Advertisement

കെ ഫോണ്‍ 61.38 ശതമാനം പൂര്‍ത്തിയായി; കെ ഫോണ്‍ കേരളത്തിന്റെ അഭിമാനനേട്ടം: മുഖ്യമന്ത്രി

May 14, 2022
2 minutes Read
K Phone 61.38 percent
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഏപ്രില്‍ 28 വരെയുള്ള കണക്കുകള്‍ പ്രകാരം കെ ഫോണ്‍ 61.38 ശതമാനം പൂര്‍ത്തിയായതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 8551 കി.മീ വരുന്ന ബാക്‌ബോണ്‍ നെറ്റ്‌വര്‍ക്കില്‍ 5333 കി.മീ പൂര്‍ത്തിയായി. ആക്‌സസ് നെറ്റ്‌വര്‍ക്കിന്റെ പ്രവൃത്തി 26410 കി.മീ വിഭാവനം ചെയ്തതില്‍ 14133 കി.മീ പൂര്‍ത്തീകരിച്ചതായും മുഖ്യമന്ത്രി അറിയിച്ചു ( K Phone 61.38 percent ).

കൊവിഡ് മൂലമുണ്ടായ പ്രതിബന്ധങ്ങളെ മറികടന്ന് കേരളത്തിന്റെ കെ ഫോണ്‍ പദ്ധതി യാഥാര്‍ഥ്യമാവുകയാണ്. എന്താണ് ഈ സര്‍ക്കാര്‍ ചെയ്തത് എന്ന ചോദ്യത്തിനുള്ള കൃത്യമായ ഉത്തരങ്ങളിലൊന്നാണ് കെ ഫോണിന്റെ പുരോഗതി.

ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് കെഫോണ്‍ കണക്ഷന്‍ ലഭ്യമാക്കാനുള്ള നടപടികള്‍ അതിവേഗം പുരോഗമിക്കുന്നു. സൗജന്യ കണക്ഷനുകള്‍ക്ക് അര്‍ഹരായ ഗുണഭോക്താക്കളെ കണ്ടെത്തുകയും അവ നല്‍കുന്നതിനാവശ്യമായ ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കുകയും ചെയ്തു. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും കെഫോണ്‍ നെറ്റ്‌വര്‍ക്ക് നല്‍കുമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കൊവിഡ് മൂലമുണ്ടായ പ്രതിബന്ധങ്ങളെ മറികടന്ന് കേരളത്തിന്റെ കെ ഫോണ്‍ പദ്ധതി യാഥാര്‍ഥ്യമാവുകയാണ്. എന്താണ് ഈ സര്‍ക്കാര്‍ ചെയ്തത് എന്ന ചോദ്യത്തിനുള്ള കൃത്യമായ ഉത്തരങ്ങളിലൊന്നാണ് കെ ഫോണിന്റെ പുരോഗതി.

ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് കെഫോണ്‍ കണക്ഷന്‍ ലഭ്യമാക്കാനുള്ള നടപടികള്‍ അതിവേഗം പുരോഗമിക്കുന്നു. സൗജന്യ കണക്ഷനുകള്‍ക്ക് അര്‍ഹരായ ഗുണഭോക്താക്കളെ കണ്ടെത്തുകയും അവ നല്‍കുന്നതിനാവശ്യമായ ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കുകയും ചെയ്തു. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും കെഫോണ്‍ നെറ്റ്വര്‍ക്ക് നല്‍കും.

സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കാനുള്ളതാണ് കെഫോണ്‍ എന്ന ബൃഹദ് പദ്ധതി. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് കുറഞ്ഞ നിരക്കിലും ഗുണമേന്മയുള്ള ഇന്റര്‍നെറ്റ് സേവനം ഉറപ്പു വരുത്തുകയാണ് ലക്ഷ്യം. പ്രളയങ്ങളും മഹാമാരികളും ഉള്‍പ്പെടെ നിരവധി വെല്ലുവിളികള്‍ ഉണ്ടായിട്ടും കെഫോണ്‍ പോലെയുള്ള ഒരു വന്‍കിട പദ്ധതി മികച്ച രീതിയില്‍ പുരോഗമിക്കുന്നു എന്നത് അഭിമാനകരമാണ്.

  • 2022 ഏപ്രില്‍ 28 വരെയുള്ള കണക്കുകള്‍ പ്രകാരം കെ ഫോണ്‍ പദ്ധതിയുടെ 61.38% പ്രവൃത്തിയും പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു.
  • 8551 കി.മീ വരുന്ന ബാക്‌ബോണ്‍ നെറ്റ്വര്‍ക്കില്‍ 5333 കി.മീ പൂര്‍ത്തിയായി.
  • ആക്‌സസ് നെറ്റ്വര്‍ക്കിന്റെ പ്രവൃത്തി 26410 കി.മീ വിഭാവനം ചെയ്തതില്‍ 14133 കി.മീ പൂര്‍ത്തീകരിച്ചു.
  • 30000 എന്റ് ഓഫീസുകളില്‍ 17891 എണ്ണം പൂര്‍ത്തിയായി.
  • 376 പോയിന്റ് ഓഫ് പ്രസന്‍സ് നോഡുകളില്‍ (PoP) 118 എണ്ണം പൂര്‍ത്തീകരിച്ചു.
  • നെറ്റ്വര്‍ക്ക് ഓപ്പറേഷന്‍ സെന്ററിന്റെ നിര്‍മ്മാണം പൂര്‍ണ്ണമായും കഴിഞ്ഞു.
  • ആദ്യഘട്ടത്തില്‍ ഓരോ നിയോജക മണ്ഡലത്തിലും 100 ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് കണക്ഷന്‍.
  • സെക്കന്റില്‍ 10 മുതല്‍ 15 എംബി വരെ വേഗത്തില്‍ ഒരു ദിവസം 1.5 ജിബി ഡാറ്റ സൗജന്യമായി നല്‍കും.

52,000 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല ആവശ്യമായ കെഫോണ്‍ പദ്ധതിയുടെ മുതല്‍മുടക്ക് 1531 കോടി രൂപയാണ്. തൃക്കാക്കര മണ്ഡലത്തിലെ കാക്കനാട് ഇന്‍ഫോ പാര്‍ക്കിലാണ് കെ ഫോണ്‍ ശൃംഖലയുടെ നെറ്റ്‌വര്‍ക്ക് ഓപ്പറേഷന്‍ സെന്റര്‍ (എന്‍ഒസി) സ്ഥാപിച്ചിരിക്കുന്നത്. കെഫോണ്‍ പദ്ധതി പൂര്‍ത്തിയാകുന്നതോടെ സാമ്പത്തികമായ വേര്‍തിരിവുകള്‍ മറികടന്ന് ഇന്റര്‍നെറ്റ് സേവനം എല്ലാ കുടുംബങ്ങള്‍ക്കും നല്‍കാന്‍ സാധിക്കും. വിദ്യാഭ്യാസത്തിലും ജീവിതസൗകര്യത്തിലും തൊഴില്‍ മേഖലയിലും സര്‍വ്വോപരി നാടിന്റെ പുരോഗതിയിലും വലിയ മുന്നേറ്റം സൃഷ്ടിക്കാന്‍ കെഫോണിനു കഴിയുമെന്നത് സുനിശ്ചിതമാണ്.
കേരളത്തെ ഒന്നാമതെത്തിക്കുന്ന പല പദ്ധതികളില്‍ തിളങ്ങുന്ന ഒന്നായി കെ ഫോണ്‍ മാറാന്‍ പോവുകയാണ്. എല്ലാ മേഖലകളിലും ഇന്റര്‍നെറ്റ് ബന്ധം ഉള്ള നാടായി നമ്മുടെ സംസ്ഥാനം മാറുമ്പോള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി വിഭാവനം ചെയ്യുന്ന സര്‍വ്വതല സ്പര്‍ശിയായ സമഗ്ര വികസനം എന്ന മഹത്തായ ലക്ഷ്യത്തിലേക്കുള്ള ഒരു സുപ്രധാന നാഴികക്കല്ലാണ് പിന്നിടുക.

Story Highlights: K Phone 61.38 percent complete; K Phone Kerala’s Pride Achievement: CM

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement