നെഹ്‌റു-മൗണ്ട്ബാറ്റണ്‍-എഡ്വിന കത്തിടപാടുകള്‍;സ്വകാര്യമായ എല്ലാ കുറിപ്പുകളും പരസ്യമാക്കാന്‍ കഴിയില്ലെന്ന് ബ്രിട്ടീഷ് കോടതി

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവും അവസാനത്തെ വൈസ്രോയ് മൗണ്ട് ബാറ്റണ്‍ പ്രഭുവും അദ്ദേഹത്തിന്റെ ഭാര്യ എഡ്വിനയും തമ്മില്‍ നടന്ന കത്തിടപാടുകളും സ്വകാര്യമായ ഡയറിക്കുറിപ്പുകളും പൂര്‍ണമായി പരസ്യപ്പെടുത്താനാകില്ലെന്ന് ബ്രിട്ടീഷ് കോടതി. 1930 മുതലുള്ള ഡയറിക്കുറിപ്പുകളും കത്തുകളും പൂര്‍ണമായി പൊതുജനത്തിന് ലഭ്യമാക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിച്ച ശേഷമായിരുന്നു വിധി. വിവരാവകാശ നിയമപ്രകാരമായിരുന്നു ഹര്‍ജിക്കാരന്‍ കുറിപ്പുകള്‍ പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നത്. (Nehru, Mountbatten letters can stay redacted uk court)
ഇന്ത്യന്‍ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട സുപ്രധാനമായ എല്ലാ രേഖകളും കത്തുകളും പുറത്തുവിട്ടിട്ടുണ്ടെന്ന നിലപാടിലാണ് യുകെ കാബിനറ്റ് ഓഫിസ്. സ്വകാര്യമായി സൂക്ഷിക്കുന്ന രേഖകള്‍ ഇന്ത്യയും പാക്കിസ്ഥാനുമായുള്ള ബ്രിട്ടന്റെ ബന്ധത്തെ സ്വാധീനിക്കാനിടയുണ്ടെന്നും ഓഫിസ് വ്യക്തമാക്കി.
മൗണ്ട്ബാറ്റന്‍സ്: ലൈവ്‌സ് ആന്‍ഡ് ലവ്‌സ് ഓഫ് ഡിക്കി ആന്‍ഡ് എഡ്വിന മൗണ്ട്ബാറ്റന്‍ എന്ന തന്റെ പുസ്തകത്തിന്റെ ഗവേഷണത്തിനായി ചരിത്രകാരന്‍ ആന്‍ഡ്രൂ ലോനിയാണ് രേഖകള്‍ പരസ്യപ്പെടുത്തണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്. ഈ രേഖകള്‍ക്കായി നാല് വര്‍ഷമായി നിയമപോരാട്ടം തുടരുകയും തന്റെ സമ്പാദ്യത്തിന്റെ വലിയൊരു ഭാഗം ചെലവഴിക്കുകയും ചെയ്തയാളാണ് ലോനി. വിഭജന കാലത്തെയടക്കം ചില സുപ്രധാന രേഖകള്‍ പുറത്തുവന്നിട്ടില്ലെന്നാണ് ഇദ്ദേഹം ആരോപിക്കുന്നത്. സര്‍ക്കാര്‍ ചരിത്രത്തെ സെന്‍സര്‍ ചെയ്യുന്നതിന് എതിരാണ് തന്റെ നിയമയുദ്ധമെന്നും അദ്ദേഹം വ്യക്തമാക്കി.
സതാംപ്ടണ്‍ യൂണിവേഴ്‌സിറ്റി മൗണ്ട് ബാറ്റണ്‍ കുടുംബത്തില്‍ നിന്ന് വാങ്ങിയ രേഖകളില്‍ എഡ്വിന മൗണ്ട് ബാറ്റണ്‍ നെഹ്‌റുവിനയച്ച 33 കത്തുകളും ഉള്‍പ്പെടുന്നുണ്ട്. എന്നാല്‍ ഈ കത്തുകള്‍ക്ക് യൂണിവേഴ്‌സിറ്റിക്ക് അവകാശമില്ലെന്നും സംരക്ഷണത്തിനുള്ള അധികാരം മാത്രമാണ് അവര്‍ക്കുള്ളതെന്നും കോടതി നിരീക്ഷിച്ചു. ഈ കത്തുകള്‍ രഹസ്യസ്വഭാവത്തിലുള്ളതാണെന്ന നിലപാടിലായിരുന്നു യൂണിവേഴ്‌സിറ്റി.
Story Highlights: Nehru, Mountbatten letters can stay redacted uk court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here