മുന്നണി സാധ്യത തേടി അരവിന്ദ് കെജ്രിവാള്‍ കേരളത്തില്‍; ആംആദ്മി ട്വന്റി ട്വന്റി സഖ്യപ്രഖ്യാപനം ഇന്ന്

കേരളത്തില്‍ ബദല്‍ രാഷ്ട്രീയത്തിന്റെ സാധ്യത തേടി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കൊച്ചിയില്‍. ആംആദ്മിയും ട്വന്റി ട്വന്റിയും സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഉള്ള തീരുമാനം ഇന്ന് ഉണ്ടാകും. കിഴക്കമ്പലത്തില്‍ വൈകീട്ട് നടക്കുന്ന പൊതുസമ്മേളനത്തില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ട്വന്റി ട്വന്റി ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സാബു ജേക്കബും ചേര്‍ന്ന് തീരുമാനം പ്രഖ്യപിക്കും. തൃക്കാക്കരയിലെ രാഷ്ട്രീയ നിലപാടിലും സൂചന നല്‍കും. തെരഞ്ഞെടുപ്പില്‍ ഏതെങ്കിലും ഒരു മുന്നണിക്ക് പിന്തുണ പ്രഖ്യാപിക്കാന്‍ സാധ്യത കുറവാണ്. ഇന്നലെ കൊച്ചിയില്‍ എത്തിയ കെജ്രിവാളുമായി സാബു ജേക്കബ് ചര്‍ച്ച നടത്തി.
കൊച്ചിയില്‍ ആംആദ്മി നേതാക്കളുമായി രാവിലെ കെജ്രിവാള്‍ ചര്‍ച്ച നടത്തും. സംസ്ഥാനത്ത് പാര്‍ട്ടി വളര്‍ത്താന്‍ സംസ്ഥാന നേതൃത്വം തയ്യാറാക്കിയ റിപ്പോര്‍ട്ട് കെജ്രിവാളിന് മുന്നില്‍ നേതാക്കള്‍ അവതരിപ്പിക്കും. പാര്‍ട്ടിയുടെ തുടര്‍ നയങ്ങള്‍ തീരുമാനിക്കുന്നതില്‍ കെജ്രിവാളിന്റെ നിലപാട് അന്തിമമാകും. വൈകീട്ട് കിഴക്കമ്പലത്തെ ട്വന്റി 20 ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റും ഗോഡ്‌സ് വില്ലയും കെജ്രിവാള്‍ സന്ദര്‍ശിക്കും. 5 മണിക്ക് കിറ്റക്‌സ് ഗാര്‍മെന്റ്‌സ് ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന ജനസംഗമ പരിപാടിയില്‍ കെജ്രിവാള്‍ സംസാരിക്കും. രാത്രി 9 മണിക്കുള്ള വിമാനത്തില്‍ കെജ്രിവാള്‍ ദില്ലിക്ക് മടങ്ങും.
ദില്ലിക്ക് പുറമെ പഞ്ചാബും പിടിച്ച ശേഷമാണ് കേരളത്തില്‍ ബദല്‍ നീക്കങ്ങള്‍ സജീവമാക്കാനുള്ള കെജ്രിവാളിന്റെ വരവ്. മുന്നണികള്‍ക്ക് ഭീഷണി ഉയര്‍ത്തി എറണാകുളത്ത് കരുത്ത് തെളിയിച്ച ട്വന്റി 20യുമായാണ് ആദ്യ സഹകരണം. ഇരു കക്ഷികളും യോജിച്ച് സംയുക്ത സ്ഥാനാര്‍ത്ഥിയെ തൃക്കാക്കരയില്‍ നിര്‍ത്താന്‍ നേരത്തെ ധാരണയായെന്ന് സൂചനയുണ്ടായിരുന്നുവെങ്കിലും പിന്നീട് തീരുമാനം പിന്‍വലിക്കുകയായിരുന്നു. ഉപ തെരഞ്ഞെടുപ്പിനേക്കാള്‍ നിയമസഭാ ലോക് സഭാ തെരഞ്ഞെടുപ്പുകള്‍ക്കാണ് പ്രാധാന്യം നല്‍കുന്നതെന്നും അതിനാല്‍ തൃക്കാക്കരയില്‍ സ്ഥാനാര്‍ത്ഥിയുണ്ടാകില്ലെന്നുമാണ് ഇരു പാര്‍ട്ടികളും സംയുക്തമായി അറിയിച്ചത്.
തൃക്കാക്കരയില്‍ ഇനി സംയുക്ത സഖ്യം എന്ത് നിലപാടാകും സ്വീകരിക്കുകയെന്നതാണ് ആകാംക്ഷ. ഇതിന് യുഡിഎഫിന് അനുകൂലമായ സൂചനകളാണ് ട്വന്റി20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു ജേക്കബ് നല്‍കുന്നത്. പഴയ വൈരം വിട്ട കോണ്‍ഗ്രസ് ഇരുകയ്യും നീട്ടി ട്വന്റി 20 യെ സ്വാഗതം ചെയ്തു കഴിഞ്ഞു. സമീപകാലത്തെ എതിര്‍പ്പുകള്‍ മാറ്റി സാബുവിനെ പിണക്കാന്‍ സിപിഐഎമ്മും തയ്യാറല്ല. ഏതെങ്കിലും ഒരു മുന്നണിയെ പിന്തുണക്കുന്ന പരസ്യനിലപാട് സഖ്യം പ്രഖ്യാപിക്കാന്‍ സാധ്യത കുറവാണ്. മനസാക്ഷി വോട്ടിനാകും ആഹ്വാനമെന്നാണ് സൂചന. തൃക്കാക്കരക്ക് ശേഷവും സഖ്യം തുടരുന്നതില്‍ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല. മത്സരിക്കാത്തതില്‍ ആംആദ്മി ഒരു വിഭാഗത്തിന് അതൃപ്തിയുമുണ്ട്.
Story Highlights: Arvind Kejriwal in Kerala to seek front; Aam Aadmi Party announces Twenty20 alliance today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here