്രൈസ്തവ മേലധ്യക്ഷന്മാരെ സാക്ഷി നിര്‍ത്തിക്കൊണ്ട് കേരളത്തില്‍ ലവ് ജിഹാദുണ്ടെന്ന കേന്ദ്രമന്ത്രി വി. മുരളീധരന്റെ വര്‍ഗീയ പ്രസ്ഥാവനകള്‍ക്കെതിരെയയാണ് ‘ആട്ടിന്‍തോലിട്ട ചെന്നായ്ക്കളെ’ സൂക്ഷിക്കണം എന്ന് ജോണ്‍ ബ്രിട്ടാസ് എം പി അന്ന് പറഞ്ഞത്. വര്‍ഗീയ വിദ്വേഷ പ്രസംഗം നടത്തിയ പിസി ജോര്‍ജിനെ ന്യായീകരിച്ച് ഇന്ന് വി മുരളീധരന്‍ രംഗത്തെത്തിയതിന്റെ പശ്ചാത്തലത്തിലാണ് ‘ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളെ’ സൂക്ഷിക്കണമെന്ന കാര്യം വീണ്ടും ഓര്‍മ്മപ്പെടുത്തി ജോണ്‍ ബ്രിട്ടാസ് എംപി രംഗത്തെത്തിയത്.
ജോണ്‍ ബ്രിട്ടാസ് എം പിയുടെ വാക്കുകള്‍
ഒരു ട്രക്ക് ലോഡ് വെറുപ്പ് കേരളസമൂഹത്തിൽ കുടഞ്ഞിട്ടതിനാണ് പിസി ജോർജ് അറസ്റ്റിലായത്. ഉടൻ വന്നു കേന്ദ്ര സഹ മന്ത്രിയുടെ പ്രസ്താവന – കേരളത്തിൽ അഭിപ്രായസ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നു !!
ദളിത് നേതാവും ഗുജറാത്തിലെ MLAയുമായ ജിഗ്നേഷ് മേവാനി പ്രധാനമന്ത്രിയെ വിമർശിച്ച് ഒരു ട്വീറ്റ് ഇടുന്നു. അങ്ങ് ദൂരെ ആസാമിൽ ബിജെപി കേസ് ഫയൽ ചെയ്യുന്നു. കിഴക്ക് നിന്ന് പശ്ചിമ ഭാഗത്തേക്കെത്തി ആസാം പോലീസ് മേവാനിയെ അറസ്റ്റ് ചെയ്തു കൊണ്ടുപോയി ജയിലിലടച്ചു. ബാരപ്പെട്ട കോടതി അതിസൂക്ഷ്മമായി അരിച്ചുപെറുക്കിയിട്ടും കേസിൽ ഒരു കഴമ്പും കാണാൻ കഴിയാത്തതുകൊണ്ട് ജാമ്യം നൽകി വിട്ടയച്ചു. ബിജെപി ഉണ്ടോ വിടുന്നു… മറ്റൊരു കേസ് ചുമത്തി വീണ്ടും മേവാനിയെ ജയിലിൽ തള്ളി. കോടതി ഞെട്ടലോടെയാണ് ഈ കേസിലെ വാദം കേട്ടത്. ഇത്തരം കള്ളക്കേസുകൾ ചുമത്തിയാൽ നമ്മുടെ രാജ്യത്ത് ജനാധിപത്യം അവസാനിക്കുമെന്നും പോലീസ് സ്റ്റേറ്റ് ആകുമെന്നും കോടതി പരസ്യമായി പറഞ്ഞു.
എന്തൊരു അഭിപ്രായസ്വാതന്ത്ര്യം!
ഒന്ന് ശ്വാസം വിട്ടാൽ രാജ്യദ്രോഹക്കുറ്റത്തിന് അകത്താക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തി എന്ന് പറയുന്നത് മറ്റാരുമല്ല നമ്മുടെ കോടതികൾ തന്നെയാണ്. അപ്പോഴാണ് ഉത്തരേന്ത്യയിലെ വെറുപ്പും വിദ്വേഷവും ഒരു ട്രക്കിൽ കയറ്റി കേരളത്തിൽ നിക്ഷേപിക്കാൻ ശ്രമിച്ച പി സി ജോർജിന് വേണ്ടി വക്കാലത്തുമായി ആളുകൾ രംഗത്തുവന്നിരിക്കുന്നത്. ഇതെല്ലാം മുൻകൂട്ടി കണ്ടു കൊണ്ട് തന്നെയാണ്
11 ദിവസങ്ങൾക്കു മുൻപ് തലശ്ശേരിയിൽ ക്രൈസ്തവ മേലധ്യക്ഷന്മാരെ സാക്ഷി നിർത്തിക്കൊണ്ട് “ആട്ടിൻതോലിട്ട ചെന്നായ്ക്കളെ” സൂക്ഷിക്കണം എന്ന് ഞാൻ ഓർമിപ്പിച്ചത്.
Story Highlights: John Brittas fb post against V Muraleedharan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here