മിച്ചൽ മാർഷിനു ഫിഫ്റ്റി; പഞ്ചാബിന് 160 റൺസ് വിജയലക്ഷ്യം

ഡൽഹി ക്യാപിറ്റൽസിനെതിരെ പഞ്ചാബ് കിംഗ്സിന് 160 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഡൽഹി നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തി 159 റൺസാണ് നേടിയത്. 63 റൺസെടുത്ത മിച്ചൽ മാർഷ് ആണ് ഡൽഹിയുടെ ടോപ്പ് സ്കോറർ. പഞ്ചാബിനായി ലിയാം ലിവിങ്സ്റ്റണും അർഷ്ദീപ് സിംഗും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
ഞെട്ടലോടെയാണ് ഡൽഹി ക്യാപിറ്റൽസ് ഇന്നിംഗ്സ് ആരംഭിച്ചത്. ഇന്നിംഗ്സിലെ ആദ്യ പന്തിൽ തന്നെ ഡേവിഡ് വാർണർ (0) രാഹുൽ ചഹാറിനു ക്യാച്ച് സമ്മാനിച്ച് മടങ്ങി. ലിയാം ലിവിങ്സ്റ്റണായിരുന്നു വിക്കറ്റ്. തിരിച്ചടിയോടെ തുടങ്ങിയെങ്കിലും വാർണർക്കൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്ത സർഫറാസ് അഹ്മദ് തുടർ ബൗണ്ടറികളുമായി കളം നിറഞ്ഞപ്പോൾ ഡൽഹി കുതിച്ചു. മൂന്നാം നമ്പറിലെത്തിയ മിച്ചൽ മാർഷും തകർപ്പൻ ഫോമിലായിരുന്നു. അഞ്ചാം ഓവറിൽ അർഷ്ദീപ് സിംഗ് ആണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 16 പന്തുകളിൽ 5 ബൗണ്ടറിയും ഒരു സിക്സറും സഹിതം 32 റൺസെടുത്ത സർഫറാസിനെ രാഹുൽ ചഹാർ പിടികൂടി. രണ്ടാം വിക്കറ്റിൽ മിച്ചൽ മാർഷുമൊത്ത് 51 റൺസിൻ്റെ കൂട്ടുകെട്ടിൽ പങ്കാളി ആയതിനു ശേഷമാണ് താരം മടങ്ങിയത്.
സർഫറാസ് പുറത്തായതിനു പിന്നാലെ സ്കോറിംഗ് വേഗം കുറഞ്ഞു. നാലാം നമ്പറിലെത്തിയ ലളിത് യാദവ് ടൈമിങ് കണ്ടെത്താൻ വിഷമിച്ചു. മാർഷിനെയും പഞ്ചാബ് പിടിച്ചുകെട്ടി. എങ്കിലും 47 റൺസിൻ്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ പങ്കാളിയാവാൻ ഈ സഖ്യത്തിനു കഴിഞ്ഞു. 21 പന്തുകളിൽ ഓരോ ബൗണ്ടറിയും സിക്സറുമടക്കം 24 റൺസെടുത്ത ലളിതിനെ ഭാനുക രാജപക്സയുടെ കൈകളിലെത്തിച്ച് അർഷ്ദീപ് ആണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. ഋഷഭ് പന്ത് (7), റോവ്മൻ പവൽ (2) എന്നിവർ വേഗം മടങ്ങി. ഇരുവരെയും ലിവിങ്സ്റ്റൺ ആണ് മടക്കിയത്. പന്തിനെ ജിതേഷ് ശർമ്മ സ്റ്റമ്പ് ചെയ്തപ്പോൾ പവലിനെ ശിഖർ ധവാൻ പിടികൂടി.
ഇതിനിടെ 40 പന്തുകളിൽ മിച്ചൽ മാർഷ് ഫിഫ്റ്റി തികച്ചു. ഫിഫ്റ്റിക്ക് പിന്നാലെ കൂറ്റൻ ഷോട്ടുകൾ കളിച്ച താരം ഒടുവിൽ റബാഡയുടെ പന്തിൽ വീണു. 48 പന്തുകളിൽ 4 ബൗണ്ടറിയും 3 സിക്സറും സഹിതം 63 റൺസെടുത്ത താരത്തെ ഋഷി ധവാൻ പിടികൂടുകയായിരുന്നു. ശാർദ്ദുൽ താക്കൂറിനെ (3) അർഷ്ദീപ് ഹർപ്രീത് ബ്രാറിൻ്റെ കൈകളിലെത്തിച്ചു. അക്സർ പട്ടേൽ (17) പുറത്താവാതെ നിന്നു.
Story Highlights: delhi capitals innings punjab kings ipl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here