മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിൽ നിന്ന് മടങ്ങിയെത്തി

രണ്ടാഴ്ചയിലേറെ നീണ്ട ചികിത്സക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിൽ നിന്ന് മടങ്ങിയെത്തി. ഇന്ന് പുലർച്ചെയാണ് അദ്ദേഹം സംസ്ഥാനത്തെത്തിയത്. അമേരിക്കയിലെ ചികിത്സക്ക് ശേഷം മറ്റു ചില വിദേശ രാജ്യങ്ങളിലേക്ക് യാത്ര നിശ്ചയിച്ചിരുന്നുവെങ്കിലും തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കണക്കിലെടുത്താണ് മുഖ്യമന്ത്രി കേരളത്തിലേക്ക് മടങ്ങിയത്. തൃക്കാക്കരയിലെ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് യോഗം മറ്റന്നാൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
ഇക്കഴിഞ്ഞ ഏപ്രിൽ 24 നാണ് മുഖ്യമന്ത്രി തുടർ ചികിത്സാർത്ഥം അമേരിക്കയിലേക്ക് പോയത്. യു.എസിൽ മിനസോട്ടയിലെ മയോ ക്ലിനിക്കിലാണു മുഖ്യമന്ത്രി ചികിത്സ നടത്തുന്നത്.
ഈ മാസം 12ന് വൈകുന്നേരം പാലാരിവട്ടം ബൈപ്പാസ് ജംക്ഷനിൽ നടക്കുന്ന എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. യുഡിഎഫിന്റെ സിറ്റിങ് സീറ്റായ തൃക്കാക്കര പിടിച്ചെടുക്കണെമെന്ന് പാർട്ടി നേതൃത്വത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകിയിരുന്നു. അമേരിക്കയിൽ ചികിത്സയിലുള്ള പിണറായിയും കോടിയേരിയും മുതിർന്ന നേതാക്കളുമായി ഫോണിൽ ആശയവിനിമയം നടത്തിയാണ് പ്രചാരണം മുന്നോട്ട് കൊണ്ടുപോയിരുന്നത്. ഇടതുമുന്നണി കൺവീനറായ ഇ.പി.ജയരാജനാണ് തൃക്കാക്കരയിലെ ഏകോപന ചുമതല. പി.രാജീവും എം.സ്വരാജും പ്രചാരണം ആസൂത്രണം ചെയ്തു നടപ്പിലാക്കും.
Story Highlights: pinarayi vijayan return kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here