അതിജീവിതയ്ക്ക് താൽപ്പര്യമുള്ളയാളെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറാക്കാമെന്ന് സർക്കാർ

നടിയെ ആക്രമിച്ച കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്നതിൽ അതിജീവിതയോട് സർക്കാർ അഭിപ്രായം ആരാഞ്ഞു. അതിജീവിതയ്ക്ക് താൽപ്പര്യമുള്ളയാളെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കാമെന്നതാണ് സർക്കാരിന്റെ നിലപാട്. കേസിന്റെ വിചാരണക്കിടെ രണ്ട് പബ്ലിക് പ്രോസിക്യൂട്ടർമാർ രാജിവെച്ചിരുന്നു. കേസ് അട്ടിമറിക്കപ്പെടുകയാണെന്ന് ആരോപിച്ചായിരുന്നു പബ്ലിക് പ്രോസിക്യൂട്ടർമാർ രാജിവെച്ചത്.
നടിയെ ആക്രമിച്ച കേസിലും വധഗൂഢാലോചനാ കേസിലും കാവ്യാ മാധവന്റെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. ക്രൈം ബ്രാഞ്ച് സംഘം ആലുവയിലെ ദിലീപിന്റെ വീടായ പത്മസരോവരത്തിലെത്തിയാണ് നാലര മണിക്കൂർ ചോദ്യം ചെയ്തത്. ഉച്ചയ്ക്ക് 12ന് തുടങ്ങിയ ചോദ്യം ചെയ്യൽ നാലര മണിക്കാണ് അവസാനിപ്പിച്ചത്. ഈ മാസം 31ന് മുന്‍പായി അന്വേഷണം പൂര്‍ത്തിയാക്കണമെന്ന കോടതി നിര്‍ദേശം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ക്രൈംബ്രാഞ്ചിന്റെ ഈ നീക്കം.
Read Also :നടിയെ ആക്രമിച്ച കേസില്‍, അതിജീവിതയ്‌ക്കൊപ്പമെന്ന് തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി
രണ്ട് ഘട്ടങ്ങളായാണ് ചോദ്യം ചെയ്യൽ നടന്നത്. ആദ്യഘട്ടത്തിൽ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങളും രണ്ടാംഘട്ടത്തിൽ വധഗൂഢാലോചനാ കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങളുമാണ് കാവ്യയോട് ചോദിച്ചത്. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് ശേഷമുള്ള ദിലീപിന്റെ സഹോദരീഭർത്താവ് സുരാജിന്റെ ശബ്ദശകലങ്ങളിൽ കാവ്യയെപ്പറ്റിയുള്ള പരാമർശമുണ്ടായിരുന്നു.
ഓഡിയോ കേൾപ്പിച്ചും ചില ദൃശ്യങ്ങൾ കാട്ടിയുമാണ് ചോദ്യം ചെയ്യൽ നടന്നത്. ഇതോടെ അന്വേഷണത്തിന്റെ നിർണായക ഘട്ടം പൂർത്തിയാകും. ഇനി കൂറുമാറിയ സാക്ഷികളെയാണ് ചോദ്യം ചെയ്യേണ്ടത്. ചോദ്യം ചെയ്യലിന് ശേഷം കാവ്യയ്ക്ക് സംഭവത്തിൽ പങ്കുണ്ടെന്ന് ബോധ്യമായാൽ പ്രതിപ്പട്ടികയിലുണ്ടാവും.
Story Highlights: Special public prosecutor in the case of attack on the actress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here