അസാനി ചുഴലിക്കാറ്റ് തീവ്രത കുറഞ്ഞു; കേരളത്തില്‍ ശക്തമായ മഴ തുടരുന്നു

അസാനി തീവ്ര ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് ചുഴലിക്കാറ്റായി മാറി. വരും മണിക്കൂറുകളില്‍ ആന്ധ്രാതീരത്തിന് സമീപമെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. രാത്രിയോടെ ചുഴലിക്കാറ്റ് മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പ്രവേശിക്കാനാണ് സാധ്യത. മുന്നറിയിപ്പിന്റെ ഭാഗമായി ആന്ധ്രാതീരത്ത് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വിശാഖപട്ടണം ഉള്‍പ്പെടെയുള്ള അഞ്ച് ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
അസാനിയുടെ ഭാഗമായി ആന്ധ്രാതീരത്ത് അതിശക്തമായ മഴയും ഒഡീഷ്, പശ്ചിമബംഗാള്‍ തീരത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. 75 മുതല്‍ 95 കിലോമീറ്റര്‍ വേഗത്തില്‍ ആന്ധ്രാതീരത്ത് കാറ്റ് വീശിയേക്കാമെന്നാണ് നിലവിലെ മുന്നറിയിപ്പ്. ആന്ധ്രാപ്രദേശിലെ മച്ചിലിപട്ടണത്തില്‍ നിന്ന് 40 കിലോ മീറ്റര്‍ അകലെയാണ് അസാനി ഇപ്പോഴുള്ളത്.
അതിനിടെ കേരളത്തില്‍ വ്യാപകമായി ശക്തമായ ഒറ്റപ്പെട്ട മഴ തുടരുകയാണ്. കോഴിക്കോട് മലയോര മേഖലകളില്‍ മഴ ശക്തമാണ്. തിരുവമ്പാടി ടൗണില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. കോട്ടയത്ത് മീനച്ചിലാര്‍ കരകവിഞ്ഞൊഴുകി. കോട്ടയത്തിന്റെ കിഴക്കന്‍ മേഖലകളില്‍ കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ മീനച്ചിലാറിലെ ജലനിരപ്പ് പതിനെട്ടടിയോളം ഉയരുകയായിരുന്നു. പാലാ ഈരാറ്റുപേട്ട റോഡില്‍ മൂന്നാനിയില്‍ വെള്ളം കയറി. ഇടമറ്റം പൈക റോഡില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് വാഹന ഗതാഗതം തടസപ്പെട്ടു. മഴ ശമിച്ചതിനാല്‍ വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്.
Read Also : മഴമൂലം മാറ്റിവച്ച തൃശൂര്‍ പൂരം വെടിക്കെട്ട് ഇന്ന് രാത്രി ഏഴ് മണിക്ക്
ചെന്നൈ വിമാനത്താവളത്തില്‍ നിന്നുള്ള 17 വിമാന സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. വിശാഖ പട്ടണം വിമാനത്താവളവും അടച്ചു. 37 ട്രെയിനുകള്‍ മഴയെ തുടര്‍ന്ന് റദ്ദാക്കിയിട്ടുണ്ട്.
Story Highlights: asani cyclone effects in kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here