‘മാഷ് ഇതിനപ്പുറം ചെയ്യും, കരുണാകരന് ക്ഷീണം പറ്റിയപ്പോൾ തിരിഞ്ഞു നോക്കിയിട്ടില്ല’; പത്മജ വേണുഗോപാൽ

മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി തോമസിനെതിരെ രൂക്ഷ വിമർശനവുമായി പത്മജ വേണുഗോപാൽ. തൃക്കാക്കര തെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർത്ഥിക്കായി പ്രചരണത്തിനിറങ്ങിയ തോമസിൻ്റെ നടപടി തന്നെ അതിശയിപ്പിക്കുന്നില്ല. കെ കരുണാകരന് ഒരു ക്ഷീണം പറ്റിയപ്പോൾ തിരിഞ്ഞു നോക്കാതെ സ്ഥലം വിട്ട ആളാണ് തോമസെന്നും, അങ്ങനെയുള്ള ഒരാളിൽ നിന്നും ഇതല്ലേ പ്രതീക്ഷിക്കാൻ പറ്റു എന്നും പത്മജ ഫേസ്ബുക്കിൽ വിമർശിച്ചു.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം;
തോമസ് മാസ്റ്റർ പോയതിനെ പറ്റി എനിക്ക് ഒന്നും പറയാനില്ല. എനിക്ക് ഒരു കാര്യത്തിൽ മാത്രമേ വിഷമം ഉള്ളു. പാർട്ടി അതി പ്രധാനമായ ഒരു തിരഞ്ഞെടുപ്പിനെ നേരിടുന്ന സമയം നോക്കി ചെയ്തതാണ് വിഷമം. പക്ഷേ മാഷെ അടുത്തറിയാവുന്ന വ്യക്തി എന്ന നിലയിൽ എനിക്ക് അതിൽ അതിശയം തോന്നിയില്ല. കെ കരുണാകരന് ഒരു ക്ഷീണം പറ്റിയപ്പോൾ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ സ്ഥലം വിട്ട ആളാണ് പുള്ളി. അങ്ങിനെ ഒരാളുടെ കൈയ്യിൽ നിന്ന് ഇതല്ലേ പ്രതീക്ഷിക്കാൻ പറ്റു അല്ലെ? നിങ്ങളൊക്കെ എന്ത് പറയുന്നു?
അദ്ദേഹം എത്ര പെൻഷൻ വാങ്ങുന്നു. അത് പോലും കോൺഗ്രസ് പാർട്ടി അല്ലെ അദ്ദേഹത്തിന് കൊടുത്തത്? അത് എങ്കിലും അദ്ദേഹം ഓർക്കണ്ടേ? ഒരു കാര്യം ഞാൻ ഉറപ്പിച്ചു പറയാം. 30 കൊല്ലം ഈ മണ്ഡലത്തിൽ താമസിച്ച വ്യക്തി എന്ന നിലയിൽ എനിക്ക് ഇവിടത്തെ ആളുകളുടെ മനസ്സറിയാം. അത് യു.ഡി.എഫിന് ഒപ്പമാണ്. ഇനിയും കുറെ കാര്യങ്ങൾ മാഷോട് ചോദിക്കാനുണ്ട്.
Story Highlights: padmaja venugopal on kv thomas
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here