പൂരത്തിന്റെ തുടിപ്പുകളെല്ലാം ഈ വീട്ടുമുറ്റത്തിരുന്നാല്‍ അറിയാം; തലമുറകളെ പൂരം കാണിച്ച ഒരു വീടിന്റെ കഥ

സ്വരാജ് റൗണ്ടിലെ വാണിജ്യ സമുച്ചയങ്ങള്‍ക്കിടയില്‍ ഒറ്റ വീട്. നഗരത്തിന്റെ ഒത്ത നടുവില്‍ അമ്പത്തിഅഞ്ച് സെന്റ് വളപ്പില്‍ ഒന്നരനൂറ്റാണ്ടിന്റെ പഴമയുള്ള തെക്കേ മണ്ണത്ത് തറവാട്. പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരം തുടങ്ങിയാല്‍ അതിന്റെ എല്ലാ അലകളും ഈ വീട്ടുമുറ്റത്തുമെത്തും. വീടിന് മുന്നിലിരുന്നാല്‍ കാണാം മേളവും മഠത്തില്‍വരവ് പഞ്ചവാദ്യവും ആനഴെയുന്നള്ളിപ്പും വെടിക്കെട്ടുമെല്ലാം. ആറ് തലമുറകള്‍ ഈ വീട്ടുമുറ്റത്തിരുന്ന് പൂരം കണ്ടതിന്റെ പെരുമ പറയാന്‍ ഈ വീട്ടുകാര്‍ക്ക് മാത്രമേ അധികാരമുള്ളൂ.
വീടിന്റെ ഉമ്മറത്തിരുന്ന് തൃശൂര്‍ പൂരം കാണാന്‍ ഭാഗ്യമുള്ളത് ഒരു വീട്ടുകാര്‍ക്ക് മാത്രമാണ്. ആറ് തലമുറയെ പൂമുഖത്തിരുത്തി പൂരം കാട്ടിയ ചരിത്രമുള്ള തറവാടാണ് തൃശൂര്‍ നായ്ക്കനാലുള്ള തെക്കേ മണ്ണത്ത് വീട്. നഗരത്തിന്റെ ഹൃദയത്തില്‍ വടക്കുംനാഥന്റെ തിരുസന്നിധിക്കടുത്തായി നിലകൊള്ളുന്ന തെക്കേ മണ്ണത്ത് വീടിന്റെ പഴക്കം ഒന്നര നൂറ്റാണ്ടിന്റേതാണ്.
പഴമയുടെ പെരുമയാണ് ഈ വിടിനെ വേറിട്ടതാക്കുന്നത്. വെടിക്കെട്ടിന്റെ ശബ്ദം കയറാത്ത ഒരു മുറിയുണ്ട് ഈ തറവാട്ടില്‍. പൂരപ്പറമ്പില്‍ വെടിക്കെട്ടിന് തീകൊളുത്തുമ്പോള്‍ ഭയമുള്ളവരെല്ലാം തെക്കേ മുറിയിലേക്ക് മാറും.
Read Also : ഹിന്ദി സംസാരിക്കുന്നവര്‍ നല്ലവരാണ്, ആ ഭാഷ പഠിക്കുന്നത് നല്ലത്: സുഹാസിനി
തിരുവമ്പാടി ദേവസ്വത്തിന്റെ നേതൃസ്ഥാനത്തുണ്ടായിരുന്നവരാണ് തെക്കേ മണ്ണത്തുവീട്ടുകാര്‍. തറവാട്ട് കാരണവരായിരുന്ന പരേതനായ എം.എന്‍. മണാലര്‍ മാഷ് 17 വര്‍ഷം തിരുവമ്പാടി ദേവസ്വം സെക്രട്ടറി ആയിരുന്നു. കഴിഞ്ഞ വര്‍ഷം അന്തരിച്ച രാജന്‍ എന്നറിയപ്പെടുന്ന ഗോപാലകൃഷ്ണന്‍ 29 കൊല്ലത്തോളം തിരുവമ്പാടി മാനേജിംഗ് കമ്മിറ്റി അംഗം, പൂരം എക്‌സിബിഷന്‍ ഭാരവാഹി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. തിരുവമ്പാടിയുടെ എഴുന്നള്ളിപ്പിന് പോകുന്ന ആനകളെ ഊട്ടിയും വാദ്യക്കാര്‍ക്ക് സംഭാരം നല്‍കിയുമെല്ലാം പൂരനാളുകളില്‍ തറവാടിന് മുന്നില്‍ വീട്ടുകാരുണ്ടാകും. വീടിന്റെ അമരക്കാരനായിരുന്ന മണ്ണത്ത് രാജന്‍ വിടപറഞ്ഞിട്ട് ഒരാണ്ടാകുന്നത് ഈ പൂരക്കാലത്താണ്. അതുകൊണ്ട് തന്നെ ഇത്തവണ വീട്ടില്‍ ആഘോഷങ്ങളില്ല. അടുത്ത പൂരക്കാലത്ത് രാജന്റെ ഓര്‍മ്മകളുമായി ഒത്തുകൂടാനാണ് തെക്കേ മണ്ണത്തെ ഇപ്പോഴത്തെ കാരണവരായ ശാന്തകുമാറിന്റെയും മറ്റ് കുടുംബാംഗങ്ങളുടെയും കൂട്ടായ തീരുമാനം.
Story Highlights: story of a house near temple where thrissur pooram occurs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here