Advertisement

പകര്‍ച്ചവ്യാധി പ്രതിരോധം ശക്തമാക്കി ആരോഗ്യവകുപ്പ്; ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മന്ത്രി വീണാ ജോര്‍ജ്

May 11, 2022
Google News 1 minute Read
anti-epidemic prevention

സംസ്ഥാനത്ത് പകര്‍ച്ചവ്യാധി പ്രതിരോധം ശക്തമാക്കാന്‍ നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കാലാവസ്ഥാ വ്യതിയാനവും മഴയും കാരണം പകര്‍ച്ചവ്യാധി കൂടാന്‍ സാധ്യതയുള്ള സാഹഹചര്യം മുന്നില്‍ കണ്ടാണ് നീക്കം. എല്ലാ ജില്ലകളിലേയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം ആരോഗ്യമന്ത്രി വിളിച്ചുചേര്‍ത്തു.

ആരോഗ്യ ജാഗ്രത പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. അതിഥി തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍ ശ്രദ്ധിക്കണം. പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ഹോട്ട് സ്പോട്ടുകള്‍ നിശ്ചയിച്ച് കൃത്യമായ ഇടപെടലുകള്‍ നടത്തണം. സംസ്ഥാനതല നിരീക്ഷണം ശക്തമാക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.

ഡെങ്കിപ്പനി, എലിപ്പനി, മലേറിയ, എച്ച്1 എന്‍1, ചിക്കന്‍ഗുനിയ, മഞ്ഞപ്പിത്തം, കോളറ, സിക, ഷിഗല്ല തുടങ്ങിയ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം. ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്ക്കെതിരെ അതീവ ജാഗ്രത പാലിക്കണം. എറണാകുളം, തിരുവനന്തപുരം, ആലപ്പുഴ, പാലക്കാട്, കാസര്‍ഗോഡ്, തൃശൂര്‍ എന്നീ ജില്ലകളിലാണ് ഡെങ്കിപ്പനി കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തിരുവനന്തപുരം, മലപ്പുറം, കോട്ടയം, കാസര്‍ഗോഡ്, വയനാട്, കോഴിക്കോട് ജില്ലകളിലാണ് എലിപ്പനി കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കോഴിക്കോടാണ് ഏറ്റവും കൂടുതല്‍ ഷിഗല്ല കേസ് റിപ്പോര്‍ട്ട് ചെയ്തത്. കാസര്‍ഗോഡ്, മലപ്പുറം, തൃശൂര്‍, പാലക്കാട് ജില്ലകളും ജാഗ്രത പുലര്‍ത്തണം. നീണ്ടുനില്‍ക്കുന്ന പനിയാണെങ്കില്‍ ഏത് പനിയാണെന്ന് ഉറപ്പിക്കണം. ജലജന്യ ജന്തുജന്യ രോഗങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. കുടിക്കുന്നത് ശുദ്ധജലമാണെന്ന് ഉറപ്പ് വരുത്തണം. വയറിളക്ക രോഗങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ജാഗ്രത പാലിക്കണം. വെള്ളം ക്ലോറിനേറ്റ് ചെയ്യണം. ഭക്ഷണവും വെള്ളവും അടച്ച് സൂക്ഷിക്കുക. വൃത്തി വളരെ പ്രധാനമാണ്. പഴകിയ ഭക്ഷണം കഴിക്കരുത്. കൊതുക് കടിയേല്‍ക്കാതെ നോക്കണം. വീടും സ്ഥാപനവും പരിസരവും വൃത്തിയായി സൂക്ഷിക്കണം. മലിനജലവുമായോ മണ്ണുമായോ ഇടപെടുന്നവര്‍ എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കേണ്ടതാണെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു.

Story Highlights: anti-epidemic prevention

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here